"തെന്നിന്ത്യൻ സിനിമകൾ ബോളിവുഡിനെ കടന്നാക്രമിക്കുന്നത് കോവിഡിനെ പോലെ.. വാക്സിന്‍ കണ്ടെത്തണം"- രാം ഗോപാല്‍ വര്‍മ
തെന്നിന്ത്യൻ സിനിമകൾ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത് വൻ പരാജയമാകുന്നുവെന്നും ഇതിന് മറുമരുന്ന് കണ്ടെത്തേണ്ടത് ബോളിവുഡാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
തെന്നിന്ത്യൻ സിനിമകൾ ബോളിവുഡിനെ കടന്നാക്രമിക്കുന്നത് കോവിഡിനെ പോലെയാണെന്ന് സംവിധായകൻ രാം ഗോപാൽ വർമ. ഉടൻ തന്നെ ബോളിവുഡ് ഇതിന് വാക്‌സിൻ കണ്ടെത്തണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. തെന്നിന്ത്യൻ സിനിമകൾ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത് വൻ പരാജയമാകുന്നുവെന്നും ഇതിന് മറുമരുന്ന് കണ്ടെത്തേണ്ടത് ബോളിവുഡാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാനി നായകനായ ജഴ്‌സി എന്ന ചിത്രത്തിന്‍റെ ഹിന്ദി റീമേക്കുമായി ബന്ധപ്പെട്ടായിരുന്നു രാംഗോപാലിന്‍റെ പരാമർശം.
"നാനിയുടെ ജഴ്‌സി 10 ലക്ഷം രൂപ മുടക്കി ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്താമായിരുന്നു. അതിന് പകരം 100 കോടി മുടക്കിയാണ് റീ മേക്ക് ചെയ്തത്. എന്നാൽ ആ പണവും പ്രയത്‌നവുമൊക്കെ പാഴായി. ജഴ്‌സിയുടെ പരാജയം ഹിന്ദി റീമേക്കുകളുടെ പരാജയത്തെയാണ് സൂചിപ്പിക്കുന്നത്. ആർ.ആർ.ആർ, പുഷ്പ, കെ.ജിഎഫ് പോലുള്ള സിനിമകൾ നോക്കൂ. ഡബ്ബ് ചെയ്തപ്പോൾ വൻവിജയമായിരുന്നു"- അദ്ദേഹം പറഞ്ഞു.
ബോളിവുഡ് സിനിമകൾക്ക് എല്ലായിടത്തു നിന്നും പ്രഹരമേറ്റു കൊണ്ടിരിക്കുകയാണ്. തെന്നിന്ത്യൻ സിനിമകൾ റീമേക്ക് ചെയ്യാൻ ശ്രമിക്കുമ്പോളാവട്ടെ അത് വിജയിക്കുന്നുമില്ല. ഇത് തുടർന്നാൽ സംവിധായകർ റീമേക്കിനുള്ള അവകാശം ഇനി നൽകില്ലെന്ന് അദ്ദേഹം പറഞ്ഞു.