ജോജു ജോർജ് സ്റ്റാറായ സിനിമ ഇനി ഹിന്ദിയിലും തെലുങ്കിലും

ഡോമിൻ ഡി സിൽവ സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജ് അതിഥി വേഷത്തിൽ എത്തിയിരുന്നു

Update: 2021-11-01 12:54 GMT
Advertising

ജോജു ജോർജ് നായകനായ സ്റ്റാർ സിനിമ ഇനി ഹിന്ദിയിലും തെലുങ്കിലും പുറത്തിറക്കും. സ്റ്റാർ മൂവിയെന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വിവരം പുറത്തുവിട്ടത്. സുവിൻ തിരക്കഥയെഴുതി, ഡോമിൻ ഡി സിൽവ സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജ് അതിഥി വേഷത്തിൽ എത്തിയിരുന്നു. കനൽ സിനിമയിലൂടെ ശ്രദ്ധ നേടിയ നടി ഷീലു എബ്രഹാമായിരുന്നു നായിക. ജാഫർ ഇടുക്കി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. കോവിഡിന് ശേഷം തിയറ്ററിലെത്തിയ ആദ്യ മലയാള ചിത്രമാണ് 'സ്റ്റാർ' ബേർസ്റ്റ് ഓഫ് മിത്ത്‌സ്. ഒക്‌ടോബർ 29 മുതലാണ് പ്രദർശനം തുടങ്ങിയത്. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യുവാണ് ചിത്രം നിർമിച്ചിരുന്നത്. സൂപ്പർ ഹിറ്റ് ബാനർ മാജിക് ഫ്രെയിംസ് ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം വിതരണം ചെയ്യുന്നത്.

സ്റ്റാർ സിനിമയെ മോശമായി ചിത്രീകരിച്ചതിന്റെ പേരിൽ ഏരീസ് മൾട്ടിപ്ലെക്‌സിന് സിനിമകൾ വിലക്കിയിരുന്നു. സിനിമക്ക് വേണ്ടി വിലപേശരുതെന്നും വേസ്റ്റ് സിനിമയാണെന്നുമായിരുന്നു തിയറ്റർ കോംപ്ലക്‌സ് ഉടമ ജോയ് എം. പിള്ള തിയറ്റർ ഉടമകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലിട്ട ഓഡിയോ സന്ദേശം. പിള്ളയുടെ എസ് എൽ തിയറ്റർ ഏരീസ് ഗ്രൂപ്പ് ഉടമ സോഹൻ റായ് പാട്ടത്തിനെടുത്ത് അത്യാധുനിക തിയറ്ററാക്കുകയായിരുന്നു.

മലയാള സിനിമകളുടെ റിലീസിങ് സംബന്ധിച്ച ആശങ്കകൾ ഫിലിം ചേംബർ യോഗത്തിൽ പരിഹരിക്കപ്പെട്ടതോടെയാണ് വെള്ളിയാഴ്ച മുതൽ റിലീസിങ് തുടങ്ങിയത്. സിനിമ സംഘടനകൾ മുന്നോട്ട് വെച്ച ആവശ്യങ്ങൾ ഉടൻ തന്നെ പരിഹരിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. ഇടവേളക്ക് ശേഷം തീയറ്ററുകൾ തുറന്നപ്പോൾ ഹോളിവുഡ് സിനിമകളാണ് ആദ്യദിനം പ്രദർശനത്തിനെത്തിയത്. പകുതി സീറ്റുകളിൽ ആയിരുന്നു പ്രവേശനം. രണ്ട് ഡോസ് വാക്സിൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കാണികളെ തീയേറ്ററുകളിലേക്ക് പ്രവേശിപ്പിച്ചത്. ഷോയ്ക്ക് മുൻപുതന്നെ തീയറ്ററുകളിൽ അണുനശീകരണം നടത്തിയിരുന്നു. ആദ്യ ഷോ കാണാൻ കാണികൾ കുറവായിരുന്നു. ആറു മാസങ്ങൾക്ക് ശേഷം തിയറ്ററുകളിലെത്തി സിനിമ കാണാനായതിന്റെ ആവേശത്തിലായിരുന്നു പ്രേക്ഷകർ.


Full View

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News