'ഇനി ഞാൻ അധികകാലമില്ല'... അന്ന് ലളിത പറഞ്ഞു

ലളിത അന്തരിച്ചു. ഇത്രയും അനായാസമായി അഭിനയിക്കുന്ന നടികൾ ഇന്ത്യൻ സിനിമയിൽ തന്നെ കുറവാണ്

Update: 2022-02-23 06:50 GMT
Editor : Jaisy Thomas | By : Web Desk
Advertising

വിട പറഞ്ഞ പ്രിയ നടി കെ.പി.എ.സി ലളിതയുടെ ഓര്‍മകളിലാണ് സിനിമാലോകം. ലളിത എന്ന മികച്ച അഭിനേതാവിനെയും സുഹൃത്തിനെയും ചേച്ചിയെയും അമ്മയെയുമൊക്കെ പഴയ അനുഭവങ്ങളിലൂടെ ഓര്‍ത്തെടുക്കുകയാണ് സഹപ്രവര്‍ത്തകര്‍. തങ്ങള്‍ അടുത്ത ബന്ധുക്കളെപ്പോലെയായിരുന്നുവെന്ന് പറയുകയാണ് പ്രശസ്ത സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. ലളിതയുടെ കരളിന് രോഗമാണെന്ന് അറിഞ്ഞപ്പോള്‍ താന്‍ വിളിച്ചുവെന്നും ഇനി തനിക്ക് അധികകാലമില്ലെന്ന് ലളിത പറഞ്ഞതായും തമ്പി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

ശ്രീകുമാരന്‍ തമ്പിയുടെ കുറിപ്പ്

ലളിത അന്തരിച്ചു. ഇത്രയും അനായാസമായി അഭിനയിക്കുന്ന നടികൾ ഇന്ത്യൻ സിനിമയിൽ തന്നെ കുറവാണ്. ഞാൻ നിർമ്മിച്ച മിക്കവാറും സിനിമകളിൽ ലളിത മികച്ച വേഷങ്ങളിൽ അഭിനയിച്ചിരുന്നു. ഞാൻ പ്രശസ്ത ചാനലുകൾക്ക് വേണ്ടി നിർമ്മിച്ച മെഗാ സീരിയലുകളിലും അവർ അഭിനയിച്ചു. എങ്കിലും ചലച്ചിത്രരംഗത്തെ രണ്ടു പ്രതിഭകൾ തമ്മിലുള്ള ബന്ധമല്ല ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നത് .ഞങ്ങൾ അടുത്ത ബന്ധുക്കളെപോലെയായിരുന്നു മാതൃഭൂമിയിൽ വന്ന "ജീവിതം ഒരു പെൻഡുലം " എന്ന എന്‍റെ ആത്മകഥയുടെ ഓരോ അധ്യായവും വായിച്ചതിനു ശേഷം ലളിത എന്നെ വിളിക്കുമായിരുന്നു. ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ അനുഭവങ്ങളെക്കുറിച്ചു പോലും ലളിത എന്നോട് പറഞ്ഞിട്ടുണ്ട്. "ഞാൻ ഒരാങ്ങളേടെ നെലേലാ തമ്പിസാറിനെ കാണുന്നത് " എന്ന് പറയും. ശരിക്കും അങ്ങനെ തന്നെയാണ് ഞാൻ ലളിതയേയും കണ്ടിരുന്നത്.

ലളിതയുടെ കരളിന് രോഗമാണ് എന്നറിഞ്ഞപ്പോൾ വളരെ ദുഃഖം തോന്നി. ഫോണിൽ സംസാരിച്ചപ്പോൾ "ഇനി ഞാൻ അധികകാലമില്ല "എന്ന് പറഞ്ഞതും വേദനയോടെ ഓർമ്മിക്കുന്നു. നിർമ്മാതാവ് എന്ന നിലയിൽ നേരിട്ട സാമ്പത്തികനഷ്ടങ്ങൾക്കിടയിൽ എനിക്ക് കിട്ടിയ ലാഭമാണ് ലളിതയെപ്പോലുള്ളവരുടെ സ്നേഹം .വിട ! പ്രിയസഹോദരീ ,വിട !

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News