ബോക്‌സോഫിസിൽ ഓളമുണ്ടാക്കാനാകാതെ 'സ്വതന്ത്ര വീർ സവർക്കർ'; ഇടിഞ്ഞിടിഞ്ഞ് കളക്ഷൻ

വി.ഡി സവർക്കറെക്കുറിച്ചുള്ള തെറ്റിദ്ധാരണങ്ങൾക്കും തെറ്റായ പ്രചാരണങ്ങൾക്കുമുള്ള മറുപടിയായിരിക്കും തന്റെ ചിത്രമെന്നാണ് സംവിധായകൻ കൂടിയായ ബോളിവുഡ് താരം രൺദീപ് ഹൂഡ അവകാശപ്പെട്ടിരുന്നത്

Update: 2024-03-28 10:38 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: ബോക്‌സോഫിസിൽ നനഞ്ഞ പടക്കമായി 'സ്വതന്ത്ര വീർ സവർക്കർ'. വലിയ ആഘോഷങ്ങളോടെയും പ്രചാരണങ്ങളോടെയുമാണ് സംഘ്പരിവാർ ആചാര്യൻ വി.ഡി സവർക്കറുടെ ബയോപിക്ക് തിയറ്ററിൽ റിലീസായത്. എന്നാൽ, റിലീസായി ഒരാഴ്ച പിന്നിടുമ്പോൾ ബോക്‌സോഫിസ് കളക്ഷൻ പത്തു കോടി കടക്കാൻ ബുദ്ധിമുട്ടുകയാണെന്നാണ് റിപ്പോർട്ട്.

ബുധനാഴ്ച തിയറ്ററിൽ മോശം കളക്ഷനാണു ചിത്രത്തിനു ലഭിച്ചത്. തിയറ്റർ പ്രതികരണം ട്രാക്ക് ചെയ്യുന്ന പോർട്ടലായ സാക്‌നിൽക് ഡോട്ട് കോം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഓരോ ദിവസവും ചിത്രത്തിന്റെ കളക്ഷൻ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. വാരാന്ത്യങ്ങളിൽ പോലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായിട്ടില്ല.

ആദ്യദിനം 1.05 കോടി രൂപയാണ് വീർ സവർക്കർ തിയറ്ററിൽനിന്നു നേടിയത്. തൊട്ടടുത്ത രണ്ടു ദിവസം വാരാന്ത്യദിനങ്ങളായതിനാൽ ഭേദപ്പെട്ട പ്രകടനമാണു കാഴ്ചവച്ചത്. രണ്ടാം ദിനം 2.25 കോടിയും മൂന്നാം ദിനം 2.7 കോടിയും നേടി. എന്നാൽ, തുടർന്നുള്ള ദിവസങ്ങളിൽ ഓരോ ദിവസവും കളക്ഷൻ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. മൂന്നാം ദിനം നേടിയത് 2.15 ആണ്. 20.37 ശതമാനമാണ് ഇടിവുണ്ടായത്. നാലാം ദിവസം 1.05 കോടിയായി കുറഞ്ഞു; 51.16 ശതമാനത്തിന്റെ ഇടിവ്.

ആറാം ദിവസമായ ബുധനാഴ്ചത്തേത്താണ് ഏറ്റവും മോശം പ്രകടനം. 93 ലക്ഷമാണ് ലഭിച്ചത്. 11.43 ശതമാനത്തിന്റെ കുറവ്. ഒരാഴ്ച പൂർത്തിയാകുന്ന ഇന്ന് ഇതുവരെ 29 ലക്ഷമാണ് ചിത്രം നേടിയതെന്നാണ് സാക്‌നിൽക് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതുവരെ 10.42 കോടി രൂപയാണ് ചിത്രം തിയറ്ററിൽനിന്നു സ്വന്തമാക്കിയത്.

വലിയ തോതിലുള്ള രാഷ്ട്രീയ പിന്തുണയ്ക്കും പ്രചാരണങ്ങൾക്കുമിടയിലാണ് ചിത്രം തിയറ്ററിൽ തരംഗമുണ്ടാക്കാനാകാതെ മുന്നോട്ടുപോകുന്നത്. വി.ഡി സവർക്കറെക്കുറിച്ചുള്ള തെറ്റിദ്ധാരണങ്ങൾക്കും തെറ്റായ പ്രചാരണങ്ങൾക്കുമുള്ള മറുപടിയായിരിക്കും തന്റെ ചിത്രമെന്നാണ് സംവിധായകൻ കൂടിയായ ബോളിവുഡ് താരം രൺദീപ് ഹൂഡ അവകാശപ്പെട്ടിരുന്നത്. ജനം വലിയ തോതിൽ ഏറ്റെടുക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചിരുന്നു.

ചൂഡയുടെ കന്നി സംവിധാന ചിത്രം കൂടിയായ വീർ സവർക്കർ മാർച്ച് 22നാണ് ചിത്രം തിയറ്ററിലെത്തിയത്. ഹൂഡ തന്നെയാണു ചിത്രത്തിൽ സവർക്കറുടെ റോളിലെത്തുന്നത്. അങ്കിത ലോഖൻഡെ, അമിത് സിയാൽ, രാജേഷ് ഖേര എന്നിവരാണു പ്രധാന വേഷങ്ങളിലെത്തുന്ന മറ്റു താരങ്ങൾ.

ചിത്രവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളുമുണ്ടായിരുന്നു. മഹേഷ് മഞ്ജരേക്കർ സംവിധാനം ചെയ്യുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, രൺദീപ് ഹൂഡയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് മഞ്ജരേക്കർ പ്രോജക്ടിൽനിന്നു പിന്മാറി. ഹൂഡ അനാവശ്യമായി ചിത്രത്തിൽ ഇടപെട്ടെന്ന് ആരോപിച്ചായിരുന്നു പിന്മാറ്റം. പല ഭാഗങ്ങളിലും അദ്ദേഹത്തിനു താൽപര്യമുള്ള തിരുത്തുകൾ ആവശ്യപ്പെട്ടെന്നും മഞ്ജരേക്കർ തുറന്നടിച്ചു. മഹേഷ് മഞ്ജരേക്കർ സംവിധാനം ഉപേക്ഷിച്ചതോടെ ഹൂഡ തന്നെ ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു.

സീ സ്റ്റുഡിയോസ്, ആനന്ദ് പണ്ടിറ്റ്, സന്ദീപ് സിങ് എന്നിവരാണു നിർമാതാക്കൾ. രൂപ പണ്ഡിറ്റ്, സാം ഖാൻ, അൻവർ അലി, പാഞ്ചാലി ചക്രവർത്തി എന്നിവർ സഹനിർമാതാക്കളുമാണ്. രൺദീപ് ഹൂഡയും ഉത്കർഷ് നൈതാനിയും ചേർന്നാണു തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ഹിന്ദിക്കു പുറമെ മറാഠിയിലും ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്.

Summary: Randeep Hooda's 'Swatantra Veer Savarkar' dips further in box office collection

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News