റസ്ലിങ് റിങ്ങിലെ പോരാട്ട കഥയുമായി ചത്താ പച്ച; ചിത്രീകരണം തുടങ്ങി
നവാഗതനായ അദ്വൈത് നയ്യാർ സംവിധാനം ചെയ്യുന്ന ചത്താ പച്ചയുടെ നിർമാണം റീൽ വേൾഡ് എന്റർടെയിൻമെന്റിന്റെ ബാനറിൽ രമേശ് ആൻഡ് റിതേഷ് എസ് രാമകൃഷ്ണൻ, ഷൗക്കത്ത് അലി, ഷിഹാൻ ഷൗക്കത്ത് എന്നിവർ ചേർന്നാണ് നിർവഹിക്കുന്നത്
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചത്താ പച്ച: റിംഗ് ഓഫ് റൗഡീസ്സിന്റെ ചിത്രീകരണം ഫോർട്ട് കൊച്ചിയിൽ തുടങ്ങി. മലയാളത്തിൽ ആദ്യമായി ഡബ്ല്യു.ഡബ്ല്യു.ഇ.(WWE)-സ്റ്റൈയിലിൽ ഒരുക്കുന്ന ആക്ഷൻ-എന്റർടെയ്നർ ചിത്രമാണ് ചത്താ പച്ച. നവാഗത സംവിധായകനായ അദ്വൈത് നയ്യാറാണ് സംവിധാനം. ഫോർട്ട് കൊച്ചിയുടെ സാംസ്കാരികമൂല്യങ്ങളും, പ്രാദേശിക സവിശേഷതകളും, ഡബ്ല്യു.ഡബ്ല്യു.ഇ-സ്റ്റൈൽ ഗുസ്തിയുടെ തനത് ത്രില്ലും ഡ്രാമയും നർമവും നിറഞ്ഞൊരു ചിത്രമായിരിക്കും ചത്ത പച്ച.
രമേശ് ആൻഡ് റിതേഷ് എസ് രാമകൃഷ്ണൻ, ഷൗക്കത്ത് അലി, കാൻ ഫിലിം ഫെസ്റ്റിവൽ ജേതാവും ഈ ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസറും കൂടിയായ ചലച്ചിത്ര നിർമാതാവ് ഷിഹാൻ ഷൗക്കത്തും ചേർന്ന് സ്ഥാപിച്ച റീൽ വേൾഡ് എന്റർടെയിൻമെന്റ് എന്ന ബാനറിൽ നിർമിക്കുന്ന ചിത്രമാണ് ‘ചത്താ പച്ച: റിംഗ് ഓഫ് റൗഡീസ്.’ റീൽ വേൾഡിനോടൊപ്പം മമ്മൂട്ടി കമ്പനിയുടെ എംഡി ജോർജ് സെബാസ്റ്റിയനും, സുനിൽ സിങ്ങും ചിത്രത്തിന് വേണ്ടി കൈകോർക്കുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശസ്ത ഛായാഗ്രാഹകനായ ആനന്ദ് സി ചന്ദ്രനാണ് നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ സനൂപ് തൈക്ക്കുടം. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് തുടങ്ങിയവർ ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളാകുന്നു. പ്രശസ്ത സംഗീതസംവിധായകരായ ശങ്കർ-എഹ്സാൻ- ലോയ് ടീം ചത്താ പച്ചയിലൂടെ ആദ്യമായി മലയാള സിനിമയിലേക്കെത്തുന്നു. ഗാനങ്ങൾ രചിച്ചത് വിനായക് ശശികുമാറും, പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് മുജീബ് മജീദുമാണ്. ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് പ്രവീൺ പ്രഭാകറാണ്. മെൽവി ജെ ആണ് വസ്ത്രാലങ്കാരം. റോണക്സ് സേവ്യറിന്റെ മേക്കപ്പിൽ വരുന്ന ചത്താ പച്ചയുടെ കല സംവിധാനം ചെയ്തിരിക്കുന്നത് സുനിൽ ദാസാണ്. ആക്ഷന് ഒരുപാട് പ്രാധാന്യം ഉള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി നിർവഹിക്കുന്നത് കലൈ കിങ്‌സനാണ്. ആരിഷ് അസ്ലമും ജിബിൻ ജോണുമാണ് ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ്. പ്രശാന്ത് നാരായണനാണ് പ്രൊഡക്ഷൻ കൺട്രോളർ.