കോഴിക്കോട്: മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചതിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണം നേരിട്ട നടിയാണ് പാര്‍വതി തിരുവോത്ത്. കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്തുണ്ടായ ഈ വിവാദം നടിയുടെ സിനിമാജീവിതത്തെ തന്നെ ബാധിച്ചു. ഒരിടവേളക്ക് ശേഷം സിനിമയിൽ വീണ്ടും സജീവമാകുമ്പോൾ മോശം സമയത്ത് തന്‍റെ കൂടെ നിന്നവരെക്കുറിച്ചും വിവാദത്തെക്കുറിച്ചും തുറന്നുപറയുകയാണ് താരം. ‘ഷോഷാ’ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പാർവതിയുടെ വെളിപ്പെടുത്തൽ.
"ആക്രമണങ്ങളും ഭീഷണികളും തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ ഞാനും മമ്മൂട്ടി സാറും തമ്മിൽ സംസാരിച്ചിരുന്നു. ഞങ്ങൾ സംസാരിക്കാതെ ഇരുന്നിട്ടില്ല. ഞാൻ അദ്ദേഹത്തിന് മെസ്സേജ് അയച്ചു, ഞങ്ങൾ ഫോണിൽ സംസാരിച്ചു. പക്ഷേ, അപ്പോഴേക്കും അത് ആർക്കും നിയന്ത്രിക്കാൻ കഴിയാത്ത വിധം വലിയൊരു പ്രശ്നമായി മാറിക്കഴിഞ്ഞിരുന്നു.
എല്ലാവരും 'ദാ പൊങ്കാല തുടങ്ങിയിട്ടുണ്ട്' എന്ന് പറഞ്ഞപ്പോൾ ഞാൻ കരുതിയത് എന്താണ് ഉദ്ദേശിക്കുന്നത് എന്നാണ്. പിന്നീട് ട്വിറ്ററിൽ കയറി നോക്കിയപ്പോഴാണ്... എന്റെ ദൈവമേ, ആ ആക്രമണത്തിന്റെ വ്യാപ്തി അവിശ്വസനീയമായിരുന്നു. എനിക്ക് നേരെ കൊലവിളികളും ബലാത്സംഗ ഭീഷണികളും വന്നു തുടങ്ങിയപ്പോൾ മാത്രമാണ് എനിക്കത് ഗൗരവമായി തോന്നിയത്. അപ്പോഴാണ് ഞാൻ എന്റെ സുഹൃത്തിനോട് പറഞ്ഞത്, 'നോക്കൂ, ഇത് നിയമവിരുദ്ധമാണ്, നമ്മൾ പൊലീസിനെ സമീപിക്കണം' എന്ന്. അതുവരെ ഞാനത് അവഗണിക്കാൻ തയ്യാറായിരുന്നു. പക്ഷേ, എനിക്ക് മനസ്സിലായത് ഇവിടെ പ്രശ്നം ഞാനല്ല, ഞാൻ പ്രതിനിധീകരിച്ച വിഷയമാണ്. ഒരു സ്ത്രീ സംസാരിച്ചു എന്നതും അവൾ പറഞ്ഞതിൽ കാര്യമുണ്ടെന്നതുമാണ്. ആ ഭയം എന്നെ തളർത്തുന്നതിന് പകരം എനിക്ക് കൂടുതൽ കരുത്ത് നൽകുകയാണ് ചെയ്തത്. ആക്ടിവിസത്തിന്റെ ഭാഗമായി ഞാൻ ചെയ്യുന്ന ഓരോ കാര്യവും, എന്റെ നട്ടെല്ല് എന്ന് നിങ്ങൾ വിശേഷിപ്പിച്ച ആ കരുത്ത് വരുന്നത് ഞാൻ ഒരു വ്യക്തിയായി മാത്രം പൊരുതുന്നു എന്ന തോന്നലിൽ നിന്നല്ല, മറിച്ച് ഒരു കൂട്ടായ്മയുടെ പ്രതിനിധിയാണ് ഞാൻ എന്ന ബോധ്യത്തിൽ നിന്നാണ്.
എന്റെ കഴിവിന്റെ പരമാവധി ഞാൻ ഇപ്പോൾ പൊരുതണം എന്ന് എനിക്ക് തോന്നുന്നത്, നാളെ എന്റെ പിൻഗാമി വളർന്നു വരുമ്പോൾ അവൾക്ക് ഇതേ പോരാട്ടങ്ങൾ വീണ്ടും നടത്തേണ്ടി വരരുത് എന്ന് ആഗ്രഹിക്കുന്നത് കൊണ്ടാണ്. ഞാൻ ഇപ്പോൾ മൂന്നാം ലെവലിലാണ് പൊരുതുന്നതെങ്കിൽ, അവൾക്ക് ഒരുപക്ഷേ പതിനേഴാം ലെവലിൽ പൊരുതേണ്ടി വന്നേക്കാം. പക്ഷേ അവൾക്ക് വേണ്ടി വഴി തെളിക്കാൻ ഇപ്പോൾ ഞാൻ എന്റെ ഭാഗം കൃത്യമായി ചെയ്യണം. അതാണ് എന്റെ ഇന്ധനം.
പിന്നെ, മമ്മൂട്ടി സാറുമായി ഞാൻ സംസാരിച്ചു, അദ്ദേഹം വളരെ ശാന്തനായിരുന്നു. പക്ഷേ ഞാൻ പറഞ്ഞു, 'നിങ്ങൾ ശാന്തനായിരിക്കാം, എന്നാൽ പുറത്തുള്ളവർ അങ്ങനെയല്ല. ഒരു പ്രസ്താവനയെങ്കിലും ഇറക്കണ്ടേ?' എന്ന്. അദ്ദേഹത്തിന്റെ പ്രസ്താവന ഏറെ വൈകിയാണ് വന്നത്. അപ്പോഴേക്കും എനിക്കെതിരായ സൈബറാക്രമണം എല്ലാ പരിധിയും ലംഘിച്ചിരുന്നു. പുറത്തിറങ്ങാൻ പോലും ഞാൻ ഭയപ്പെട്ടു. എനിക്കെതിരെ വധഭീഷണി വരെ ഉണ്ടായിരുന്നു. ആ കാലം എന്റെ ആരോഗ്യത്തേയും ബാധിച്ചു. ഒരുപാടു കാര്യങ്ങൾ ഒരേസമയം സംഭവിച്ചു. ഈ പ്രശ്നം നടക്കുന്നതിന് ഇടയിലാണ് എനിക്കൊരു പുരസ്കാരം ലഭിക്കുന്നത്.
ഡിസംബറിലാണ് വിവാദം ഉണ്ടാകുന്നത്. ഫെബ്രുവരിയിൽ എനിക്ക് പുരസ്കാരം ലഭിച്ചു. പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്ത ഒരു വലിയ അവാർഡ് നിശയായിരുന്നു അത്. ഞാൻ അവാർഡ് വാങ്ങാനായി സ്റ്റേജിലേക്ക് നടന്നു കയറിയപ്പോൾ അവിടെ കൂടിയിരുന്നവർ മുഴുവൻ എന്നെ കൂകി വിളിക്കാൻ തുടങ്ങി. കയ്യടികൾക്ക് പകരം ആ കൂവലുകൾ കേട്ടപ്പോൾ എന്റെ ഉള്ളിൽ എല്ലാം 'സ്ലോ ഡൗൺ' ആയതുപോലെ തോന്നി. 'പതുക്കെ നടക്കുക, കാല് തട്ടി വീഴരുത്, പ്രസംഗം കൃത്യമായി പൂർത്തിയാക്കുക' എന്ന് ഞാൻ എന്നെത്തന്നെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. ഞാൻ പ്രസംഗം പൂർത്തിയാക്കി, അവിടെ തട്ടി വീണില്ല, സുരക്ഷിതമായി തിരിച്ചിറങ്ങി. സത്യത്തിൽ ആ ഏഴ് മിനിറ്റുകൾ എനിക്ക് ഏഴ് വർഷം പോലെയാണ് തോന്നിയത്. പതിനായിരക്കണക്കിന് ആളുകൾ ഒന്നിച്ച് നിങ്ങളെ കൂകുമ്പോൾ ഒന്നുകിൽ നിങ്ങൾ തളർന്നു ഇല്ലാതാകും, അല്ലെങ്കിൽ നിങ്ങളുടെ മനസ്സ് ഉരുക്കുപോലെ ഉറച്ചതാകും. ആ അനുഭവം എന്റെ ഡിഎൻഎ വരെ മാറ്റിമറിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു. അവിടെ ഞാൻ അതിജീവിച്ചു. ആ കുറച്ച് വർഷങ്ങൾ എന്നെ തകർക്കാൻ നോക്കിയെങ്കിലും, സത്യത്തിൽ അവയാണ് ഇന്ന് നിങ്ങൾ കാണുന്ന ഈ 'ഞാൻ' എന്ന വ്യക്തിയെ രൂപപ്പെടുത്തിയത്.
ഏറെ ട്രോളുകൾ നേരിടേണ്ടി വന്നെങ്കിലും എനിക്ക് പിന്തുണയ്ക്കാനും കുറച്ചു പേർ ഉണ്ടായിരുന്നുവെന്നതും ഒരു യാഥാർഥ്യമാണ്. നല്ലൊരു സപ്പോർട്ട് സിസ്റ്റം എനിക്കുണ്ടായിരുന്നു. ഞാനെല്ലാം ഒറ്റയ്ക്കു ചെയ്തുവെന്ന് ഒരിക്കലും അവകാശപ്പെടുന്നില്ല. എന്നെ പിന്തുണയ്ക്കാൻ സിനിമയ്ക്ക് പുറത്ത് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. സിനിമയിൽ ഉള്ള സുഹൃത്തുക്കളുടെ മേൽ വലിയ സമ്മർദ്ദമുണ്ടായിരുന്നു. എനിക്ക് പിന്തുണ നൽകുന്നവർക്ക് കടുത്ത ശിക്ഷയാണ് ഇൻഡസ്ട്രി നൽകിയത്. എന്റെ കൂടെ നിന്നാൽ അവസരങ്ങൾ നഷ്ടപ്പെടുമെന്ന ഭയമുണ്ടായിരുന്നു. എന്നാൽ ആ പ്രതിസന്ധി ഘട്ടത്തിലും ആസിഫ് അലിയും ടൊവീനോ തോമസും എന്റെ കൂടെ ജോലി ചെയ്തു. ആ സമയത്ത് പല നിർമാതാക്കളും എന്നെ മാറ്റിനിർത്തിയപ്പോൾ, പ്രമുഖ നിർമാതാവായ പി.വി. ഗംഗാധരന്റെ മക്കൾ (എസ്‌ക്യൂബ് പ്രൊഡക്ഷൻസ്) എന്നെ വിളിച്ച് ആ സിനിമയിലെ പ്രധാന വേഷം നൽകുകയും ഇൻഡസ്ട്രിയിൽ ഒരു നടിക്ക് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന പ്രതിഫലം എനിക്ക് നൽകുകയും ചെയ്തു. ആസിഫ് അതിൽ ബോയ്ഫ്രണ്ട് വേഷവും ടൊവീനോ സുഹൃത്തിന്റെ വേഷവുമാണ് ചെയ്തത്. ആ സിനിമ വലിയ വിജയമായി. അതൊരു അനുഗ്രഹമാണ്. കാരണം എന്നെ എളുപ്പത്തിൽ തുടച്ചുനീക്കാമായിരുന്നു. സിനിമ ഇറങ്ങിയ ശേഷം ഒരു റിപ്പോർട്ടർ എന്നോട് ചോദിച്ചു, 'പറഞ്ഞ കാര്യങ്ങൾ തിരുത്തിപ്പറയാൻ ആഗ്രഹമുണ്ടോ' എന്ന്. ഞാൻ പറഞ്ഞു, 'ഇല്ല, ഇത് തെളിയിച്ച സ്ഥിതിക്ക് 15 തവണ കൂടി ഞാനത് പറയും.' എനിക്ക് ശല്യക്കാരി എന്ന പേര് വന്നേക്കാം, പക്ഷേ നല്ല സിനിമകൾ ഉണ്ടാകുമ്പോൾ ആളുകൾ അത് അംഗീകരിക്കും," പാർവതി പറയുന്നു.