ഷാരൂഖ് ഖാന്റെ ജീവന് ഭീഷണി; വൈ പ്ലസ് കാറ്റഗറി സുരക്ഷ

മുംബൈയിലെ ഷാരൂഖിന്റെ വസതിയായ മന്നത്തിനും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

Update: 2023-10-09 04:39 GMT

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന് സുരക്ഷ ശക്തമാക്കി മുംബൈ പൊലീസ്. വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് താരത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്. താരത്തിന്റെ ജീവന് ഭീഷണി വർധിച്ചുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സുരക്ഷയുടെ ഭാഗമായി ഷാരൂഖിനൊപ്പം മഹാരാഷ്ട്ര പൊലീസിന്റെ സ്പെഷ്യൽ പ്രൊട്ടക്ഷൻ ടീമിലുള്ള ആറ് സായുധ പൊലീസ് കമാന്റോകൾ ഉണ്ടാകും.

രാജ്യത്തിനകത്ത് എല്ലാ സ്ഥലത്തും കമാന്റോകളുടെ സുരക്ഷാവലയത്തിലായിരിക്കും ഷാരൂഖിന്റെ യാത്ര. മുംബൈയിലെ ഷാരൂഖിന്റെ വസതിയായ മന്നത്തിനും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ സേവനത്തിന് അനുബന്ധ ചെലവുകൾ വഹിക്കാനുള്ള ഉത്തരവാദിത്തം നടനായിരിക്കും. വിഐപി സെക്യൂരിറ്റി വിഭാഗത്തിലെ സ്പെഷ്യൽ ഐജിപി ദിലീപ് സാവന്താണ് ഷാരൂഖ് ഖാന് സുരക്ഷാ ഭീഷണിയുള്ളതായി അറിയിച്ചത്.

Advertising
Advertising

ഉയർന്ന ഭീഷണിയെ അഭിമുഖീകരിക്കുന്ന ആളുകൾക്കാണ് വൈ പ്ലസ് സുരക്ഷ അനുവദിക്കുക. ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിന്റെ ഭീഷണിയെത്തുടർന്ന് നടൻ സൽമാൻ ഖാനും വൈ പ്ലസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. 

ബോളിവുഡിൽ മാത്രം രണ്ട് വമ്പൻ ഹിറ്റുകളാണ് ഈ വർഷം ഷാരൂഖ് സമ്മാനിച്ചത്. സസ്പെൻസ് ത്രില്ലറായ 'ജവാൻ' ആഗോളതലത്തിൽ1103.27 കോടി രൂപ ബോക്സോഫീസ് കലക്ഷൻ നേടിയതായി പ്രൊഡക്ഷൻ ഹൗസ് റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 'പഠാൻ' ഇന്ത്യയിൽ 543.05 കോടിയും ആഗോളതലത്തിൽ 1,050.3 കോടി രൂപയും കലക്ഷൻ നേടിയിരുന്നു.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News