രണ്‍ബീറിന്‍റെ അനിമല്‍ കത്തിക്കയറുന്നു; ആദ്യദിവസം 61 കോടി കലക്ഷന്‍, മുംബൈയില്‍ പുലര്‍ച്ചെ 1 മണിക്കും ഷോ

ഈ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളായ പഠാൻ, ഗദർ 2 എന്നിവയുടെ റെക്കോഡുകൾ അനിമൽ തകർത്തു

Update: 2023-12-02 06:43 GMT
Editor : Jaisy Thomas | By : Web Desk

അനിമല്‍

Advertising

മുംബൈ: രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍ തിയറ്ററുകളില്‍ കത്തിക്കയറുകയാണ്. ഇന്നലെ തിയറ്ററുകളിലെത്തിയ ചിത്രം ആദ്യദിവസം കൊണ്ടുതന്നെ ബോക്സോഫീസ് റെക്കോഡുകള്‍ ഭേദിച്ചിരിക്കുകയാണ്. 61 കോടിയാണ് ഒറ്റദിവസം കൊണ്ട് ചിത്രം വാരിക്കൂട്ടിയത്.

ഈ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളായ പഠാൻ, ഗദർ 2 എന്നിവയുടെ റെക്കോഡുകൾ അനിമൽ തകർത്തു.ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് 50 കോടിയും തെലുങ്ക,തമിഴ്,കന്നഡ,മലയാളം പതിപ്പുകളില്‍ നിന്നായി 11 കോടിയുമാണ് നേടിയത്. 2023ലെ രണ്ടാമത്തെ ഏറ്റവും വലിയ ഓപ്പണറായി മാറിയിരിക്കുകയാണ് ചിത്രം. 75 കോടി കലക്ഷനുമായി ജവാനാണ് ഒന്നാമത്.

അനിമല്‍ കാണാന്‍ നീണ്ട ക്യൂവാണ് തിയറ്റുകള്‍ക്ക് പുറത്ത്. റിലീസ് ദിവസം രാവിലെ 6 മണിക്ക് തന്നെ ആളുകളുടെ നീണ്ടനിര തന്നെ തിയറ്ററുകള്‍ക്ക് പുറത്ത് രൂപപ്പെട്ടിരുന്നു. സോഷ്യല്‍മീഡിയയില്‍ ചിത്രത്തെക്കുറിച്ച് മികച്ച പ്രതികരണങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ ടിക്കറ്റുകള്‍ കിട്ടാനില്ലാത്ത അവസ്ഥയായി. അര്‍ധരാത്രിക്ക് ശേഷവും ഷോകള്‍ ഉണ്ടായി. മുംബൈ, സൂറത്ത്, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങൾ അർധരാത്രിക്ക് ശേഷമുള്ള ഷോകൾക്കായി ബുക്കിംഗ് തുറന്നിട്ടുണ്ട്. മുംബൈ ഭയന്ദറിലെ മാക്‌സസ് സിനിമാസിൽ പുലർച്ചെ 1, 2, 5.30 എന്നീ സമയങ്ങളിൽ പ്രദർശനമുണ്ടാകും. ഗോരേഗാവിലെ പിവിആർ ഒബ്‌റോയ് മാളിൽ 12:30 ന് ക്രമീകരിച്ചിട്ടുണ്ട്. അന്ധേരി പിവിആര്‍ സിറ്റിമാളില്‍ പുലര്‍ച്ചെ 1.05നും ഷോയുണ്ട്.


Full View


മൂന്ന് മണിക്കൂര്‍ 21 മിനിറ്റാണ് അനിമലിന്‍റെ ദൈര്‍ഘ്യം. ''ഇത്രയും ദൈര്‍ഘ്യമുള്ള ഒരു ചിത്രം ഇതുവരെ ഞങ്ങള്‍ പുറത്തിറക്കിയിട്ടില്ല. അതില്‍ ഞങ്ങള്‍ അഹങ്കരിക്കുന്നു. കഥയ്ക്ക് ഏറ്റവും മികച്ച രീതിയിൽ പ്രേക്ഷകരിലേക്ക് എത്താൻ ഇത്രയും സമയം ആവശ്യമാണെന്ന് ഞങ്ങൾക്ക് തോന്നി.3 മണിക്കൂർ 49 മിനിറ്റുള്ള ഈ സിനിമയുടെ കട്ട് നമ്മളെല്ലാവരും കണ്ടതാണ്. എന്നാല്‍ അതുപിടിച്ചുവച്ചു. സന്ദീപ് ദൈർഘ്യം കുറയ്ക്കാൻ ഏറെ പണിപ്പെട്ടിട്ടുണ്ട്.കാരണം നിങ്ങൾക്ക് അത് അത്രയും നീട്ടാൻ കഴിയില്ല.എന്നാൽ ദൈർഘ്യം കണ്ട് പ്രേക്ഷകർ പരിഭ്രാന്തരാകില്ലെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങള്‍ വന്ന് അതിന്‍റെ ഏറ്റവും മികച്ച സിനിമാനുഭവം ആസ്വദിക്കൂ''ഡൽഹിയിൽ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിംഗിനിടെ രൺബീര്‍ പറഞ്ഞിരുന്നു.

എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അര്‍ജുന്‍ റെഡ്ഡിയുടെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രശ്മിക മന്ദാനയാണ് നായിക. അനില്‍ കപൂര്‍, ബോബി ഡിയോള്‍, തൃപ്തി ദിമ്രി, ശക്തി കപൂർ, സുരേഷ് ഒബ്റോയ്, പ്രേം ചോപ്ര എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News