'ഭരണകക്ഷിയുടെ ഇടപെടൽ, 2016ൽ ഒരു സിനിമക്ക് ലഭിച്ചത് എട്ട് അവാർഡുകൾ'; ഗുരുതര വെളിപ്പെടുത്തലുമായി രൂപേഷ് പീതാംബരൻ
സിനിമാ അവാർഡ് നിർണയത്തിൽ ലോബിയിങ് ആണ് നടക്കുന്നത്. തന്റെ സിനിമകളൊന്നും അവാർഡിന് അയച്ചിട്ടില്ല. ഇനി ചെയ്യുന്ന സിനിമകളും അയക്കില്ലെന്നും രൂപേഷ് വ്യക്തമാക്കി
രൂപേഷ് പീതാംബരൻ| Photo | GingerMedia
കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയവുമായി ബന്ധപ്പെട്ട് ഗുരുതര വെളിപ്പെടുത്തലുമായി നടനും സംവിധായകനുമായ രൂപേഷ് പീതാംബരൻ. ഭരിക്കുന്ന പാർട്ടിയിലെ ആളുകൾ നായകന്റെ വളരെ അടുത്ത സുഹൃത്തുക്കളായതുകൊണ്ട് ആ വർഷത്തെ ഒട്ടുമിക്ക അവാർഡുകളും ആ സിനിമക്ക് കിട്ടിയെന്നാണ് 'ജിഞ്ചർ മീഡിയ'ക്ക് നൽകിയ അഭിമുഖത്തിൽ രൂപേഷ് പറയുന്നത്.
''ഞാൻ സാക്ഷിയായ ഒരു സംഭവം പറയാം. പറഞ്ഞാൽ ഏത് സിനിമയാണെന്ന് മനസിലാകും. എന്നാലും പറയാം. റൂളിങ് പാർട്ടിയിലെ ആൾക്കാര് നായകന്റെ അടുത്ത സുഹൃത്ത്. അവനൊരു പടം ചെയ്തു. പടം ഗംഭീര വിജയമായി. സുഹൃത്തായ രാഷ്ട്രീയക്കാരനോട് എന്താടോ നമുക്കൊന്നും അവാർഡില്ലേ? എന്ന് ചോദിച്ചു. വിശ്വസിക്കാനാവില്ല, ആ സിനിമക്ക് നടൻ, സംവിധായകൻ, നിർമാതാവ്, നടി എല്ലാത്തിനും സ്‌റ്റേറ്റ് അവാർഡ് കിട്ടി. ആ സിനിമയുടെ ഒരു പ്രൊഡൂസ്യർ ആക്ടർ കൂടിയാണ്. അയാൾക്ക് ഈ സിനിമക്ക് നൽകാൻ കഴിയാത്തതുകൊണ്ട് മറ്റൊരു സിനിമയുടെ പേരിൽ അവാർഡ് നൽകി''- രൂപേഷ് പീതാംബരൻ പറഞ്ഞു.
മൊത്തം അവാർഡും ആ ടീമിനായിരുന്നു. ലോബിയിങ് ആണ്. തന്റെ സിനിമകളൊന്നും അവാർഡിന് അയച്ചിട്ടില്ല. ഇനി ചെയ്യുന്ന സിനിമകളും അയക്കില്ലെന്നും രൂപേഷ് വ്യക്തമാക്കി.
സിനിമയുടെ പേര് രൂപേഷ് പീതാംബരൻ പറഞ്ഞില്ലെങ്കിലും അത് ദുൽഖർ സൽമാൻ നായകനായ 'ചാർളി' ആണെന്നും നിർമാതാവ് ജോജു ജോർജ് ആണൈന്നും സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. 2015ൽ മികച്ച നടൻ, നടി, സംവിധായകൻ, തിരക്കഥാകൃത്ത്, ഛായാഗ്രഹണം, കലാസംവിധാനം, ശബ്ദമിശ്രണം, കളർ ലാബ് എന്നീ സംസ്ഥാന അവാർഡുകൾ 'ചാർളി' സിനിമയിൽ പ്രവർത്തിച്ചവർക്കായിരുന്നു.
'ചാർളി'യുടെ മൂന്ന് നിർമാതാക്കളിൽ ഒരാൾ ജോജു ജോർജായിരുന്നു. ലുക്ക ചുപ്പി, ഒരു സെക്കൻഡ് ക്ലാസ് യാത്ര എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് പ്രത്യേക ജൂറി പുരസ്‌കാരവും 2015ൽ ജോജു ജോർജിന് ലഭിച്ചിരുന്നു.