ദി മുസല്ല പ്രോജക്ട് - ഓൺലൈൻ പ്രദർശനം ശ്രദ്ധേയമാകുന്നു

നിസ്ക്കാരപ്പായകളുടെ കേവല മനോഹാരിതയ്ക്കപ്പുറമുള്ള അർഥതലങ്ങളെയും അത് സാധ്യമാക്കുന്ന സംസ്കാരിക വിനിമയങ്ങളെയും കുറിച്ചന്വേഷിക്കുകയും ഡോക്യുമെന്റ് ചെയ്യുകയുമാണ് മുസല്ല പ്രൊജക്റ്റ് ചെയ്യുന്നത്

Update: 2021-06-24 12:37 GMT
Editor : ubaid | By : Web Desk

മുസ്‍ലിം വിശ്വാസികൾ അവരുടെ പ്രാർഥനകൾക്ക് ഉപയോഗിക്കുന്ന നിസ്ക്കാരപ്പായ പ്രമേയമാക്കി ദി മുസല്ല പ്രോജക്ട് എന്ന പേരിൽ ഓൺലൈൻ പ്രദർശനം ശ്രദ്ധേയമാകുന്നു. മുസ്‍ലിംകളുടെ സാംസ്കാരിക ജീവിതത്തിന്റെ ഭാഗമായിത്തീർന്ന മുസല്ലകളെ കലാപരമായും വൈജ്ഞാനികമായും പുനരാവിഷ്ക്കരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

കലാപ്രവർത്തകരുടെയും ഗവേഷകരുടെയും സ്വതന്ത്ര കൂട്ടായ്മയായ കൗം (Qawm) ന്റെ ബാനറിൽ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഒരു മാസം നീണ്ടു നിൽക്കുന്ന പ്രദർശനം നടത്തപ്പെടുന്നത്. നേരത്തെ മലബാറിലെ മുസ്‍ലിം പള്ളികളുടെ ആർക്കിടെക്ചർ പ്രമേയമാക്കി ഇവർ ചെയ്ത മൺസൂൺ മോസ്ക്സ് ഓഫ് മലബാർ എന്ന ഡോക്യുമെന്ററി ശ്രദ്ധേയമായിരുന്നു.

Advertising
Advertising

Full View

നിസ്ക്കാരപ്പായകൾ വിശ്വാസികളുടെ ദിനേനയുള്ള അഞ്ചുനേരത്തെ പ്രാർഥനകളിലൂടെയും മറ്റു അവസരങ്ങളിലൂടെയുമായി മുസ്‍ലിം ജീവിതത്തിൽ ഏറെ പ്രാധാന്യം കൽപ്പിക്കപ്പെടുന്ന കാര്യമാണ്. വ്യത്യസ്തമായ പാറ്റേർണുകളിൽ മനോഹരമായി നെയ്തെടുത്ത മുസല്ലകൾ കാണാനും ഏറെ ആകർഷണീയമാണ്. അതിന്റെ കേവല മനോഹാരിതയ്ക്കപ്പുറമുള്ള അർഥതലങ്ങളെയും അത് സാധ്യമാക്കുന്ന സംസ്കാരിക വിനിമയങ്ങളെയും കുറിച്ചന്വേഷിക്കുകയും ഡോക്യുമെന്റ് ചെയ്യുകയുമാണ് മുസല്ല പ്രൊജക്റ്റ് ചെയ്യുന്നത്.

Full View

നിസ്ക്കാരപ്പായ പശ്ചാത്തലമാക്കിയുള്ള പോർട്രൈറ്റുകൾ, ഓലപ്പായ മുതൽ ഗൾഫ് മുസല്ല വരെ എത്തിനിൽക്കുന്നതിന്റെ ചരിത്രം പറയുന്ന ഫോട്ടോ സീരീസ്, മലബാറിന്റെ തനത് സാംസ്കാരികതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടുള്ള പുതിയ ഡിസൈനുകൾ, അന്താരാഷ്ട്ര കലാകാരന്മാരുടെ സൃഷ്ടികൾ, വ്യത്യസ്ത ജീവിതപശ്ചാത്തലത്തിൽ നിന്നുള്ളവരുടെ മുസല്ലയെ കുറിച്ച അഭിമുഖങ്ങൾ, വീഡിയോ ഇൻസ്റ്റലേഷനുകൾ, അക്കാദമിക പഠനങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു ബൃഹത്തായ പദ്ധതിക്കാണ് ഒരുകൂട്ടം യുവാക്കൾ ഈ മാസം ആദ്യം തുടക്കം കുറിച്ചത്. ഫാസിസ്റ്റ് പ്രതിരോധത്തിനായുള്ള ഇടം കൂടിയായി മുസല്ലകളെ ഇവർ മാറ്റിത്തീർക്കുന്നുണ്ട്. ബാബരി മസ്ജിദ് മുതൽ ഈയടുത്ത് യുപിയിൽ തകർക്കപ്പെട്ട ഗരീബ് നവാസ് മസ്ജിദ് അടക്കമുള്ളവയെ ആവിഷ്കരിക്കുന്ന നിസ്കാരപ്പായകളും ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നു.

Full View

കേരളത്തിലെ മുസ്ലിം കമ്യൂണിറ്റിയുടെ ചരിത്രവും സംസ്കാരവും സാമൂഹികതയും അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള വൈജ്ഞാനിക അന്വേഷണങ്ങൾക്കും കലാപ്രവർത്തനങ്ങൾക്കും വേദിയൊരുക്കിക്കൊണ്ട് അവയെ പോപ്പുലർ കൾച്ചറിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൗം എന്ന കൂട്ടായ്മ പ്രവർത്തിക്കുന്നത്.




Tags:    

Editor - ubaid

contributor

By - Web Desk

contributor

Similar News