'അദ്ദേഹത്തോടുള്ള ആരാധകരുടെ സ്നേഹം കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്'; വിജയകാന്തിനെ അനുസ്മരിച്ച് റഹ്മാന്‍

ഇന്നലെയാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് വിജയകാന്ത് അന്തരിച്ചത്

Update: 2023-12-29 06:57 GMT
Advertising

അന്തരിച്ച തമിഴ് നടൻ വിജയകാന്തുമായുള്ള ഓർമകൾ പങ്കവെച്ച് നടൻ റഹ്‌മാൻ. ഒരു സിനിമയിൽ മാത്രമേ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളുവെങ്കിലും അദ്ദേഹത്തിന്റെ സ്‌നേഹവും സൗഹൃദവും എക്കാലും തന്റെയുള്ളിലുണ്ടാകുമെന്ന് റഹ്മാന്‍ പറയുന്നു. ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'പ്രിയപ്പെട്ട 'ക്യാപ്റ്റൻ' വിജയകാന്ത് ഓർമ്മയായി. ഞങ്ങൾ തമ്മിൽ ഒരു സിനിമയിലെ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളൂ. അതും എത്രയോ വർഷങ്ങൾക്കു മുൻപാണ്. പക്ഷേ ഇപ്പോഴും അദ്ദേഹത്തിന്റെ സ്‌നേഹവും കരുതലും സൗഹൃദവും എന്റെ ഉള്ളിൽ നിറഞ്ഞ് നിൽക്കുന്നു. നടൻ വിജയ് യുടെ അച്ഛനായ എസ്.എ ചന്ദ്രശേഖർ സംവിധാനം ചെയ്ത വസന്ത രാഗം എന്ന ആ സിനിമ തമിഴിലെ എന്റെ മൂന്നാമത്തെ ചിത്രമായിരുന്നു. ഒരു ത്രികോണ പ്രണയകഥ പറഞ്ഞ ആ ചിത്രത്തിൽ സുധാചന്ദ്രൻ ആയിരുന്നു ഞങ്ങൾ രണ്ടുപേരുടെയും നായിക. ബാലതാരമായി വിജയിയും ആ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സൂപ്പർ സംവിധായകൻ ശങ്കറും ഏതോ ചെറിയ വേഷത്തിൽ അതിൽ അഭിനയിച്ചിട്ടുണ്ട് എന്ന് ഓർക്കുന്നു. പിന്നീട് ഒരു ചിത്രത്തിലും ഒന്നിച്ച് അഭിനയിക്കാൻ സാധിച്ചിട്ടില്ലെങ്കിലും വിജയകാന്തിന് എന്നും എന്നോട് പ്രത്യേക സ്‌നേഹവും വാത്സല്യവും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആരാധകർക്ക് അദ്ദേഹത്തോടുള്ള ഇഷ്ടത്തിന്റെ ആഴം കണ്ട് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയത്തിലും അദ്ദേഹത്തിൻറെ നിലപാടുകൾ ഉറച്ചതായിരുന്നു. അദ്ദേഹത്തിൻറെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു. ആദരാഞ്ജലികൾ... റഹ്‌മാൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.


അതേസമയം അന്തരിച്ച വിജയകാന്തിൻറെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. സംസ്‌കാരം വൈകിട്ട് 4.30ന് കോയമ്പേടുള്ള പാർട്ടി ആസ്ഥാനത്ത് നടക്കും. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഉൾപ്പെടെ രാഷ്ട്രീയ രംഗത്തെയും സിനിമ രംഗത്തെയും പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. ഇന്നലെ പുലർച്ചെ ചെന്നെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു വിജയകാന്തിൻറെ അന്ത്യം. കുറച്ചുവർഷമായി പാർട്ടിപ്രവർത്തനത്തിൽ സജീവമല്ലാതിരുന്ന വിജയകാന്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. വിജയകാന്തിന്റെ അഭാവത്തിൽ ഭാര്യ പ്രേമലതയാണ് പാർട്ടിയെ നയിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതിനിടെയാണ് വിയോഗം.

1952 ആഗസ്റ്റ് 25-ന് തമിഴ്‌നാട്ടിലെ മധുരൈയിലായിരുന്നു വിജയകാന്തിന്റെ ജനനം. വിജയരാജ് അളകർസ്വാമി എന്നാണ് യഥാർത്ഥ പേര്. കരിയറിലുടനീളം തമിഴ് സിനിമയിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച വിജയകാന്ത് 'പുരട്ചി കലൈഞ്ജർ' എന്നും 'ക്യാപ്റ്റൻ' എന്നുമാണ് ആരാധകർക്കിടയിൽ അറിയപ്പെട്ടിരുന്നത്. എം.എ. കാജാ സംവിധാനം ചെയ്ത് 1979-ൽ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ ആയിരുന്നു ആദ്യചിത്രം.

1980 കളിലാണ് ആക്ഷൻ ഹീറോ പരിവേഷത്തിലേക്ക് വിജയകാന്ത് ഉയരുന്നത്. നൂറാം ചിത്രമായ ക്യാപ്റ്റൻ പ്രഭാകർ ഇന്നും തമിഴിലെ ക്ലാസിക് ചിത്രമായാണ് അറിയപ്പെടുന്നത്. ഈ ചിത്രത്തോടെ ക്യാപ്റ്റനെന്നും ആരാധകർ അദ്ദേഹത്തെ വിളിച്ചുതുടങ്ങി. നൂറാവത് നാൾ, വൈദേഹി കാത്തിരുന്താൾ, ഊമൈ വിഴിഗൾ, പുലൻ വിസാരണൈ, സത്രിയൻ, കൂലിക്കാരൻ, വീരൻ വേലുത്തമ്പി, സെന്തൂരപ്പൂവേ, എങ്കൾ അണ്ണ, ഗജേന്ദ്ര, ധർമപുരി, രമണ തുടങ്ങി 154 ചിത്രങ്ങളിൽ അഭിനയിച്ചു. 2010-ൽ വിരുദഗിരി എന്ന ചിത്രത്തിലൂടെ സംവിധായകനുമായി. പ്രധാനവേഷത്തിൽ അവസാനമായി എത്തിയ ചിത്രവും ഇതുതന്നെയാണ്. 2015-ൽ മകൻ ഷൺമുഖ പാണ്ഡ്യൻ നായകനായെത്തിയ സഗാപ്തം എന്ന ചിത്രത്തിൽ അതിഥിവേഷത്തിലുമെത്തിയിരുന്നു.

1994-ൽ എം.ജി.ആർ പുരസ്‌കാരം, 2001-ൽ കലൈമാമണി പുരസ്‌കാരം, ബെസ്റ്റ് ഇന്ത്യൻ സിറ്റിസെൻ പുരസ്‌കാരം, 2009-ൽ ടോപ്പ് 10 ലെജൻഡ്‌സ് ഓഫ് തമിഴ് സിനിമാ പുരസ്‌കാരം, 2011-ൽ ഓണററി ഡോക്ടറേറ്റ് എന്നിവ വിജയകാന്തിനെ തേടിയെത്തി. 2005-ലാണ് ദേശീയ മുർപ്പോക്ക് ദ്രാവിഡ കഴകം (ഡി.എം.ഡി.കെ) എന്ന രാഷ്ട്രീയ പാർട്ടി വിജയകാന്ത് രൂപീകരിച്ചത്. 2006-ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ 234 സീറ്റുകളിലും മത്സരിച്ചെങ്കിലും വിജയകാന്ത് മത്സരിച്ച മണ്ഡലത്തിൽ മാത്രമേ വിജയം നേടാനായുള്ളു. വിരുധാചലം, റിഷിവന്ദ്യം മണ്ഡലങ്ങളിൽനിന്ന് ഓരോ തവണ വിജയിച്ചു. 2011-2016 കാലയളവിൽ തമിഴ്‌നാടിന്റെ പ്രതിപക്ഷനേതാവുമായിരുന്നു വിജയകാന്ത്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News