ആരാണ് ബീമാപ്പള്ളി വെടിവെപ്പിന്റെ മാലിക്?

നിരവധി പേരാണ് സിനിമയിലെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ കുറിപ്പിട്ടത്

Update: 2021-07-15 09:46 GMT
Editor : abs | By : Web Desk

ഫഹദ് ഫാസിൽ നായകനായ മഹേഷ് നാരായണൻ സിനിമ മാലിക് ചരിത്ര വസ്തുതകളെ തമസ്‌കരിച്ചെന്ന് വിമർശം. ബീമാപ്പള്ളി വെടിവെപ്പിന്റെ കഥ പറയുന്ന ചിത്രം അന്ന് അധികാരത്തിലിരുന്ന ആഭ്യന്തര മന്ത്രിയെയും സർക്കാറിനെയും കുറിച്ച് മൗനം പാലിച്ചു എന്ന വിമർശനമാണ് ഉയരുന്നത്. ബീമാപള്ളി വെടിവെപ്പ് നടന്ന സമയത്തെ മാലിക് (ഭരണാധികാരി) ആരാണെന്ന് സമൂഹമാധ്യമങ്ങൾ അന്വേഷിക്കുകയാണ്. നിരവധി പേരാണ് സിനിമയിലെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ കുറിപ്പിട്ടത്.

മാധ്യമപ്രവർത്തകൻ ഷഫീക്ക് സുബൈദ ഹക്കിം ഇതേക്കുറിച്ച് എഴുതുന്നത് ഇങ്ങനെ;

'കേരളം കണ്ട 'ആ കലാപം' അന്ന് പോലീസ് ആസൂത്രണം ചെയ്തതാണ് എന്നത് ഇത്രയും വ്യക്തമായി പറഞ്ഞതിന് മഹേഷ് നാരായണന് ഒരു കൈയ്യടി. ഒപ്പം പോലീസ് കാട്ടിക്കൂട്ടുന്ന വൃത്തികേടുകളും ഗൂഢാലോചനകളും അതേപടി പകർത്തിയതിനും. ഇതൊക്കെ ഇരിക്കുമ്പോഴും മഹേഷ് നാരായണന്റെ മാലിക് ഒരു സാമൂഹിക കുറ്റകൃത്യമാണെന്ന് ഞാൻ വിലയിരുത്തും. കാരണം അന്ന് കേരളം കണ്ട ആ കലാപമുണ്ടല്ലോ, പോലീസ് ഇറങ്ങി മനുഷ്യരെ പച്ചക്ക് വെടിവെച്ചുകൊന്ന ആ കലാപം, അത് പോലീസ് മാത്രമല്ല പ്രതി. മറിച്ച് ഇടതുപക്ഷസർക്കാർ കൂടിയാണ്. അതിനെ വളരെ തന്ത്രപൂർവ്വം മറച്ചുവെച്ച് അന്നത്തെ ഗൂഢാലോചനയ്ക്ക് മുസ്ലീം രാഷ്ട്രീയ പ്രതിനിധാനങ്ങളെ പ്രതിചേർത്തു എന്നു മാത്രമല്ല, ഇടതുപക്ഷ ഇതര മന്ത്രിസഭ ചെയ്ത, അതും മുസ്ലീം മന്ത്രിയും മുസ്ലീം രാഷ്ട്രീയവും കൂടിചേർന്ന് നടത്തിയ ഒരു കലാപവും കൂട്ടക്കുരുതിയുമായിരുന്നുവെന്ന് വരുത്തിത്തീർക്കുമ്പോൾ കേരളത്തിലെ 'മതേതര ഇടതുപക്ഷ' രോമങ്ങൾക്ക് കുളിരുണ്ടാകുമായിരിക്കാം. എന്നാൽ അതൊരു ചതിയും സാമൂഹിക കുറ്റകൃത്യവുമായിരിക്കും. ഇന്നത്തെ സി.പി.ഐ.എം അനിഷേധ്യ നേതാവ് കൊടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് ആ കൂട്ടക്കുരുതി അങ്ങേരുടെ നേതൃത്വത്തിൽ സംഭവിച്ചത് എന്നു പറയാൻ മഹേഷ് നാരായണന് നട്ടെല്ലുണ്ടോ? വസ്തുത വസ്തുതയായി പറയാതെ മുസ്ലീം രാഷ്ട്രീയക്കാർ ഗൂഢാലോചന നടത്തി പോലീസുകാർ ചെയ്ത ഒന്നായി ആ കലാപത്തെയും കൂട്ടക്കുരുതുയെയും ചിത്രീകരിക്കുമ്പോൾ മഹേഷ് നാരായണൻ, താങ്കളുടെ 'മാലിക്കും' പഴയ സിനിമാ ക്ലീഷേകളിലേക്കാണ് വരവുവെക്കപ്പെടുന്നത്'

Advertising
Advertising

എഴുത്തുകാരൻ റഫീഖ് തിരുവള്ളൂർ സിനിമയിലെ രാഷ്ട്രീയത്തെ കുറിച്ച് എഴുതുന്നത് ഇപ്രകാരമാണ്. 'മാലിക്കിൽ മഹല്ലു ജമാഅത്തും ഐ.യു.ഐ.എഫ് ആപ്പീസും ധാരാളം പച്ചക്കൊടികളും തക്ബീർ വിളികളുമുണ്ട്, ഒരൊറ്റ ചെങ്കൊടിയും രണ്ടു തുറയിലും വരാതിരിക്കാനുള്ള മുന്തിയ കരുതൽ ഉണ്ട്. ദിലീഷ് പോത്തന്റെ മുഖത്തു വന്നു വീണ ആ കല്ല് വെറുമൊരു എം.എൽ.എ അബുവിനു മാത്രമുള്ള ഏറല്ല, അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി വി.എസ് അച്യുതാനന്തനും കൂടിയുള്ളതാണ് എന്നു സംവിധായകനെ ഓർമ്മിപ്പിച്ചു കിടന്നുറങ്ങുന്നു'

വിഷ്ണു പത്മനാഭൻ കുറിക്കുന്നത് ഇങ്ങനെ; 'ഗവൺമെൻറിനെ ,അതോറിറ്റിയെ അതിന്റെ അതി ഭയങ്കരമായ പവറിനെ ഒക്കെ അണ്ടർ എസ്റ്റിമേറ്റ് ചെയ്താണ് സിനിമയിൽ കാണിക്കുന്നത് , ഒരു ലോക്കൽ പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ വിചാരിച്ചാൽ ജീവിതം കട്ട പൊക ആകാവുന്ന ഒരു സിസ്റ്റത്തിൽ നിന്നാണ് ടാഡ കേസ് അടക്കമുള്ള ഒരാളെ പിടിക്കാനും ഇല്ലായ്മ ചെയ്യാനുമൊക്കെ ഗവൻമെൻറും ഒരു ജില്ലയിലെ പോലീസ് നേതൃത്വവുമൊക്കെ പെടാപ്പാട് പെടുന്നത് എന്നതൊക്കെ ഭയങ്കര ഫലിത യുക്തിയിലേക്ക് പോകുന്നുണ്ട്.'

'ഒരു സിനിമ എന്ന നിലയിൽ മഹേഷിന്റെ ടേക്കോഫ് പോലെത്തന്നെ അപാരമാണ് മാലിക്. ശ്വാസമടക്കി കണ്ടിരിക്കാം. കഥാപാത്രത്തിനു വേണ്ടി ശരീരം വിട്ടുകൊടുക്കുന്ന ഫഹദിന്റെ മേക്കോവർ അതിഗംഭീരമാണ്. വിനയ് ഫോർട്ടും നിമിഷയും ഉൾപ്പെടെ എല്ലാവരും അതിൽ ജീവിച്ചു. പക്ഷേ, സുലൈമാൻ ഇറക്കുമതി ചെയ്യുന്ന കള്ളക്കടത്ത് സാധനങ്ങൾ എന്താണെന്നറിയാത്തതു പോലെ കാഴ്ചക്കാരിലേക്ക് ചില ഇറക്കുമതികൾ നടത്താൻ സംവിധായകൻ ബോധപൂർവ്വം ശ്രമിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ. അതുകൊണ്ട് തന്നെ തങ്ങളുടെ മക്കൾ എന്തിനാണ് കൊല്ലപ്പെട്ടത് എന്നു പോലും അറിയാത്ത ബീമാപ്പള്ളിക്കാർക്കു നേരെയുള്ള സിനിമാക്കാരന്റെ രണ്ടാം വെടിവെപ്പ് എന്നു തന്നെ മാലികിനെ വിശേഷിപ്പിക്കേണ്ടി വരും. ഇതൊരു കല്പിത കഥയാണെന്നും ഏതെങ്കിലും വ്യക്തിയുടെയോ സമുദായത്തിന്റെയോ വികാരം വ്രണപ്പെടുത്തുക ഉദ്ദേശ്യമല്ലെന്നുമുള്ള സിനിമ തുടങ്ങുമ്പോഴുള്ള ഡിസ്‌ക്ലൈമർ സംവിധായകന്റെ മുൻകൂർ ജാമ്യാപേക്ഷ മാത്രമാണ്. ചെയ്ത കുറ്റം കുറ്റമല്ലാതാകുന്നില്ല.' - എന്നാണ് എഴുത്തുകാരൻ ഷരീഫ് സാഗർ ചൂണ്ടിക്കാട്ടുന്നത്.

2009 മെയ് 17നായിരുന്നു തിരുവനന്തപുരം ബീമാപ്പള്ളിയിലെ വെടിവെപ്പ്. ആറു പേർക്ക് കൊല്ലപ്പെടുകയും അമ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിപിഎമ്മിന്റെ മുതിർന്ന നേതാവായ കോടിയേരി ബാലകൃഷ്ണനായിരുന്നു അന്നത്തെ ആഭ്യന്തര മന്ത്രി. 

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News