'സല്യൂട്ടിന്‍റെ ആദ്യ കരാര്‍ സോണി ലിവുമായി, ഒ.ടി.ടി റിലീസ് തിയറ്ററുടമകളെ അറിയിച്ചിരുന്നു'; വിലക്കില്‍ പ്രതികരിച്ച് ദുല്‍ഖറിന്‍റെ നിര്‍മാണ കമ്പനി

നവംബറിന് ശേഷം കുറുപ്പ്, ഉപചാരപൂര്‍വം ഗുണ്ട ജയന്‍ എന്നിങ്ങനെ രണ്ട് സിനിമകളാണ് വേഫെയറര്‍ ഫിലിംസിന്‍റേതായി തിയറ്ററുകളില്‍ റിലീസ് ചെയ്തത്

Update: 2022-03-16 13:11 GMT
Editor : ijas

ദുല്‍ഖര്‍ സല്‍മാനെ വിലക്കിയ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്‍റെ നടപടിയില്‍ പ്രതികരണവുമായി ദുല്‍ഖറിന്‍റെ നിര്‍മാണ കമ്പനി വേഫെയറര്‍ ഫിലിംസ്. ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് പ്രതീക്ഷിച്ച സമയപരിധിക്കുള്ളില്‍ നടത്താന്‍ സാധിക്കാതിരുന്നതിനാലാണ് ഒ.ടി.ടി റിലീസ് ഉറപ്പിച്ചതെന്ന് നിര്‍മാണ കമ്പനി അറിയിച്ചു. ഒ.ടി.ടി പ്ലേയോടാണ് നിര്‍മാണ് കമ്പനി പ്രതികരണം അറിയിച്ചത്.

വേഫെയറര്‍ ഫിലിംസ് അറിയിച്ചത്:

സല്യൂട്ടിന്‍റെ ഒ.ടി.ടി ഡീല്‍ ആദ്യമെ ഒപ്പിട്ടിരുന്നു. ജനുവരിയില്‍ തിയറ്റര്‍ റിലീസ് പ്രതീക്ഷിച്ചിരുന്നതിനാല്‍ പിന്നീട് ആ ഡീല്‍ പിന്‍വലിച്ചു. സിനിമ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ സ്ട്രീമിങ് സര്‍വീസായ സോണി ലിവിന് ചിത്രം മാര്‍ച്ച് 31നോ അതിനു മുമ്പോ പ്രദര്‍ശിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. തിയറ്റര്‍ റിലീസായി അവര്‍ നല്‍കിയ സമയപരിധി ഫെബ്രുവരി 14ആം തിയതിയോ അതിനുമുമ്പോ ആയിരുന്നു. എന്നാല്‍ കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ തിയറ്റര്‍ റിലീസ് പ്രതീക്ഷിച്ച തിയതിയില്‍ സാധിച്ചില്ല. നിലവില്‍ ഒ.ടി.ടി കമ്പനിയുമായി കരാര്‍ ഒപ്പിട്ടിരുന്നതിനാല്‍ തിയറ്റര്‍ റിലീസ് അസാധ്യമാണ്, അത് ലംഘിച്ചാല്‍ ഇരുവിഭാഗത്തിനും പ്രശ്നം സൃഷ്ടിക്കും. അതിനാലാണ് ഒ.ടി.ടി റിലീസ് ഉറപ്പിച്ചത്.

Advertising
Advertising

സിനിമയുടെ ജനുവരിയിലെ തിയറ്റര്‍ റിലീസിന് പിന്നാലെ കേരളത്തില്‍ അങ്ങോളമിങ്ങോളം വലിയ തുക ചെലവഴിച്ച് പ്രചാരണ ബോര്‍ഡുകളും പരസ്യങ്ങളും നല്‍കിയിരുന്നതായും വേഫെയറര്‍ അറിയിച്ചു.

അതെ സമയം കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സല്യൂട്ടിന്‍റെ ജനുവരി 14ലെ തിയറ്റര്‍ റിലീസ് മാറ്റിയതിന് ശേഷം നേരിട്ടുള്ള ഒ.ടി.ടി റിലീസ് തിയറ്ററുടമകളെ അറിയിച്ചിരുന്നില്ലെന്ന് ഫിയോക് പ്രസിഡന്‍റ് വിജയകുമാര്‍ പറഞ്ഞു. എന്നാല്‍ പ്രതീക്ഷിച്ച സമയപരിധിക്ക് ശേഷം തിയറ്ററില്‍ റിലീസ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ഒ.ടി.ടി റിലീസായിരിക്കും സല്യൂട്ടിനെന്ന കാര്യം തിയറ്ററുടമകളെ അറിയിച്ചിരുന്നെന്ന് വേഫെയറര്‍ വ്യക്തമാക്കി. നവംബറിന് ശേഷം കുറുപ്പ്, ഉപചാരപൂര്‍വം ഗുണ്ട ജയന്‍ എന്നിങ്ങനെ രണ്ട് സിനിമകളാണ് വേഫെയറര്‍ ഫിലിംസിന്‍റേതായി തിയറ്ററുകളില്‍ റിലീസ് ചെയ്തത്.

സല്യൂട്ട് ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ദുല്‍ഖര്‍ സല്‍മാനും അദ്ദേഹത്തിന്‍റെ നിര്‍മാണ കമ്പനിയായ വേഫെയറിനും കഴിഞ്ഞ ദിവസം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സല്യൂട്ട് തിയറ്ററിൽ റിലീസ് ചെയ്യുമെന്ന് ധാരണ ഉണ്ടായിരുന്നുവെന്നും ഇത് തെറ്റിച്ചാണ് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്തതെന്നും തിയറ്റര്‍ ഉടമകള്‍ ആരോപിക്കുന്നു. ദുൽഖർ സൽമാന്‍റെ ചിത്രങ്ങളുമായി ഇനി സഹകരിക്കില്ലെന്നാണ് ഫിയോക് തീരുമാനം.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമാണ് 'സല്യൂട്ട്'. ചിത്രത്തില്‍ അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്‍റിയാണ് നായിക. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി - സഞ്ജയ് ആണ്. അസ്‍ലം കെ പുരയിലാണ് ഛായാഗ്രാഹണം.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News