കോൺഗ്രസ് എംഎൽഎയുടെ ഭീഷണി; നടി രശ്മികക്ക് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് അമിത് ഷാക്ക് കത്ത്

നടിയെ മാത്രമല്ല കൊടവ സമുദായത്തെയാണ് എംഎൽഎ ലക്ഷ്യമിട്ടതെന്നും കൗൺസിൽ പ്രസിഡന്‍റ് എൻ.യു.നാച്ചപ്പയുടെ കത്തിൽ പറയുന്നു

Update: 2025-03-10 10:10 GMT
Editor : Jaisy Thomas | By : Web Desk

ബെംഗളൂരു: കന്നഡിഗയായി അറിയപ്പെടാൻ താൽപര്യമില്ലാത്ത നടി രശ്മിക മന്ദാനയെ പാഠം പഠിപ്പിക്കണമെന്ന കോൺഗ്രസ് എംഎൽഎ രവികുമാർ ഗൗഡയുടെ പ്രസ്താവനയ്ക്ക് പിന്നാലെ, നടിക്ക് സംരക്ഷണം ആവശ്യപ്പെട്ട് കൊടവ നാഷണൽ കൗൺസിൽ രംഗത്ത് . കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും സംസ്ഥാന ആരോഗ്യ മന്ത്രി ജി.പരമേശ്വരയ്ക്കും സിഎൻസി കത്തയച്ചിരിക്കുകയാണ്. നടിയുടെ വ്യക്തിസ്വാതന്ത്ര്യത്തെ സർക്കാർ മാനിക്കണം, എംഎൽഎയുടെ നടപടി ഗുണ്ടായിസമാണ്, നടിയെ മാത്രമല്ല കൊടവ സമുദായത്തെയാണ് എംഎൽഎ ലക്ഷ്യമിട്ടതെന്നും കൗൺസിൽ പ്രസിഡന്‍റ് എൻ.യു.നാച്ചപ്പയുടെ കത്തിൽ പറയുന്നു.

Advertising
Advertising

കര്‍ണാടകയിലെ കുടക് സ്വദേശിയായ രശ്മിക കൊടവ സമുദായത്തിൽ നിന്നുള്ളതാണ്. നടിയെ അനാവശ്യ രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് വലിച്ചിഴക്കുകയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. കർണാടകയിലെ മാണ്ഡ്യ നിയോജകമണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയായ ഗാനിഗ, കന്നഡ ചലച്ചിത്ര വ്യവസായത്തെ രശ്മിക അവഗണിച്ചുവെന്നും ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പങ്കെടുക്കാൻ വിസമ്മതിച്ചുവെന്നും ആരോപിച്ചതിനെ തുടർന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. 2010-ൽ കിരിക് പാർട്ടി എന്ന കന്നഡ ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിക്കുന്നത്. നിരവധി തവണ ക്ഷണിച്ചിട്ടും നടി കർണാടക സന്ദർശിക്കാൻ വിസമ്മതിച്ചുവെന്നും, സമയമില്ലെന്നും അവരുടെ വീട് ഹൈദരാബാദിലാണെന്നും പറഞ്ഞതായും ഗാനിഗ ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് രവികുമാർ ഗൗഡ രശ്മികക്കെതിരെ രംഗത്ത് വരുന്നത്. 'കന്നഡ ചിത്രമായ കിരിക് പാര്‍ട്ടിയിലൂടെ സിനിമയിലെത്തിയ രശ്മിക മന്ദാനയെ ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞവര്‍ഷം ഞങ്ങള്‍ ക്ഷണിച്ചപ്പോള്‍ അവര്‍ അത് നിരസിച്ചു. 'എന്‍റെ വീട് ഹൈദരാബാദിലാണ്. കര്‍ണാടക എവിടെയാണെന്ന് എനിക്കറിയില്ല. എനിക്ക് സമയവുമില്ല. അതുകൊണ്ട് ഞാന്‍ വരില്ല.' എന്നാണ് രശ്മിക പറഞ്ഞത്. പത്തോ പന്ത്രണ്ടോ തവണയാണ് ഞങ്ങളുടെ ഒരു എംഎല്‍എ അവരെ ക്ഷണിക്കാനായി വീട്ടില്‍ പോയത്. എന്നാല്‍ അവര്‍ അതെല്ലാം നിരസിച്ചു. വളര്‍ന്നുവരുന്ന സിനിമാ ഇന്‍ഡസ്ട്രിയായിട്ടുപോലും അവര്‍ കന്നഡയെ അവഹേളിച്ചു. അവരെ നമ്മളൊരു പാഠം പഠിപ്പിക്കേണ്ടേ?' -കര്‍ണാടക നിയമസഭയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ രവികുമാര്‍ ഗൗഡ പറഞ്ഞു. രശ്മികയുടെ ഈ പെരുമാറ്റത്തിന് പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അദ്ദേഹം ഭീഷണി മുഴക്കിയിരുന്നു.

രശ്മിക കുടക് സ്വദേശിയാണെന്നും അടിസ്ഥാനപരമായി കന്നഡിഗയാണെന്നും എന്നാല്‍ ഇപ്പോൾ സ്വയം വിശേഷിപ്പിക്കുന്നത് താന്‍ തെലുഗ് ആണെന്നും ആന്ധ്രാപ്രദേശിന്‍റെ മകളാണെന്നുമാണെന്ന് കർണാടക സംരക്ഷണ വേദികെ കൺവീനർ ടി.എ നാരായണ ഗൗഡ ചൂണ്ടിക്കാട്ടിയിരുന്നു. ഫെബ്രുവരി 28ന് ആരംഭിച്ച ബെംഗളൂരു രാജ്യാന്തര ചലച്ചിത്ര മേളയിൽ നിന്ന് കന്നഡ ചലച്ചിത്ര താരങ്ങൾ വിട്ടുനിന്നതിനെ ഉദ്ഘാടന വേദിയിൽ ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ വിമർശിച്ചിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News