"100ലധികം സ്റ്റെപ്പുകൾ, രണ്ടുമാസത്തോളം റിഹേഴ്‌സൽ; രാജമൗലി ഓക്കെ പറഞ്ഞത് 20 ടേക്കിന് ശേഷം"

"ജൂനിയർ എൻടിആർ ഒരു കടുവയെപ്പോലെയും ചരൺ സാർ ഒരു ചീറ്റപ്പുലിയെപ്പോലെയുമാണ്. ഇതായിരിക്കണം ഗാനരംഗത്തിലുടനീളം ഉണ്ടായിരിക്കേണ്ടതെന്ന് നിർദ്ദേശിച്ചിരുന്നു"

Update: 2023-01-13 14:01 GMT
Editor : banuisahak | By : Web Desk

പ്രേം രക്ഷിത് രാജമൗലിക്കൊപ്പം 

Advertising

നൂറിലധികം ഹുക്ക് സ്റ്റെപ്പുകൾ, രണ്ടുമാസത്തെ റിഹേഴ്‌സലും ഇരുപത് ദിവസത്തെ ഷൂട്ടിങ്ങും.. ആഗോളതലത്തിൽ ഹിറ്റായ ആർആർആറിലെ 'നാട്ടു നാട്ടു' ഗാനരംഗം ചിത്രീകരിച്ചതിന് പിന്നിലെ കഠിനാധ്വാനം വിശദീകരിക്കുകയാണ് കൊറിയോഗ്രാഫർ പ്രേം രക്ഷിത്. 

"ജൂനിയർ എൻടിആർ ഒരു കടുവയെപ്പോലെയും ചരൺ സാർ ഒരു ചീറ്റപ്പുലിയെപ്പോലെയുമാണ്. ഇതായിരിക്കണം ഗാനരംഗത്തിലുടനീളം ഉണ്ടായിരിക്കേണ്ടതെന്ന് രാജമൗലി സർ നിർദ്ദേശിച്ചിരുന്നു. ഇരുവരും ഒരുമിച്ച് നൃത്തം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം. കഥയുടെ പ്രധാന ഭാഗം ഇതാണെന്നും പ്രത്യേകം പറഞ്ഞിരുന്നു"; രക്ഷിത് പറയുന്നു. ലോകമെമ്പാടുമുള്ള ആളുകൾ പലതരത്തിലുള്ള ഹുക്ക് സ്റ്റെപ്പുകൾ കണ്ടിട്ടുണ്ടാകും. ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി ഊർജ്ജസ്വലമായ ശരിയായ ചുവടുകൾ കണ്ടെത്തുന്നത് എളുപ്പമായിരുന്നില്ലെന്ന് രക്ഷിത് പറഞ്ഞു. 

എല്ലാവരുടെയും ശ്രദ്ധ നായകൻമാരിൽ തന്നെയായിരിക്കണം. അവരുടെ ബന്ധം, അവരുടെ ഊർജ്ജം എന്നിവ എടുത്ത് കാണിക്കണം. രണ്ടുനായകന്മാരും ഒന്നിക്കുമ്പോൾ പ്രേക്ഷക ശ്രദ്ധ പശ്ചാത്തല നർത്തകരിലോ അല്ലെങ്കിൽ മറ്റെവിടെയെങ്കിലുമോ പോകാൻ പാടില്ലെന്നും രാജമൗലി നിർദ്ദേശിച്ചിരുന്നുവെന്ന് രക്ഷിത് പറയുന്നു. കീവിലെ മാരിൻസ്‌കി കൊട്ടാരത്തിന്റെ പശ്ചാത്തലത്തിൽ ഗാനം ചിത്രീകരിക്കാൻ ദിവസങ്ങളെടുത്തുവെന്നും രക്ഷിത് പറഞ്ഞു. ഇപ്പോൾ യുദ്ധം നടക്കുന്ന യുക്രൈനിലെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയാണ് മാരിൻസ്‌കി കൊട്ടാരം. 

രണ്ട് മാസത്തോളം റിഹേഴ്‌സൽ ചെയ്ത് ചുവടുകൾ ഉറപ്പിച്ചതിനു ശേഷമാണ് ചിത്രീകരണം ആരംഭിച്ചത്. ഏകദേശം 20 ദിവസത്തിലധികം ഗാനരംഗം മാത്രം ചിത്രീകരിക്കാൻ എടുത്തുവെന്ന് രക്ഷിത് ചൂണ്ടിക്കാട്ടി. കുറഞ്ഞത് ഇരുപത് ടേക്കെങ്കിലും എടുത്തതിന് ശേഷമാണ് രാജമൗലി സർ തൃപ്തനായതും അദ്ദേഹം ഓക്കെ പറഞ്ഞതും. വിക്രമർകൂടു, യമദോംഗ, മഗധീര, ബാഹുബലി ഫ്രാഞ്ചൈസി എന്നിവയുൾപ്പെടെ രാജമൗലിയുടെ മിക്ക സിനിമകളിലും രക്ഷിതിന്റെ സാന്നിധ്യമുണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. ബാഹുബലിയിൽ പ്രഭാസും അനുഷ്‌ക ഷെട്ടിയും തമ്മിലുള്ള പ്രശസ്തമായ അമ്പടയാള സീക്വൻസിന് പിന്നിൽ പ്രവർത്തിച്ചതും രക്ഷിത് തന്നെയാണ്. 

ഒരു കൊറിയോഗ്രാഫർ എന്ന നിലയിൽ തന്നിൽ ആത്മവിശ്വാസം വളർത്തിയത് രാജമൗലി തന്നെയാണെന്ന് രക്ഷിത് പറഞ്ഞു. "അദ്ദേഹമാണ് എന്റെ ഗുരു, എന്നെ ക്യാമറ ആംഗിളുകൾ പഠിപ്പിച്ചത് അദ്ദേഹമാണ്. എന്നിലുള്ള വിശ്വാസത്തിന് അദ്ദേഹത്തോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. രണ്ടുപേരും വലിയ നായകന്മാരായതിനാൽ പാട്ട് ചെയ്യാൻ എനിക്ക് ഭയമായിരുന്നു"; രക്ഷിത് പിടിഎക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. രാം ചരണും ജൂനിയർ എൻടിആറും നല്ല നർത്തകരാണെന്ന് വിശേഷിപ്പിച്ച രക്ഷിത് ഇരുവരും തന്റെ ജോലി എളുപ്പമാക്കിയെന്നും കൂട്ടിച്ചേർത്തു. 

ഒറിജിനല്‍ സോങ് വിഭാഗത്തിൽ  'നാട്ടു നാട്ടു' ഗാനത്തിനു ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ലഭിച്ചതിന് പിന്നാലെയായിരുന്നു രക്ഷിത്തിന്റെ പ്രതികരണം. സംഗീത സംവിധായകന്‍ എം.എം കീരവാണിയാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രത്തിനുള്ള നോമിനേഷനും ആർആർആർ നേടിയിരുന്നു.

ചന്ദ്രബോസിന്‍റെ വരികള്‍ക്ക് കീരവാണിയാണ് ഈ ഹിറ്റ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. രാഹുൽ സിപ്ലിഗഞ്ച്, കാലഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാട്ടു പാടിയിരിക്കുന്നത്. ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രമായിരുന്നു ആര്‍.ആര്‍.ആര്‍ (രുധിരം, രൗദ്രം, രണം). 450 കോടിയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുന്നേ തന്നെ 325 കോടി രൂപ സ്വന്തമാക്കി ഞെട്ടിച്ചിരുന്നു. രാം ചരണും എന്‍.ടി.ആറുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ആലിയ ഭട്ടും അജയ് ദേവ്ഗണുമാണ് മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

1920കളിലെ സ്വാതന്ത്രൃ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സമര നേതാക്കളാണ് ഇവർ. ജൂനിയര്‍ എന്‍.ടി.ആര്‍ കൊമരം ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തിയത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിച്ചത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കിയത്.

ആഗോളതലത്തിൽ ₹ 1,200 കോടിയിലധികം നേടിയ ആര്‍.ആര്‍.ആര്‍, ന്യൂയോർക്ക് ഫിലിം ക്രിട്ടിക്‌സ് സർക്കിൾ അവാർഡിൽ മികച്ച സംവിധായകൻ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര ബഹുമതികൾ ഇതിനോടകം നേടിയിട്ടുണ്ട്. ഓസ്കര്‍ പുരസ്കാരത്തിനുള്ള ഷോര്‍ട്ട് ലിസ്റ്റിലും ആര്‍.ആര്‍.ആര്‍ ഇടംപിടിച്ചിട്ടുണ്ട്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News