ഉർവശി - ഇന്ദ്രൻസ് കോംബോ കുടുംബ പ്രേക്ഷകർ സ്വീകരിക്കുമെന്ന് പ്രതീക്ഷ; "ജലധാര" സംവിധായകൻ സംസാരിക്കുന്നു

കഥ എഴുതിയത് എന്റെ സുഹൃത്ത് കൂടെയായ സനു കെ ചന്ദ്രനാണ്. അദ്ദേഹത്തിന് പരിചയമുള്ള അധ്യാപികയുടെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവത്തെയാണ് ഇതിൽ കഥയാക്കിയിരിക്കുന്നത്.

Update: 2023-08-16 12:15 GMT
Editor : André | By : Athulya Murali

മലയാള സിനിമയിൽ സമീപകാലത്ത് ഇറങ്ങിയ കോർട്ട് റൂം ഡ്രാമ ചിത്രങ്ങളെല്ലാം വൻതോതിൽ സ്വീകരിക്കപ്പെട്ടിരുന്നു. ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ നമ്മുടെ വ്യവസ്ഥയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്ന "ജലധാര പമ്പ്‍സെറ്റ് 1962" എന്ന ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യുകയാണ്. പുതുമുഖം ആശിഷ് ചിന്നപ്പയാണ് ചിത്രത്തിന്റെ സംവിധായകൻ.

സിനിമയുടെ വിശേഷങ്ങളും പ്രതീക്ഷകളും ആശിഷ് ചിന്നപ്പ മീഡിയവണ്ണുമായി പങ്കുവെക്കുന്നു.

"ജലധാര പമ്പ്‍സെറ്റ് 1962" നാളെ റിലീസ് ചെയ്യുകയാണല്ലോ. പേരിൽ തന്നെ ഒരു കൌതുകം ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്നാണ് മനസ്സിലാകുന്നത്. ശരിക്കും എന്താണ് ഈ ചിത്രം?

"ജലധാര പമ്പ് സെറ്റ് 1962 "ശരിക്കും ഒരു റിയൽ സ്റ്റോറി ആണ്. കഥ എഴുതിയത് എന്റെ സുഹൃത്ത് കൂടെയായ സനു കെ ചന്ദ്രനാണ്. അദ്ദേഹത്തിന് പരിചയമുള്ള അധ്യാപികയുടെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവത്തെയാണ് ഇതിൽ കഥയാക്കിയിരിക്കുന്നത്. ആ അധ്യാപകയുടെ ക്യാരക്ടർ ആണ് ഉർവശി ചേച്ചി പടത്തിൽ അവതരിപ്പിക്കുന്നത്. തികച്ചും ഒരു ഫാമിലി കോമഡി എന്റർടൈനർ മൂവിയാണ്.

താങ്കളുടെ ആദ്യ ചിത്രമാണല്ലോ?

അതെ. ഇതെന്റെ ആദ്യത്തെ മൂവിയാണ്. വളരെ നല്ല അനുഭവമായിരുന്നു. ഇതിനുമുമ്പ് ഷോർട്ട് മൂവിസ് സംവിധാനം ചെയ്തിട്ടുണ്ട്. 

ആദ്യചിത്രത്തിൽ തന്നെ ഉർവശി ചേച്ചിയെ പോലുള്ള സീനിയർ ആർട്ടിസ്റ്റിന്റെ കൂടെ വർക്ക് ചെയ്യാൻ കഴിഞ്ഞത് തന്നെ ഭാഗ്യമാണ്. കൂടാതെ ഇന്ദ്രൻസ് ചേട്ടൻ, ജോണി ആന്റണി എന്നിവരുടെ കൂടെ വർക്ക് ചെയ്തതും നല്ലൊരു അനുഭവമായിരുന്നു. നല്ല രീതിയിൽ ഷൂട്ട് ചെയ്ത് തീർക്കാനും സാധിച്ചു. എന്തു കൊണ്ടും സന്തോഷം ആയിരുന്നു.

'ജലധാര പമ്പ് സെറ്റ് സിൻസ് 1962' ട്രയിലറിന് കുറച്ചു ദിവസത്തിനകം തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഈ സ്വീകാര്യത തിയറ്ററിൽ ചിത്രത്തിനും ലഭിക്കുമെന്ന് കരുതുന്നുണ്ടോ?

ട്രെയിലറിന് നല്ല പ്രതികരണമാണ് ലഭിച്ചത്. പാലക്കാട് കൊല്ലങ്കോടായിരുന്നു സിനിമ ലൊക്കേഷൻ. അത് പടത്തിന് നന്നായി ഗുണം ചെയ്തിട്ടുണ്ട്. കൂടാതെ ഉർവശി - ഇന്ദ്രൻസ് കോമ്പിനേഷൻ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല. അവർ ഒരേ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഈ ചിത്രത്തിലേതു പോലെ ഒരു ഉടനീള കോമ്പിനേഷൻ സീൻ വന്നിട്ടില്ല. അതാണ് ഈ പടത്തിന്റെ മെയിൻ ഹൈലൈറ്റ്. സാധാരണ റിയലിസ്റ്റിക് മൂവിയെ പോലെയല്ല ഇതിന്റെ ചിത്രീകരണം. എല്ലാ കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു കോമഡി എന്റർടൈനർ ആണ് 'ജലധാര പമ്പ് സെറ്റ് സിൻസ് 1962'.

കോർട്ട് റൂം ആക്ഷേപഹാസ്യമാണല്ലോ ചിത്രത്തിന്റെ ജോണർ. ഇങ്ങനെ ഒരു സബ്ജക്ടും ട്രീറ്റ്മെന്റും തെരഞ്ഞെടുക്കാനുള്ള കാരണം?

ഒരു പമ്പ് സെറ്റ് മോഷണമാണ് ഈ സിനിമയുടെ പ്രമേയം. പമ്പ് സെറ്റ് മോഷണം പോയെന്ന രീതിയിൽ ഒരു അധ്യാപക കേസ് കൊടുക്കുന്നു. എന്നാൽ ഈ ചെറിയ കേസിൽ പോലും നമ്മുടെ ജുഡീഷ്യറി സിസ്റ്റത്തിന്റെ ഡിലേ മിക്കവാറും അഞ്ചും പത്തും വർഷമായിരിക്കും. എത്രയോ കാലം കോടതി കയറി ഇറങ്ങേണ്ടി വരും. ജുഡീഷ്യറി സിസ്റ്റത്തിലെ ഈ ഡിലേയാണ് ആക്ഷേപഹാസ്യത്തിലൂടെ ഡ്രാമ ഫീലിൽ ഈ സിനിമയിൽ കാണിക്കുന്നത്.

കുടുംബ പ്രേക്ഷകർക്ക് നന്നായി ആസ്വദിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് അണിയറ പ്രവർത്തകരായ ഞങ്ങൾക്കുള്ളത്. എല്ലാവർക്കും ധൈര്യമായി കയറാവുന്ന വിധത്തിലാണ് ചിത്രം ഒരുക്കാൻ ഞങ്ങൾ ശ്രദ്ധിച്ചിട്ടുള്ളത്.

 

വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ജലധാര പമ്പ്സെറ്റ് സിൻസ് 1962 ന്റെ ട്രെയിലർ ജനപ്രിയ നായകൻ ദിലീപ് ആണ് പുറത്തിറക്കിയത്. ദിലീപിനു പുറമെ ഇന്ദ്രജിത്ത്, ആസിഫ് അലി, ആന്റണി വർഗീസ്, ലാൽ ജോസ്, സുരാജ് വെഞ്ഞാറമ്മൂട്, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയ സെലിബ്രിറ്റികളും ട്രെയിലർ പ്രേക്ഷകരിലെത്തിച്ചിരുന്നു.

ഉർവശിയും ഇന്ദ്രൻസും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ സാഗർ, ജോണി ആൻ്റണി, ടി ജി രവി, വിജയരാഘവൻ, അൽത്താഫ്, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, സജി ചെറുകയിൽ, കലാഭവൻ ഹനീഫ്, തങ്കച്ചൻ വിതുര, വിഷ്ണു ഗോവിന്ദൻ, സനുഷ, നിഷ സാരംഗ്, അഞ്ജലി സുനിൽകുമാർ, സ്നേഹ ബാബു, ഷൈലജ അമ്പു, നിത കർമ്മ തുടങ്ങിയ മികച്ചൊരു താരനിര തന്നെയുണ്ട്.പ്രജിൻ എം പി, ആഷിഷ് ചിന്നപ്പ എന്നിവർ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ സനു കെ ചന്ദ്രന്റേതാണ്. സജിത്ത് പുരുഷൻ ഛായാഗ്രഹണവും കൈലാസ്  സംഗീതസംവിധാനവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു. എഡിറ്റർ - രതിൻ രാധാകൃഷ്ണൻ, ആർട്ട് – ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ - ബിജു കെ തോമസ്, മേക്കപ്പ് – സിനൂപ് രാജ്, ഗാനരചന – ബി കെ ഹരിനാരായണൻ, മനു മഞ്ജിത്ത്, കോസ്റ്റ്യൂം – അരുൺ മനോഹർ,  സൗണ്ട് ഡിസൈൻ - ധനുഷ് നായനാർ, ഓഡിയോഗ്രാഫി – വിപിൻ നായർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - രാജേഷ് അടൂർ, കാസ്റ്റിംഗ് ഡയറക്ടർ - ജോഷി മേടയിൽ, കൊറിയോഗ്രാഫി - സ്പ്രിംഗ് , വി എഫ് എക്‌സ് – ശബരീഷ് (ലൈവ് ആക്ഷൻ സ്റ്റുഡിയോസ്), പി ആർ ഒ – ഏ എസ് ദിനേഷ്, ആതിര ദിൽജിത്ത്, ട്രെയിലർ കട്ട് - ഫിൻ ജോർജ് വർഗീസ്, സ്റ്റിൽ - നൗഷാദ് കണ്ണൂർ, ഡിസൈൻ - മാ മി ജോ, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ.

Tags:    

Writer - André

contributor

Editor - André

contributor

By - Athulya Murali

contributor

Similar News