ശ്രീനാഥ് ഭാസിക്കെതിരെ പൊലീസ് കേസെടുത്തു

കൊച്ചി മരട് പൊലീസാണ് ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തത്

Update: 2022-09-23 12:30 GMT
Editor : ijas

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസ് കേസെടുത്തു. അഭിമുഖത്തിനിടെ മോശമായി പെരുമാറിയെന്ന ഓണ്‍ലൈന്‍ അവതാരകയുടെ പരാതിയിലാണ് ഭാസിക്കെതിരെ കേസെടുത്തത്. കൊച്ചി മരട് പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റം ചുമത്തിയാണ് താരത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് ഒരു ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തക ശ്രീനാഥ് ഭാസിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. പുതിയ സിനിമയായ ചട്ടമ്പിയുടെ പ്രമോഷന്‍ അഭിമുഖത്തിനിടെ നടൻ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്. അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങള്‍ നടത്തിയതായും താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോട് മോശമായി പെരുമാറിയെന്നും മാധ്യമപ്രവര്‍ത്തക പരാതിയില്‍ ആരോപിക്കുന്നു. സംഭവത്തില്‍ യുവതി വനിതാ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്.

Advertising
Advertising

ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ചട്ടമ്പി. ഇന്ന് വൈകിട്ട് ആറ് മണി മുതലാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങുക. 22 ഫീമെയിൽ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റർ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അഭിലാഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ചട്ടമ്പി. ശ്രീനാഥ് ഭാസിക്ക് പുറമേ ചെമ്പൻ വിനോദ് ജോസ്, ഗ്രേസ് ആന്‍റണി, മൈഥിലി, ഗുരു സോമസുന്ദരം, ബിനു പപ്പു എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡോൺ പാലത്തറയാണ് ചിത്രത്തിന്‍റെ കഥ ഒരുക്കിയിരിക്കുന്നത്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് അലക്സ് ജോസഫ് ആണ്. ഇടുക്കിയില്‍ നടന്ന ഒരു യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്‍റെ കഥ ഒരുക്കിയിരിക്കുന്നത്.


Full View

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News