നയന്‍താരക്കും വിഘ്നേഷിനും ഇരട്ടക്കുട്ടികള്‍: അന്വേഷണത്തിന് ഉത്തരവിട്ട് തമിഴ്നാട് സര്‍ക്കാര്‍

കഴിഞ്ഞ ജൂൺ ഒൻപതിന് ചെന്നൈയിലെ മഹാബലിപുരത്ത് വെച്ചായിരുന്നു നയൻസ്-വിഘ്‌നേശ് വിവാഹം നടന്നത്

Update: 2022-10-10 13:03 GMT
Editor : ijas
Advertising

തെന്നിന്ത്യന്‍ താരറാണി നയന്‍താരക്കും ഭര്‍ത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികള്‍ പിറന്നതിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ട് തമിഴ്നാട് സര്‍ക്കാര്‍. വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് ജനിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് തമിഴ്നാട് ആരോഗ്യമന്ത്രി തിരു മാ സുബ്രഹ്മണ്യന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തില്‍ ആരോഗ്യവകുപ്പ് വിശദീകരണം തേടുമെന്ന് മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. നാല് മാസം മുമ്പ് വിവാഹിതരായ ദമ്പതികള്‍ക്ക് വാടകഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ സ്വന്തമാക്കാന്‍ സാധിക്കുമോയെന്നും വാടകഗര്‍ഭധാരണ കാലയളവില്‍ ഏതെങ്കിലും രീതിയിലുള്ള നിയന്ത്രണങ്ങളുണ്ടോയെന്നുമുള്ള മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തോടാണ് മന്ത്രി പ്രതികരണം അറിയിച്ചത്. ഇന്ത്യൻ വാടക ഗർഭധാരണ നിയമങ്ങൾ അനുശാസിക്കുന്ന നടപടിക്രമങ്ങൾ ദമ്പതികൾ പാലിച്ചോ എന്നതിലാണ് സര്‍ക്കാര്‍ വ്യക്തത തേടുന്നത്.

നയന്‍താരക്കും വിഘ്നേഷിനും ഇരട്ടക്കുട്ടികള്‍ പിറന്നതിന് പിന്നാലെ കുഞ്ഞുങ്ങളെ കുറിച്ചുള്ള ചൂടുപിടിച്ച ചര്‍ച്ചയിലായിരുന്നു സമൂഹ മാധ്യമങ്ങള്‍. നയന്‍താരയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന സുഹൃത്ത് ജനനം വാടക ഗര്‍ഭധാരണത്തിലൂടെയാണെന്ന് സ്ഥിരീകരിച്ചതായി 'ദ ന്യൂസ് മിനുറ്റ്' റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസമാണ് നയൻതാരയ്ക്ക് ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നത്. ഭർത്താവ് വിഘ്‌നേശ് ശിവൻ ആണ് കുഞ്ഞ് ജനിച്ച സന്തോഷവാർത്ത പങ്കുവെച്ചത്. നയനും ഞാനും അമ്മയും അച്ഛനുമായിരിക്കുന്നു. ഇരട്ട ആൺകുഞ്ഞുങ്ങളാൽ അനുഗ്രഹീതരായിരിക്കുന്നു ഞങ്ങൾ. ഞങ്ങളുടെ പ്രാർത്ഥനകളെല്ലാം, ഞങ്ങളുടെ മുൻഗാമികളുടെ അനുഗ്രഹങ്ങളെല്ലാം ഒന്നിച്ച് രണ്ട് കുഞ്ഞുങ്ങളുടെ രൂപത്തിൽ യാഥാർത്ഥ്യമായിരിക്കുകയാണ്. ഉയിരിനും ഉലകത്തിനും എല്ലാവരുടെയും പ്രാര്‍ഥനകള്‍ വേണം. ജീവിതം കുറച്ചുക്കൂടി നിറം പിടിച്ചതും മനോഹരവുമായി-ഇൻസ്റ്റഗ്രാം കുറിപ്പിൽ വിഘ്‌നേഷ് പറഞ്ഞു.

കഴിഞ്ഞ ജൂൺ ഒൻപതിന് ചെന്നൈയിലെ മഹാബലിപുരത്ത് വെച്ചായിരുന്നു നയൻസ്-വിഘ്‌നേശ് വിവാഹം നടന്നത്. ഏഴു വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തിന്‍റെ സ്ട്രീമിങ് അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് വലിയ വാര്‍ത്തയായിരുന്നു. 'നയന്‍താര ബിയോണ്ട് ദ ഫെയറി ടെയില്‍' എന്ന പേരില്‍ വിവാഹം ഡോക്യുമെന്‍ററി രൂപത്തില്‍ അധികം വൈകാതെ തന്നെ നെറ്റ്ഫ്ലിക്സില്‍ പ്രദര്‍ശിപ്പിക്കും. ഡോക്യുമെന്‍ററിയുടെ ടീസര്‍ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടിരുന്നു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News