ഷൂട്ടിങ്ങിനായി ഒരുക്കിയ കിടക്കകളും സ്ട്രെച്ചറുകളും കോവിഡ് രോഗികള്‍ക്ക് നൽകി 'രാധേ ശ്യാം' ടീം

രാധേ ശ്യാമിന്‍റെ അവസാന ഷെഡ്യൂൾ ഹൈദരാബാദിൽ നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഇത് നിർത്തിവെച്ചു

Update: 2021-05-11 14:31 GMT
Editor : Jaisy Thomas | By : Web Desk

നമ്മള്‍ വിചാരിച്ചതിനെക്കാള്‍ ഭയാനകമാണ് കോവിഡ് രണ്ടാം തരംഗം. മഹാമാരിയെ തടുക്കാനാവാതെ വലയുകയാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍. ചികിത്സാസൌകര്യങ്ങളില്ലാത്തതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പല സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ കിടക്കകളില്ല, ഓക്സിജനില്ല...അങ്ങനെ ഇല്ലായ്മയുടെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട്. സന്നദ്ധ സംഘടനകളും മറ്റും ഈ സാഹചര്യത്തില്‍ സഹായവുമായി മുന്നിട്ടിറങ്ങുന്നത് ആശ്വാസം തന്നെയാണ്. സിനിമാ പ്രവര്‍ത്തകരും സേവനവുമായി രംഗത്തുണ്ട്.

തെലങ്കാനയിലെയും സ്ഥിതി വ്യത്യസ്തമല്ല. ആശുപത്രികളിൽ കിടക്കകൾക്ക് വലിയ ക്ഷാമമാണ് നേരിടുന്നത്. ഇപ്പോള്‍ രാധേ ശ്യാം സിനിമയുടെ ഷൂട്ടിങ്ങിനു ഉപയോഗിച്ച കിടക്കകൾ ആശുപത്രികളിലേക്ക് എത്തിക്കുകയാണ് രാധേ ശ്യാം ടീം. രാധേ ശ്യാമിന്‍റെ അവസാന ഷെഡ്യൂൾ ഹൈദരാബാദിൽ നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഇത് നിർത്തിവെച്ചു. ഷൂട്ടിന്‍റെ ഭാഗമായി കിടക്കകൾ, സ്ട്രെച്ചറുകൾ, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു വലിയ സെറ്റ് സ്ഥാപിച്ചിരുന്നു. ഇവയെല്ലാം സർക്കാർ ആശുപത്രികളിലേക്ക് സംഭാവന ചെയ്തിട്ടുണ്ട് ടീം.

Advertising
Advertising

ഇറ്റലിയിലെ 70 കളിലെ ആശുപത്രിയായി പ്രത്യേകം നിർമ്മിച്ച ഈ സെറ്റിൽ 50 കസ്റ്റം ബെഡ്ഡുകൾ, സ്ട്രെച്ചറുകൾ, പിപിഇ സ്യൂട്ടുകൾ, മെഡിക്കൽ ഉപകരണ സ്റ്റാൻഡുകൾ, ഓക്സിജൻ സിലിണ്ടറുകൾ എന്നിവ ഉണ്ടായിരുന്നു. കിടക്കകള്‍ വലുതും ബലമുള്ളതും രോഗികള്‍ക്ക് സൌകര്യപ്രദവുമാണെന്ന് പ്രൊഡക്ഷന്‍ ഡിസൈനര്‍ രവീന്ദര്‍ റെഡ്ഡി പറഞ്ഞു. സെറ്റിലുണ്ടായിരുന്നവ ഏകദേശം 9 ട്രക്കുകളിലായിട്ടാണ് മാറ്റിയത്.

പ്രണയം പ്രമേയമായി ഒരുങ്ങുന്ന ചിത്രമാണ് രാധേ ശ്യാം. പ്രഭാസും പൂജ ഹെഗ്ഡെയുമാണ് നായികാനായകന്‍മാര്‍. രാധാ കൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ഒരുക്കുന്നത്.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News