ഇസ്രയേലിനെ പ്രകീര്‍ത്തിച്ചും പുകഴ്ത്തിയും മണിഹെയ്സ്റ്റ് താരങ്ങള്‍: സീരീസ് ബഹിഷ്കരിക്കാന്‍ ട്വിറ്ററില്‍ ആഹ്വാനം

അതെ സമയം ഫലസ്തീനെ അനുകൂലിച്ച് പരസ്യമായി രംഗത്തുവന്ന സീരീസിലെ മറ്റൊരു താരം ആല്‍ബ ഫ്ലോറസിനോട്(നൈറോബി) സഹ താരങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ആവശ്യപ്പെട്ടും നിരവധി പേര്‍ ട്വീറ്റ് ചെയ്തു

Update: 2021-09-10 11:03 GMT
Editor : ijas

ഇസ്രായേലിനെ പ്രകീര്‍ത്തിച്ചും പുകഴ്ത്തിയും ടെലിവിഷന്‍ അഭിമുഖത്തില്‍ സംസാരിച്ച മണിഹെയ്സ്റ്റ് താരങ്ങള്‍ക്കെതിരെ ട്വിറ്ററില്‍ രൂക്ഷ വിമര്‍ശനം. ഇസ്രയേലില്‍ നിന്നും സംപ്രേഷണം ചെയ്യുന്ന ചാനല്‍ 12 ആണ് മണിഹെയ്സ്റ്റ് താരങ്ങളുമായി അഭിമുഖം നടത്തിയത്. അഭിമുഖ സംഭാഷണത്തിനിടെയാണ് സീരിസില്‍ ഹെല്‍സിങ്കി, ബൊഗോട്ട, അര്‍തൂറോ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രധാന താരങ്ങള്‍ ഇസ്രയേലിനെ പ്രകീര്‍ത്തിച്ച് സംസാരിച്ചത്.

''ഇസ്രയേലിലേക്കുള്ള മുന്‍ സന്ദര്‍ശനങ്ങളെല്ലാം അതിശയിപ്പിക്കുന്ന അനുഭവമാണ് സമ്മാനിച്ചത്. ഇനിയും ഇസ്രയേലിലേക്ക് മടങ്ങി വരാനാകുമെന്ന് പ്രതീക്ഷിക്കുന്നു, എനിക്കറിയാം ഞങ്ങള്‍ക്ക് ഒരുപാട് ആരാധകര്‍ അവിടെയുണ്ടെന്ന്. അവര്‍(ഇസ്രയേലികള്‍) വിസ്മയിപ്പിക്കുന്ന ജനതയാണ്''; ഹെല്‍സിങ്കിയെ അവതരിപ്പിച്ച ഡാര്‍ക്കോ പെറിച്ച് പറഞ്ഞു.

Advertising
Advertising

''തീർച്ചയായും ഞാന്‍ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇസ്രയേൽ. എനിക്ക് ടെൽ അവീവിൽ നിന്നുള്ള ഒരു സുഹൃത്ത് ഉണ്ട്. ഞാൻ ശരിക്കും വരാൻ ആഗ്രഹിക്കുന്നു. ഇസ്രയേലിനെക്കുറിച്ച് ഞാൻ അത്ഭുതകരമായ കാര്യങ്ങൾ കേട്ടിട്ടുണ്ട്''; അര്‍തൂറേയെ അവതരിപ്പിച്ച എന്‍ റിക്കേ ആര്‍സി പറഞ്ഞു. ഇസ്രയേലില്‍ നിന്നും നിര്‍മിച്ച് നെറ്റ്ഫ്ലിക്സ് പുറത്തിറക്കുന്ന ഫൗദ സീരീസിനെയും താരങ്ങള്‍ പുകഴ്ത്തി.



അതിനിടെ അഭിമുഖ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ സീരിസ് ബഹിഷ്കരിക്കാന്‍ ആവശ്യപ്പെട്ട് നിരവധി പേരാണ് ട്വിറ്ററില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിട്ടുള്ളത്. ഫലസ്തീനി ജനതയുടെ പോരാട്ടങ്ങളെ മോശമായി ചിത്രീകരിക്കുന്നതാണ് താരങ്ങളുടെ നിലപാടെന്നും ഐ.എം.ഡി.ബിയിലടക്കം സീരീസിന് റേറ്റിങ് കുറച്ച് നല്‍കി പ്രതികരിക്കണമെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു.

ഇതാദ്യമായല്ല മണിഹെയ്സ്റ്റ് താരങ്ങള്‍ ഫലസ്തീനിനെതിരെ നിലപാട് സ്വീകരിക്കുന്നത്. ഇതിനു മുമ്പ് 2019ല്‍ ഡെന്‍വറിന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ച ഐമി ലോറന്‍റേയും ഇസ്രയേലിനെ പുകഴ്ത്തി രംഗത്തുവന്നിരുന്നു.

അതെ സമയം ഫലസ്തീനെ അനുകൂലിച്ച് പരസ്യമായി രംഗത്തുവന്ന സീരീസിലെ മറ്റൊരു താരം ആല്‍ബ ഫ്ലോറസിനോട്(നൈറോബി) സഹ താരങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ആവശ്യപ്പെട്ടും നിരവധി പേര്‍ ട്വീറ്റ് ചെയ്തു. ഗസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ 248 പേര്‍ കൊല്ലപ്പെട്ട കഴിഞ്ഞ മെയിലാണ് ആല്‍ബ ഫ്ലോറസ് ഫലസ്തീന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. 'തന്‍റെ എല്ലാ പിന്തുണയും ഫലസ്തീനി ജനതക്കാണ്'-എന്നാണ് ആല്‍ബ ട്വീറ്റ് ചെയ്തിരുന്നത്. 

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News