രണ്ടാംവാരത്തിലും പുണ്യാളൻ വൈബിൽ തിയേറ്ററുകൾ

മെസപ്പൊട്ടോമിയയിലെ ഒരു രാജാവും അദ്ദേഹത്തിന്‍റെ ഉടവാളും ഇലാഹി രാജവംശത്തിന്‍റെ ചരിത്രവും ഐതിഹ്യവും പറഞ്ഞാണ് സിനിമ തുടങ്ങുന്നത്.

Update: 2025-01-17 10:32 GMT
Editor : geethu | Byline : Web Desk

കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഉള്‍പ്പെടെ ഏത് പ്രായത്തിലുള്ളവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഫാമിലി ഫാന്‍റസി സസ്പെൻസ് ത്രില്ലറായെത്തി തിയേറ്ററുകള്‍ നിറച്ചിരിക്കുകയാണ് 'എന്ന് സ്വന്തം പുണ്യാളൻ'. ഏറെ രസകരമായൊരു കഥയും കഥാപാത്രങ്ങളും ചേർത്തുവെച്ച് പ്രേക്ഷകരുടെ മനസ്സ് നിറയ്ക്കുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ് നവാഗത സംവിധായകനായ മഹേഷ് മധു.

ഒരു പൊൻകുരിശും അതിനെ ചുറ്റിപറ്റിയുള്ള നിഗൂഢതകളുമായി എത്തിയിരിക്കുന്ന ചിത്രത്തിൽ ഫാ. തോമസ് ചാക്കോ എന്ന കൊച്ചച്ചന്‍റെ ജീവിതം മുൻനിർത്തിയാണ് സിനിമയുടെ ഭൂരിഭാഗവും മുന്നോട്ടുപോവുന്നത്. മറ്റ് കഥാപാത്രങ്ങളെല്ലാം ഈ കഥാപാത്രത്തിന്‍റെ ജീവിതത്തിലേക്ക് വന്ന് ചേരുന്നതായാണ് ചിത്രത്തിലുള്ളത്.

Advertising
Advertising

മെസപ്പൊട്ടോമിയയിലെ ഒരു രാജാവും അദ്ദേഹത്തിന്‍റെ ഉടവാളും ഇലാഹി രാജവംശത്തിന്‍റെ ചരിത്രവും ഐതിഹ്യവും ഒക്കെയായി കൗതുകമുണർത്തുന്ന രീതിയിലാണ് സിനിമയുടെ ആരംഭം. പിന്നീട് കേരളത്തിലെ ഒരു ഗ്രാമത്തിലേക്ക് കഥയെത്തുകയാണ്. അവിടെ കിഴക്കേ പൊട്ടൻകുഴിയിൽ ചാക്കോയുടെ ചില സങ്കടങ്ങളിലേക്കാണ് പിന്നീട് പ്രേക്ഷകരെ കൊണ്ടുപോകുന്നത്. വീട് നിറയെ പെൺമക്കളാണ് കിഴക്കേ പൊട്ടൻകുഴിയിൽ ചാക്കോയ്ക്ക്. ഒരു ആൺകുട്ടിക്കുവേണ്ടി ചാക്കോയും ഭാര്യയും നടത്താത്ത നേർച്ചകാഴ്ചകളില്ല. ഒടുവിൽ സിദ്ധ വൈദ്യൻ മുനിയാണ്ടി വൈദ്യരുടെ സ്പെഷ്യൽ ലേഹ്യം സേവിച്ചതോടെ കാത്തിരിപ്പിന് അവസാനമായി. ആറ്റുനോറ്റിരുന്ന് ഒരു ആൺതരി പിറന്നപ്പോൾ മകനെ സെമിനാരിയിൽ അയച്ച് പഠിപ്പിക്കാം എന്ന നേർച്ചയായിരുന്നു ചാക്കോയുടെ ഭാര്യ നേർന്നത്. അങ്ങനെ തോമസ് ചാക്കോ എന്ന കുട്ടി വളർന്ന് വലുതാകുന്നതും തുടർ സംഭവങ്ങളുമൊക്കെയായി ആദ്യാവസാനം നർമവും സസ്പെൻസും ഫാന്‍റസിയും ഒക്കെ നിറച്ച് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ത്രെഡാണ് സിനിമയുടേത്. ആദ്യ വാരത്തിലെ പോലെ തന്നെ രണ്ടാം വാരത്തിലും തിയേറ്റരിൽ പ്രേക്ഷകരുടെ തിരക്കാണ്, ഒറ്റക്ക് അല്ല കുടുംബസമേതം പ്രേക്ഷകർ തിയേറ്ററിൽ എത്തുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്

സാംജി എം ആന്‍റണി കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ അർജുൻ അശോകനും ബാലു വർ​ഗീസും അനശ്വര രാജനും മത്സരിച്ചഭിനയിച്ചിരിക്കുകയാണ്. പ്രായഭേദമെന്യേ ഏവർക്കും ഏറെ രസകരമായി ചെറിയ സസ്പെൻസും ഫാന്‍റസിയും ഒക്കെയായി കണ്ടിരിക്കാവുന്നൊരു സിനിമയാണെന്നാണ് പ്രേക്ഷകാഭിപ്രായം. കുടുംബപ്രേക്ഷകരുടെ പൾസറിഞ്ഞ് ഒരുക്കിയിരിക്കുന്ന ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിലാണ് പ്രദർശനം തുടരുന്നത്. ആദ്യ ശ്രമത്തിൽ തന്നെ ഫാമിലിയുടെ പള്‍സറിഞ്ഞ് സിനിമയൊരുക്കുന്നതിൽ മഹേഷ് വിജയിച്ചിട്ടുണ്ടെന്ന് പറയാം. വലിയ ബഹളങ്ങളൊന്നും ഇല്ലാതെയെത്തിയ ചിത്രം തിയേറ്ററുകളിൽ സൈലന്‍റ് ഹിറ്റടിക്കുമെന്നാണ് ആദ്യ ദിനങ്ങളിൽ അനുഭവപ്പെടുന്ന തിരക്ക് സൂചിപ്പിക്കുന്നത്.

ഫാ. തോമസ് ചാക്കോ എന്ന പള്ളീലച്ചൻ വേഷത്തിൽ ബാലു മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. ഇഷ്ടമില്ലാതെ അച്ചനാകാൻ പോകുന്നതിന്‍റെ വ്യസനവും അച്ചനായ ശേഷവും ജീവിതത്തിൽ ഒന്നും ചെയ്യാനാകാതെ പോകുന്നതിന്‍റെ നിരാശയും താനറിയാതെ ചില പ്രശ്നങ്ങളിൽ പെട്ടുപോവുന്നതിന്‍റെ ഭയവും ഒക്കെയായി സമ്മിശ്ര വികാരങ്ങള്‍ മിന്നിമറയുന്ന വേഷം ബാലു പ്രേക്ഷകരെ പിടിച്ചിരുത്തും വിധത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

ഒപ്പം അർജുൻ അശോകൻ, അനശ്വര രാജൻ ഇവരുടെ ശ്രദ്ധേയ പ്രകടനങ്ങളും സിനിമയുടെ ഹൈലൈറ്റാണ്. ഒപ്പം ബൈജു, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൗസിന്‍റെ ബാനറിൽ ലിഗോ ജോൺ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. റെണദീവ് ഒരുക്കിയിരിക്കുന്ന മനോഹരമായ ദൃശ്യങ്ങളും സാം സിഎസിന്‍റെ സംഗീതവും സോബിൻ സോമന്‍റെ ചിത്ര സംയോജനവും അനീസ് നാടോടിയുടെ കലാസംവിധാനവുമൊക്കെ സിനിമയുടെ പ്രധാന ആകർഷണങ്ങളാണ്.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News