'നീ പോടാ, ഇത് ഞാനാടാ'; അല്ലു അർജുൻ ചിത്രം പുഷ്പയിലെ പുതിയ ഗാനം പുറത്തിറങ്ങി

ചിത്രത്തിൽ മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിൽ വില്ലനായി എത്തുന്നുണ്ട്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് പുഷ്പ.

Update: 2021-11-19 10:59 GMT
Editor : abs | By : Web Desk
Advertising

അല്ലു അർജുൻ ചിത്രം 'പുഷ്പ'യിലെ മലയാള ഗാനം പുറത്തിറങ്ങി. 'നീ പോടാ, ഇത് ഞാനാടാ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചയിതാവ് സിജു തുറവൂരാണ്. ശ്രീ ദേവി പ്രസാദ് ഈണമിട്ട ഗാനം പാടിയിരിക്കുന്നത് രഞ്ജിത്. പ്രതീക്ഷ തെറ്റാതെ അല്ലുവിൽ നിന്നും ഫാസ്റ്റ് നമ്പർ ആണ് ഇക്കുറിയും വന്നത്.

ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയില്‍ വില്ലനായി മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിൽ എത്തുന്നുണ്ട്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് പുഷ്പ. കള്ളക്കടത്തുക്കാരനും ട്രക്ക് ഡ്രൈവറുമായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജ്ജുന്‍ അവതരിപ്പിക്കുന്നത്.

ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്. അല്ലുവിന്റെ നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്. ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് രശ്മിക ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജഗപതി ബാബു, പ്രകാശ് രാജ്, ധനന്‍ജയ്, സുനില്‍, ഹാരിഷ് ഉത്തമന്‍, വെണ്ണില കിഷോര്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളിലെത്തുന്നത്. 

മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം എത്തുക. മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ദേവി ശ്രീ പ്രസാദാണ്  സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. പി.ആര്‍.ഒ.- ആതിര ദില്‍ജിത്ത്.


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News