ബറോസിൽ നിന്നും പിന്മാറി പൃഥ്വിരാജ്

നിധികാക്കുന്ന ഭൂതത്തിന്റെയും ഒരു കൊച്ചു പെൺകുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥ പറയുകയാണ് ബറോസ്

Update: 2021-12-27 10:45 GMT
Editor : afsal137 | By : Web Desk

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രം ബറോസിൽ നിന്നും പൃഥ്വിരാജ് സുകുമാരൻ പിന്മാറി. ഡേറ്റ് പ്രശ്‌നങ്ങളെ തുടർന്നാണ് ബറോസിൽ നിന്നുള്ള താരത്തിന്റെ പിന്മാറ്റം. ഷാജി കൈലാസ് ചിത്രം 'കടുവ'യുടെ ചിത്രീകരണ വേളയിലാണ് താരമിപ്പോൾ. ശേഷം ബ്ലെസി സംവിധാനം ചെയ്യുന്ന ആടു ജീവിതത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് കടക്കും. താരത്തിന്റെ ശരീര പ്രകൃതിയിൽ മാറ്റം വരുത്തേണ്ടതിനാൽ ആടു ജീവിതത്തിനായി കൂടുതൽ സമയം മാറ്റിവെക്കേണ്ടി വരുമെന്നത് ബറോസിന് തിരിച്ചടിയായി.

ഈ വർഷം ആദ്യ പകുതിയിൽ കോവിഡിനെ തുടർന്ന് ബറോസിന്റെ ചിത്രീകരണം മാറ്റിവെക്കേണ്ടി വന്നിരുന്നു. പിന്നീട് രണ്ടാം ലോക്ക്ഡൗണിന് മുമ്പായാണ് ചിത്രീകരണം കൊച്ചിയിൽ പുനരാരംഭിച്ചത്. വീണ്ടും ഇടവേളകൾ വന്നതിനെ തുടർന്ന് ചിത്രീകരണം മാറ്റിവെക്കുകയായിരുന്നു.ഇതുവരെ ഷൂട്ട് ചെയ്ത രംഗങ്ങളിൽ ചിലത് റീഷൂട്ട് ചെയ്യേണ്ടി വരുമെന്ന് സംവിധായകനായെത്തുന്ന മോഹൻലാൽ അറിയിച്ചിരുന്നു. ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തുന്ന കുട്ടിയുടെ ശരീര പ്രകൃതിയിൽ മാറ്റം വന്നതാണ് റീഷൂട്ടിനുള്ള പ്രധാന കാരണം. നിധികാക്കുന്ന ഭൂതത്തിന്റെയും ഒരു കൊച്ചു പെൺകുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥ പറയുകയാണ് ബറോസ്. ചിത്രത്തിൽ ബറോസെന്ന ഭൂതമായെത്തുന്നത് മലയാളികളുടെ പ്രിയ താരം മോഹൻലാൽ തന്നെയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

Advertising
Advertising

വിദേശിയായ ഷെയ്‌ല മാക് കഫ്രിയെയാണ് ചിത്രത്തിലെ കൊച്ചുപെൺകുട്ടിയുടെ കഥാപാത്രമായി ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ചിത്രീകരണം പുനരാരംഭിച്ചപ്പോൾ ഷെയ്‌ല ടീമിനൊപ്പം ഉണ്ടായിരുന്നില്ല. പിന്നീട് റീഷൂട്ട് ചെയ്യാൻ തീരുമാനിച്ചപ്പോൾ കുട്ടിയുടെ പ്രായവും വളർച്ചയും കഥാപാത്രത്തിന് വെല്ലുവിളിയായി. ഇനി ഷെയ്‌ലക്ക് പകരം ചെറിയ പെൺകുട്ടിയായി എത്തുക മുംബൈ സ്വദേശിയായ മായയായിരിക്കും.പ്രതാപ് പോത്തൻ, വിദേശ നടി പാസ് വേഗ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. മൈഡിയർ കുട്ടിച്ചാത്തന്റെ സൃഷ്ടാവ് ജിജോ പുന്നൂസ് രചന നിർവഹിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് സന്തോഷ് ശിവനാണ്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News