റാംജിറാവു സ്പീക്കിംഗ് കാണാന്‍ ആദ്യമൊന്നും ആളുണ്ടായിരുന്നില്ല,പിന്നിടങ്ങോട്ടുള്ള ദിവസങ്ങളില്‍ തിയറ്റുകള്‍ ഹൗസ്ഫുള്ളായി

പിന്നീടങ്ങോട്ടുള്ള സിദ്ദിഖ് ലാൽ സിനിമകൾ ഒന്നു വിടാതെ കണ്ടു ചിരിച്ചു

Update: 2023-08-09 05:31 GMT
Editor : Jaisy Thomas | By : Web Desk

റാംജി റാവു സ്പീക്കിംഗില്‍ നിന്ന്

സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ആദ്യചിത്രമാണ് റാംജി റാവു സ്പീക്കിംഗ്. 1989ല്‍ പുറത്തിറങ്ങിയ സായി കുമാർ, മുകേഷ്, ഇന്നസെന്‍റ്, രേഖ, വിജയരാഘവൻ, ദേവൻ, മാമുക്കോയ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിയറ്ററില്‍ പൊട്ടിച്ചിരി പടര്‍ത്തിയ ചിത്രം ആദ്യമൊന്നും കാണാന്‍ ആളില്ലായിരുന്നു. പിന്നീടാണ് പതിയെ പതിയെ തിയറ്റര്‍ നിറഞ്ഞതും ചിത്രം ഹിറ്റാകുന്നതും. സിദ്ദിഖ് മറയുമ്പോള്‍ മലയാള സിനിമയില്‍ നിന്നും ഒരു ചിരിമഴ പെയ്തുതീരുകയാണ്. മലയാളിയെ പൊട്ടിച്ചിരിപ്പിച്ച സിദ്ദിഖ് സാർ അവരുടെ കണ്ണുനിറച്ചുകൊണ്ട് യാത്രയാവുകയാണെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍ കുറിച്ചു.

Advertising
Advertising

സിദ്ധുവിന്‍റെ കുറിപ്പ്

റാംജിറാവു സ്പീക്കിംഗ് എന്ന സിനിമ ഞാൻ തിയറ്ററിൽ കാണുമ്പോൾ തിയറ്ററിൽ വലിയ തിരക്കുണ്ടായിരുന്നില്ല. പക്ഷേ സിനിമ കാണാൻ ഉണ്ടായിരുന്നവരെല്ലാം പൊട്ടിപ്പൊട്ടി ചിരിക്കുകയായിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ തിയേറ്റർ നിറഞ്ഞു കവിഞ്ഞു.പിന്നീടങ്ങോട്ടുള്ള സിദ്ദിഖ് ലാൽ സിനിമകൾ ഒന്നു വിടാതെ കണ്ടു ചിരിച്ചു.

സിദ്ദിഖ് സാർ ഒറ്റയ്ക്ക് സംവിധാനം ചെയ്തു തുടങ്ങിയപ്പോൾ നായകൻ മമ്മൂട്ടി സാറായിരുന്നു. മമ്മൂട്ടി സാറിനെ വെച്ച് തമാശയോ എന്ന സംശയത്തിൽ പടം കാണാൻ പോയപ്പോൾ ചിരിയുടെ പൊടിപൂരം. അങ്ങനെ ചിരിയുടെ രാജാവായി സിദ്ദിഖ് സാർ തിളങ്ങി നിൽക്കുമ്പോഴാണ് ഞാൻ അദ്ദേഹത്തിന്‍റെ സിനിമ വർക്ക് ചെയ്യാൻ എത്തുന്നത്. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമ്മിച്ച് ലാലേട്ടൻ നായകനായ "ലേഡീസ് ആൻഡ് ജെന്റിൽമാൻ".

ആന്‍റണിയുടെ നിർദ്ദേശം അനുസരിച്ച് ഞാൻ സിദ്ദിഖ് സാറിനെ കാണാൻ പോയി. ബോഡിഗാർഡ് എന്ന സിനിമ ഹിന്ദിയിൽ ചെയ്തു വൻ വിജയമാക്കി 100 കോടി ക്ലബ്ബിൽ കയറിയിട്ടുള്ള വരവാണ്. 100 കോടി എന്നത് മലയാളിയുടെ സ്വപ്നത്തിൽ പോലും ഇല്ലാത്ത കാലം. ലേഡീസ് ആൻഡ് ജെന്റിൽ മാൻ എന്ന സിനിമയുടെ സ്ക്രിപ്റ്റ് വിശദമായി പറഞ്ഞു തരുമ്പോൾ ഞാൻ അദ്ദേഹത്തെ കൗതുകത്തോടെ നോക്കിയിരിക്കുകയായിരുന്നു. നൂറുകോടി എന്നത് തന്നെയായിരുന്നു ആ കൗതുകത്തിന് കാരണം.

പിന്നീട് ലൊക്കേഷൻ നോക്കുന്നത് മുതൽ റിലീസ് വരെ അദ്ദേഹത്തിന്‍റെ കൂടെ, നൂറോളം ദിവസം ഷൂട്ടിംഗ് ഉണ്ടായിരുന്നു ആ സിനിമയ്ക്ക്. വളരെ സൗമ്യനായി പെരുമാറുന്ന ഒരാൾ. ചിരി മുഖത്തുനിന്നും മായാത്ത ഒരാൾ. ദേഷ്യം വരാത്ത ഒരാൾ. ഇത് മൂന്നും ചേർന്നാൽ സിദ്ദിഖ് സാറായി.എന്‍റെ മൂത്തമകൻ അദ്ദേഹത്തിന്‍റെ സിനിമയിൽ ചെറിയൊരു വേഷം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്‍റെ മകളുടെ കല്യാണം വന്നപ്പോൾ എന്നെ ക്ഷണിച്ചു. എന്‍റെ മകനെയും നേരിട്ട് ഫോണിൽ വിളിച്ച് അദ്ദേഹം ക്ഷണിച്ചു. ഒരിക്കൽ പരിചയപ്പെട്ട ആളെ അദ്ദേഹം മറക്കാറില്ല എന്നതിന് ഉദാഹരണമായിരുന്നു അത്. സിദ്ദിഖ് സാറിനെ പോലെ വലിയ ഒരു ഡയറക്ടർ തന്റെ സിനിമയിൽ ചെറിയൊരു വേഷം ചെയ്ത ആളെ ഓർക്കണം എന്നുതന്നെയില്ല.

കൗണ്ടർ അടിക്കുന്നതിൽ മിടുക്കന്മാർ ആയിരുന്നല്ലോ സിദ്ദിഖ് ലാല്‍. റാംജിറാവ് സ്പീക്കിംഗ്, ഇൻ ഹരിഹർ നഗർ എന്നീ സിനിമകൾ സൂപ്പർ ഹിറ്റ് ആയപ്പോൾ ചലച്ചിത്രലോകം മൊത്തത്തിൽ അന്വേഷണം തുടങ്ങി ഇവർ ഇനി അടുത്ത സിനിമ ആർക്കുവേണ്ടിയാണ് ചെയ്യുന്നത്. ആ ഭാഗ്യവാൻ ആരാണ്. അപ്പോൾ ഒരു ശ്രുതി പരന്നു തിരുവനന്തപുരത്തുള്ള രാധാകൃഷ്ണൻ എന്ന പ്രൊഡ്യൂസർക്ക് വേണ്ടിയാണ് ഇവരുടെ അടുത്ത സിനിമ. രാധാകൃഷ്ണൻ അ പ്പി രാധാകൃഷ്ണൻ എന്നാണ് സിനിമ മേഖലയിൽ അറിയപ്പെടുന്നത്. ഞങ്ങളൊക്കെ അപ്പി അണ്ണൻ എന്നാണ് വിളിക്കുക. തിരുവനന്തപുരത്ത് ഓമനിച്ചു വിളിക്കുന്നതാണ് അപ്പി എന്നത്. ഇടയ്ക്ക് ഒരു സിനിമാ പത്രപ്രവർത്തകൻ സിദ്ദിഖിനെ കണ്ടപ്പോൾ ചോദിച്ചു. നിങ്ങൾ അപ്പിക്കു വേണ്ടിയാണോ അടുത്ത പടം ചെയ്യുന്നത്. അല്ല അന്നത്തിനുവേണ്ടി, ഉടൻ വന്നു സിദ്ദിഖിന്‍റെ മറുപടി. ഇത് സംഭവിച്ചതാകാം അല്ലെങ്കിൽ സാങ്കൽപിക കഥയും ആവാം. എന്തുതന്നെയായാലും എന്ത് ചോദ്യത്തിനും രസകരമായ കൗണ്ടർ ഇവരിൽ നിന്നും പ്രതീക്ഷിക്കാം.

മലയാള സിനിമയിൽ നിന്ന് ചിരിയാണ് മാഞ്ഞുപോകുന്നത്. മലയാളിയെ പൊട്ടിച്ചിരിപ്പിച്ച സിദ്ദിഖ് സാർ അവരുടെ കണ്ണുനിറച്ചുകൊണ്ട് യാത്രയാവുകയാണ്. ഇനിയൊരു മടങ്ങി വരവില്ലാത്ത യാത്ര. യാത്രയാകുമ്പോഴും അദ്ദേഹം ചിരിക്കുക തന്നെയാവും. ചിരിയില്ലാതെ സിദ്ദിഖ് സാര്‍ ഇല്ലല്ലോ. ഇനി സിദ്ദിഖ് സാര്‍ ഇല്ല ആ ചിരിയുമില്ല.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News