'യാത്ര പറയാതെ ശ്രീനി മടങ്ങി, വേദനയെ ചിരിയിൽ പകർത്തിയ പ്രിയപ്പെട്ടവൻ'; നൊമ്പരക്കുറിപ്പുമായി മോഹൻലാൽ

ഓരോ മലയാളിക്കും ശ്രീനിയോടുള്ള ആത്മബന്ധവും അങ്ങനെ തന്നെയായിരുന്നല്ലോ

Update: 2025-12-20 08:50 GMT
Editor : Jaisy Thomas | By : Web Desk

കൊച്ചി: എടാ..വിജയാ എന്നു വിളിക്കുമ്പോൾ എന്താടാ ദാസാ എന്ന് മറുവിളി കേൾക്കാൻ ഇനി വിജയനുണ്ടാകില്ല. ഒരുപാട് ഓര്‍മകൾ ബാക്കിയാക്കി വിജയൻ അനശ്വരതയിലേക്ക് മടങ്ങി. ജഗതിയും മോഹൻലാലും പോലും പ്രേക്ഷകര്‍ ആഘോഷിച്ച കൂട്ടുകെട്ടായിരുന്നു ലാലിന്‍റെയും ശ്രീനിയുടേതും.. അവസാന കാലത്ത് പൊതുവേദിയിൽ ഒരുമിച്ച് കണ്ടപ്പോൾ ശ്രീനിവാസനെ ചേര്‍ത്തുപിടിച്ച് മുത്തം കൊടുക്കുന്ന ലാലിനെ മലയാളികൾ ഒരിക്കലും മറക്കില്ല. സിനിമക്കപ്പുറം അത്രയും മുകളിലായിരുന്നു തങ്ങളുടെ സ്നേഹബന്ധമെന്ന് മോഹൻലാൽ പറയുന്നു.

മോഹൻലാലിന്‍റെ കുറിപ്പ്

യാത്ര പറയാതെ ശ്രീനി മടങ്ങി. ശ്രീനിയുമായുള്ള ആത്മബന്ധം വാക്കുകളിൽ എങ്ങനെ ഒതുക്കുമെന്നറിയില്ല. സിനിമയിൽ ഒരുമിച്ചു പ്രവർത്തിച്ചവർ എന്ന നിർവചനത്തിനും എത്രയോ മുകളിലായിരുന്നു ഞങ്ങളുടെ സ്നേഹബന്ധം. ഓരോ മലയാളിക്കും ശ്രീനിയോടുള്ള ആത്മബന്ധവും അങ്ങനെ തന്നെയായിരുന്നല്ലോ. മലയാളി തൻ്റെ സ്വന്തം മുഖം, ശ്രീനി സൃഷ്ടിച്ച കഥാപാത്രങ്ങളിൽ കണ്ടു. സ്വന്തം വേദനകളും സന്തോഷങ്ങളും, ഇല്ലായ്മകളും അദ്ദേഹത്തിലൂടെ സ്ക്രീനിൽ കണ്ടു. മധ്യവർഗ്ഗത്തിൻ്റെ സ്വപ്നങ്ങളും സ്വപ്നഭംഗങ്ങളും ആവിഷ്കരിക്കാൻ ശ്രീനിയെപ്പോലെ മറ്റാർക്ക് കഴിയും. ഞങ്ങൾ ഒന്നിച്ച കഥാപാത്രങ്ങൾ കാലാതീതമായി നിലനിൽക്കുന്നത്.

Advertising
Advertising

ശ്രീനിയുടെ എഴുത്തിലെ മാജിക് ഒന്നുകൊണ്ട് മാത്രമാണ്‌. ദാസനും വിജയനും ഏതൊരു മലയാളിക്കും സ്വന്തം ആളുകളായി മാറിയത് ശ്രീനിയുടെ അനുഗ്രഹീത രചനാവൈഭവം ഒന്നു കൊണ്ടാണ്‌. സമൂഹത്തിൻ്റെ പ്രതിഫലനമായിരുന്നു അദ്ദേഹത്തിൻ്റെ സൃഷ്ടികൾ. വേദനയെ ചിരിയിൽ പകർത്തിയ പ്രിയപ്പെട്ടവൻ. സ്ക്രീനിലും ജീവിതത്തിലും ഞങ്ങൾ ദാസനെയും വിജയനെയും പോലെ ചിരിച്ചും, രസിച്ചും, പിണങ്ങിയും, ഇണങ്ങിയും എക്കാലവും സഞ്ചരിച്ചു.. പ്രിയപ്പെട്ട ശ്രീനിയുടെ ആത്മാവിന്‌ നിത്യശാന്തി നേരുന്നു...

പ്രിയദര്‍ശന്‍റെ കുറിപ്പ്

എല്ലാത്തിനെയും ചിരിയിലൂടെ കണ്ട പ്രിയപ്പെട്ട ശ്രീനി, സ്നേഹം നിറഞ്ഞ ഒരു പുഞ്ചിരി പോലെ മാഞ്ഞു. കഥ അന്വേഷിക്കാൻ ശ്രീനിക്ക് മനുഷ്യ ഹൃദയങ്ങൾ മാത്രം മതിയായിരുന്നു. സ്വയം നോക്കി ചിരിക്കാൻ ശ്രീനിയെപ്പോലെ മറ്റൊരാൾ ഇനിയുണ്ടാവില്ല. ഒന്നിച്ച് സ്വപ്നം കണ്ട് സിനിമയിൽ എത്തിയവരാണ് ഞങ്ങൾ. സിനിമയ്ക്ക് പുറത്തായിരുന്നു ഞങ്ങളുടെ ബന്ധം കൂടുതലും. കഥാചർച്ചകളും, ഇണക്കങ്ങളും, പിണക്കങ്ങളുമായി എത്രയോ പകലും രാത്രികളും. ചിന്തകളിലും പ്രവർത്തികളും പുലർത്തിയിരുന്ന നന്മ, അതായിരുന്നു ശ്രീനിയുടെ വ്യക്തിമുദ്ര. സിനിമ എനിക്ക് സമ്മാനിച്ച, എന്നെ സിനിമ പാഠങ്ങൾ പഠിപ്പിച്ച എൻ്റെ ആത്മസുഹൃത്തിന്‌ വിട.

മഞ്ജു വാര്യര്‍

കാലാതിവർത്തിയാകുക എന്നതാണ് ഒരു കലാകാരന് ഈ ഭൂമിയിൽ അവശേഷിപ്പിക്കാനാകുന്ന ഏറ്റവും മനോഹരമായ അടയാളം. എഴുത്തിലും അഭിനയത്തിലും സംവിധാനത്തിലും ശ്രീനിയേട്ടന് അത് സാധിച്ചു. അങ്ങനെ, ഒരുതരത്തിൽ അല്ല പലതരത്തിലും തലത്തിലും അദ്ദേഹം കാലത്തെ അതിജീവിക്കുന്നു. വ്യക്തിപരമായ ഓർമകൾ ഒരുപാട്. എന്തുപറഞ്ഞാലും അവസാനം ഒരു ഉച്ചത്തിലുള്ള ചിരിയിൽ അവസാനിപ്പിക്കുന്ന ശ്രീനിയേട്ടൻ ഇതാദ്യമായി എന്നെ കരയിപ്പിക്കുകയാണ്. പക്ഷേ ഇല്ലാതാകുന്നത് ഒരു ശരീരം മാത്രമാണെന്നും ആ പേര് ഇനിയും പല കാലം പലതരത്തിൽ ഇവിടെ ജീവിക്കും എന്നും വിശ്വസിച്ചു കൊണ്ട് അന്ത്യാഞ്ജലി.

കാവ്യ മാധവന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ട ശ്രീനിയങ്കിളിന് വിട, എന്റെ ആദ്യ ചിത്രം മുതൽ ഒരു രക്ഷിതാവിനെപ്പോലെ എനിക്കൊപ്പമുണ്ടായിരുന്നു ശ്രീനിയങ്കിൾ. ജീവിതത്തിൽ എല്ലായ്‌പ്പോഴും കരുതലും സ്നേഹവും നൽകിയ ആ മറക്കാനാവാത്ത ഓർമ്മകൾക്ക് മുന്നിൽ കണ്ണീർ പ്രണാമം

ലിജോ ജോസ് പെല്ലിശ്ശേരി

ആധുനിക മലയാള സിനിമയുടെ നർമം തുടങ്ങിയത് ദേ... ഈ മുഖത്ത് നിന്നാണ് . അതെല്ലാക്കാലവും ഇവിടെയുണ്ടാകും. നന്ദി ശ്രീനിയേട്ടാ ..ഒരായിരം നന്ദി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News