ദുര്‍വാശിക്കാരായ ഈ മൂന്ന് മലയാളി പുരുഷന്‍മാരോട് സംസാരിക്കില്ല, ഞാനെന്ന തമിഴത്തി ശപഥം ചെയ്യും; ഡെന്നീസ് ജോസഫിന്‍റെ ഓര്‍മകളില്‍ സുഹാസിനി

പ്രിയദര്‍ശനും ഡെന്നീസ് ജോസഫും ദിനേശ് ബാബുവുമായിരുന്നു തന്‍റെ ഇരുപതുകളിലെ കൂട്ടുകാരെന്ന് ഓര്‍ത്തെടുക്കുകയാണ് സുഹാസിനി

Update: 2021-05-12 14:43 GMT
Editor : Jaisy Thomas | By : Web Desk

ഒരു പാട് ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചാണ് ഡെന്നീസ് ജോസഫ് എന്ന ഹിറ്റ് തിരക്കഥാകൃത്ത് ജീവിതത്തിനും വെള്ളിത്തിരക്കും അപ്പുറത്തേക്കുമുള്ള ലോകത്തേക്ക് മറഞ്ഞത്. അപ്രതീക്ഷിതമായിരുന്നു ഡെന്നീസിന്‍റെ വിയോഗം...സുഹൃത്തുക്കളെയും പ്രേക്ഷകരെയും ഒരു പോലെ ഞെട്ടിച്ചു ആ കഥാകാരന്‍റെ മരണം. ഡെന്നീസിന്‍റെ ഓര്‍മകളിലാണ് സിനിമാരംഗത്തെ സുഹൃത്തുക്കള്‍. പ്രിയ കഥാകാരനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് നടി സുഹാസിനി.

പ്രിയദര്‍ശനും ഡെന്നീസ് ജോസഫും ദിനേശ് ബാബുവുമായിരുന്നു തന്‍റെ ഇരുപതുകളിലെ കൂട്ടുകാരെന്ന് ഓര്‍ത്തെടുക്കുകയാണ് സുഹാസിനി.പബ്ബുകളിലോ ഡിസ്കോ ബാറിലോ പോയിരുന്നില്ല. എന്നാൽ ലൊക്കേഷനിലെ ഇടവേളകളിൽ സിനിമയെക്കുറിച്ച് ചർച്ച ചെയ്യുമായിരുന്നു എന്നാണ് നടി ഓർമിക്കുന്നത്.

Advertising
Advertising

"പ്രിയൻ, ഡെന്നിസ് ജോസഫ്, ദിനേശ് ബാബു എന്നിവരായിരുന്നു എൻ്റെ ഇരുപതുകളിലെ കൂട്ടുകാർ. ഞങ്ങൾ പബ്ബുകളിലോ പോവുകയോ ഡിസ്കോ ബാറുകളിലോ പോയിരുന്നില്ല, പക്ഷേ പതിവായി എന്റെ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ കണ്ടുമുട്ടും. ഷൂട്ടിംഗിന്റെ ഇടവേളകളിൽ സിനിമയെ കുറിച്ച് ചർച്ച ചെയ്യും. പ്രിയൻ അക്കാലത്ത് മലയാളത്തിൽ ചെറിയ ബഡ്ജറ്റിലുള്ള കോമഡി സിനിമകൾ ചെയ്യുകയാണ്, ഡെന്നീസ് അന്ന് കേരളത്തിലെ ഏറ്റവും ശ്രദ്ധേയനായ തിരക്കഥാകൃത്തായിരുന്നു, ദിനേഷ് ആവട്ടെ തമിഴ് സിനിമയിലെ പ്രശസ്തനായ സിനിമോട്ടോഗ്രാഫർ. ഒരു നടിയെന്ന രീതിയിൽ ലഭിക്കുന്ന ഓരോ വീട്ടമ്മ വേഷങ്ങളിലും ഫെമിനിസം കൊണ്ടുവരാൻ ശ്രമിക്കുകയായിരുന്നു ഞാനന്ന്. എന്നും ഒരു പുതിയ കഥയോടെ ഞങ്ങളുടെ സംഭാഷണങ്ങൾ തുടങ്ങും, പിന്നീടത് തമിഴും മലയാളവും ഇംഗ്ലീഷുമൊക്കെയടങ്ങുന്ന ലോക സിനിമയെ പറ്റിയുള്ള ഗഹനമായ ചർച്ചകളായി മാറും, അതിനിടയിൽ ഒരുപാട് ചായകളും സിഗരറ്റുകളും തീരും (അവർ മൂന്നുപേരും അതിഭീകര ചെയിൻ സ്മോക്കേഴ്സ് ആയിരുന്നു). ആ ചർച്ചകൾ അവസാനിക്കുന്നത് വഴക്കിലാവും. ദുർവാശിക്കാരായ ഈ മൂന്ന് മലയാളി പുരുഷന്മാരുമായി ഇനി സംസാരിക്കില്ലെന്ന് ഞാനെന്ന തമിഴത്തി എല്ലായ്‌പ്പോഴും ശപഥം ചെയ്യും. എല്ലാ വാദങ്ങളിലും ഞാൻ പരാജയപ്പെടും, പ്രത്യേകിച്ചും പ്രിയനോട്. - സുഹാസിനി കുറിക്കുന്നു.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News