കേരളം ഒരു വൃദ്ധസദനമാകുമോ? യുകെഓക്കെ കണ്ട് എം.പി. ഡീൻ കുര്യാക്കോസ്

താനടക്കമുള്ള ജനപ്രിതിനിധികളും രാഷ്ട്രീയ നേതൃത്വവും ഇക്കാര്യം തീർച്ചയായും ചർച്ച ചെയ്യേണ്ട കാര്യങ്ങളാണിതെന്നും അദ്ദേഹം കുറിച്ചു

Update: 2025-07-04 09:59 GMT
Editor : geethu | Byline : Web Desk

യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (യുകെഓക്കെ) സിനിമ കണ്ട് വികാരഭരിതനായി ഡീൻ കുര്യാക്കോസ് എംപി തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത് . "അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകും എന്ന് നമ്മൾ പരസ്പരം അടക്കം പറഞ്ഞിരുന്ന കാര്യം പൊതുമണ്ഡലത്തിൽ സജീവ ചർച്ചയാക്കിയ സിനിമ. ഇതിനോടകം കഴിഞ്ഞ 10 വർഷത്തിനകം 46 ലക്ഷം ചെറുപ്പക്കാർ വിദേശ രാജ്യങ്ങളിൽ എത്തി എന്നത് എത്രയോ ഭീകരമായ കാര്യമാണ്." അദ്ദേഹം വ്യക്തമാക്കി. "നിങ്ങൾ പോകുന്നിടത്ത് 50 വയസിൽ കുറഞ്ഞ എത്ര പേർ ഉണ്ട് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?" എന്ന് സിനിമയിലെ നായക കഥാപാത്രം മുഖ്യമന്ത്രിയോട് ചോദിക്കുന്നുണ്ട്. ഭരണാധികാരികളോടും, രാഷ്ട്രീയ പാർട്ടി നേതൃത്വത്തോടുമുള്ള ചോദ്യമാണത്. വർത്തമാന കാലഘട്ടത്തിൽ രാഷ്ട്രീയ പാർട്ടി നേതൃത്വം ഇരുത്തി ചിന്തിക്കേണ്ട ഒരു പിടി വിഷയങ്ങൾ ഇക്കാര്യത്തിലുണ്ട്. കേരളത്തിൽ തൊഴിൽ സാധ്യതകൾ ഇല്ലാത്തതിനാൽ വിദേശ രാജ്യങ്ങളിലേക്കുള്ള യുവാക്കളുടെ ക്രമാധീതമായ ഒഴുക്ക്, ഇങ്ങനെ വിദേശ രാജ്യങ്ങളിൽ എത്തിയവർ അനുഭവിക്കുന്ന സമാനതകൾ ഇല്ലാത്ത പീഢനങ്ങൾ, കേരളത്തിൽ ഉള്ള അവസരങ്ങൾ പ്രയോജനപ്പെടുത്താൻ തുനിഞ്ഞിറങ്ങുന്ന ചെറുപ്പക്കാരുടെ ആത്മവിശ്വാസം തകർത്ത് ഇല്ലാതെയാക്കുന്ന കേരളത്തിൻ്റെ ഇന്നത്തെ പശ്ചാത്തലം, ഈ മൂന്നു കാര്യത്തിലും അടിയന്തിരമായ പരിഹാരം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരളമൊന്നാകെ ഒരുമിച്ച് നിന്നുകൊണ്ട് ഇക്കാര്യത്തിൽ പരിഹാരമുണ്ടാക്കാമെന്നും, താനടക്കമുള്ള ജനപ്രിതിനിധികളും രാഷ്ട്രീയ നേതൃത്വവും ഇക്കാര്യം തീർച്ചയായും ചർച്ച ചെയ്യേണ്ട കാര്യങ്ങളാണിതെന്നും അദ്ദേഹം കുറിച്ചു. കേരളത്തിൻ്റെ ഭാവിയെ സംബന്ധിച്ച ആശങ്ക മനോഹരമായ രീതിയിൽ അവതരിപ്പിക്കുന്ന ചിത്രമാണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരള. നായകവേഷം ചെയ്ത യുവനടൻ രഞ്ജിത്ത് സജീവ് പ്രത്യേക പ്രശംസ അർഹിക്കുന്നു. സിനിമയിൽ ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ജോണി ആൻറണി, നിർമാതാക്കളിൽ ഒരാളായ അലക്സാണ്ടർ മാത്യു, സംവിധായകൻ അരുൺ വൈഗ എന്നിവരെ നേരിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിക്കുവാനും എം.പി മറന്നില്ല.

Advertising
Advertising

ഫ്രാഗ്രൻ്റ് നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ, സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ ചേർന്ന് നിർമിച്ച് അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്ത "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള" എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സിനോജ് പി അയ്യപ്പൻ ആണ് നിർവഹിച്ചിരിക്കുന്നത്. നടൻ ശബരീഷ് വർമ എഴുതിയ മനോഹര വരികൾക്ക് നേരം, പ്രേമം പോലുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം പകർന്ന രാജേഷ് മുരുകേശൻ ഈണം പകർന്നിരിക്കുന്നു. എഡിറ്റർ-അരുൺ വൈഗ. ലൈൻ പ്രൊഡ്യൂസർ-ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ-റിനി ദിവാകർ, കല-സുനിൽ കുമരൻ, മേക്കപ്പ്-ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം-മെൽവി ജെ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- കിരൺ റാഫേൽ,സ്റ്റിൽസ്-ബിജിത്ത് ധർമടം, ഡിസൈൻസ്-യെല്ലോ ടൂത്ത്സ്, അഡ്വർടൈസിംഗ് - ബ്രിങ് ഫോർത്ത്, മാർക്കറ്റിംഗ്- റമ്പൂട്ടാൻ, വിതരണം-സെഞ്ച്വറി റിലീസ്, പിആർഒ- എ.എസ് ദിനേശ്, അരുൺ പൂക്കാടൻ.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News