വെള്ളിത്തിരയിലെ നെടുമുടിക്കാലം അവസാനിക്കുന്നേയില്ല...

നായകനായും സഹനടനായും വില്ലനായും നെടുമുടി വേണു അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഒട്ടനവധിയാണ്

Update: 2021-10-11 08:52 GMT

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായ നെടുമുടി വേണുവിന് മലയാള സിനിമാ ചരിത്രത്തോളം തന്നെ പ്രാധാന്യമുണ്ട്. ഏതു വേഷവും അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിവുള്ള നടന്‍. നായകനായും സഹനടനായും വില്ലനായും നെടുമുടി വേണു അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഒട്ടനവധിയാണ്. മികച്ച കഥാപാത്രങ്ങളുടെ ഉത്സവമായിരുന്നു നെടുമുടിക്കാലം.

കുട്ടനാടിന്റെ ഓരങ്ങളിലെവിടെയോ ലക്ഷ്യബോധമില്ലാതെ അലഞ്ഞു തിരിഞ്ഞ വേണു എന്ന ചെറുപ്പക്കാരനെ അരങ്ങിന്റെ ലോകത്തേയ്ക്ക് കൈപിടിച്ചുയർത്തിയത് നാടക കുലപതി കാവാലം നാരായണപ്പണിക്കരാണ്. സിനിമയിൽ നെടുമുടി നിറഞ്ഞാടിയ വർഷങ്ങൾ എൺപതുകളും തൊണ്ണൂറുകളുമായിരുന്നു. 1978ൽ അരവിന്ദന്‍റെ തമ്പിലൂടെയാണ് നെടുമുടി സിനിമയുടെ ഭാഗമാകുന്നത്.

Advertising
Advertising

ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. ഒരിടത്തൊരു ഫയല്‍വാന്‍ എന്ന ചിത്രം കാരണവര്‍ വേഷങ്ങളിലേക്കുള്ള ചുവടുമാറ്റത്തിനു വഴിവച്ചു. വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടന്‍മാരില്‍ ഒരാളായി നെടുമുടി വേണു മാറുകയായിരുന്നു. ലഭിച്ച കഥാപാത്രങ്ങളിൽ നിറച്ച പൂർണത പിന്നീട് പത്മരാജൻ, ഭരതൻ, സത്യൻ അന്തിക്കാട് തുടങ്ങി പല സംവിധായകരുടെ ചിത്രങ്ങളിലും അദ്ദേഹത്തെ സ്ഥിരം സാന്നിധ്യമാക്കി മാറ്റി.

തകരയിൽ ചെല്ലപ്പനാശാരിയായി, കള്ളൻ പവിത്രനിൽ പവിത്രനായി, വന്ദനത്തിൽ കുര്യൻ ഫെർണാണ്ടസായി, ഹിസ് ഹൈനസ് അബ്ദുല്ലയിൽ ഉദയവർമ തമ്പുരാനായി, ഭരതത്തിൽ രാമേട്ടനായി, ദേവാസുരത്തിൽ അപ്പു മാസ്റ്ററായി, തേന്മാവിൻ കൊമ്പത്തിൽ ശ്രീകൃഷ്ണൻ തമ്പുരാനായി അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത കഥാപാത്രങ്ങൾക്ക് നെടുമുടി വേണുവിലൂടെ ജീവന്‍ വെച്ചു. അഭിനയത്തോടൊപ്പം സംഗീതത്തെയും മനസ്സിൽ പ്രതിഷ്‌ഠിച്ചു.

മൃദംഗത്തിന്റെ താളം ജീവിത താളമാക്കി. കുട്ടനാട്ടിലെ നെടുമുടി ഗ്രാമത്തിലെ അന്തരീക്ഷം അഭിനയസപര്യക്ക് ഊർജമായി. പ്രിയപ്പെട്ടൊരാൾ പൊടുന്നനെ യാത്ര പറഞ്ഞിറങ്ങുന്നത് പോലെയാണ് എങ്കിലും വെള്ളിത്തിരയിലെ നെടുമുടിക്കാലം അവസാനിക്കുന്നതേയില്ല.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News