'ഓർമയുണ്ടോ ഒരു ചെറുപുഞ്ചിരിയിലെ കണ്ണനെ?'; മരണത്തെ തോൽപിച്ച്, മാഞ്ഞുപോയ ഓർമകൾ തിരിച്ചുപിടിച്ച് വിഘ്‌നേഷ്
ശാരീരിക ബുദ്ധിമുട്ടുകളോട് പൊരുതി നേടിയ ബിരുദത്തിന്‍റെ സന്തോഷത്തിലാണ് കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ വിഘ്നേഷ്
കോഴിക്കോട്:മലയാള സിനിമയിലെ ഒരു കാലത്തെ പ്രധാന ബാലതാരമായിരുന്ന വിഘ്നേഷിനെ ഓർമയുണ്ടോ? വർഷങ്ങള്‍ക്ക് മുൻപ് ഒരു വാഹനാപകടത്തിൽപെട്ട് ഓർമകള്‍ മാഞ്ഞുപോയ താരം ഇപ്പോൾ തിരിച്ചുവരവിന്‍റെ പാതയിലാണ്. ശാരീരിക ബുദ്ധിമുട്ടുകളോട് പൊരുതി നേടിയ ബിരുദത്തിന്‍റെ സന്തോഷത്തിലാണ് കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ വിഘ്നേഷ്.
എം.ടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത' ഒരു ചെറുപുഞ്ചിരി' എന്ന സിനിമയിലെ കണ്ണനെ പെട്ടന്നാരും മറക്കാൻ വഴിയില്ല. പുലർവെട്ടം, മധുരനൊമ്പരക്കാറ്റ്, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കുബേരൻ, ഇങ്ങനെയൊരു നിലാപക്ഷി അങ്ങനെ അങ്ങനെ മലയാള സിനിമയിലെയും സീരിയലുകളിലെയും ഒരു കാലത്തെ കുഞ്ഞുമുഖമായിരുന്ന വിഘ്നേഷ്. ട്രൗസറും മുറിക്കൈയ്യൻ ബനിയനുമായി ആ കൊച്ചുപയ്യൻ മലയാളികള്‍ക്ക് സുപരിചിതനായത് വളരെ വേഗത്തിലാണ്.
പഠനത്തില്‍ മിടുക്കനായിരുന്ന വിഘ്നേഷ് അതിനുവേണ്ടിയാണ് അഭിനയത്തില്‍ നിന്ന് വിട്ടുനിന്നത്. 2017 ജനുവരി ഒന്നിന് പുലർച്ചെയാണ് വിഘ്നേഷ് സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെടുന്നത്. അങ്കമാലി ഫിസാറ്റില്‍ നിന്ന് ബിടെക്ക് പൂര്‍ത്തിയാക്കിയ വിഘ്നേഷ് ഓട്ടോമൊബൈല്‍ കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് അപകടം.
തുടർച്ചയായ ചികിത്സകളിലൂടെയും കുടുംബത്തിന്‍റെ കഠിന പ്രയത്നത്തിലൂടെയുമാണ് ഓർമകളെ തിരിച്ചുപിടിച്ചത്... വാശിയോടെ പഠിച്ച് ബിഎ ഇംഗ്ലീഷില്‍ ബിരുദം കരസ്ഥമാക്കി, പഠിച്ചത് മറന്ന് പോവുമെങ്കിലും വീണ്ടും വീണ്ടും പഠിച്ച് പരീക്ഷകളില്‍ വിജയിച്ചു. ഇനി ബിരുദാനന്തര ബിരുദമെന്ന ലക്ഷ്യം കൂടി വിഘ്നേഷിന് മുന്നിലുണ്ട്. മരണത്തെ തോൽപിച്ച് വിഘ്നേഷ് വീണ്ടും സ്വപ്നങ്ങൾക്ക് ചിറകുവിരിക്കുകയാണ്. കൈവിട്ടുപോയതെല്ലാം തിരിച്ചു പിടിക്കുമെന്ന ഉറച്ച വിശ്വാസത്തിൽ...