ആർ.ആർ.ആറിന്‍റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ ആഗ്രഹം അറിയിച്ച് ട്രാൻസ്ഫോമേഴ്സ് താരം ടോബി വീഗ്വേ

ജൂനിയർ എൻ.ടി.ആർ ഒരു അതുല്യപ്രതിഭയാണെന്നും ട്രാൻസ്ഫോമേഴ്സ് ഹിന്ദിയിൽ ഒരുക്കിയാൽ തന്‍റെ വേഷം ചെയ്യാൻ ഏറ്റവും അനുയോജ്യൻ അദ്ദേഹമാണെന്നും ടോബി ടോബി വീഗ്വേ പറഞ്ഞു

Update: 2023-06-08 14:39 GMT

ലോകമെമ്പാടുമുള്ള സിനിമ പ്രേമികളുടെ മനസിൽ ഇടം പിടിച്ച ചിത്രമാണ് രാജമൗലി സംവിധാനം ചെയ്ത് 2022 ൽ പുറത്തിറങ്ങിയ ആർ.ആർ.ആർ. ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനം ഓസ്കാർ വേദിയിൽ കൂടി തിളങ്ങിയതോടെ ചിത്രം നിരവധി ആരാധകരെ സൃഷ്ടിച്ചിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാനുള്ള തന്‍റെ ആഗ്രഹത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ട്രാൻസ്ഫോമേഴ്സ് താരവും ഗായകനുമായ ടോബി വീഗ്വേ. ആർ.ആർ.ആർ ഒരു ഗംഭീര സിനിമയാണെന്നും തന്‍റെ ഇഷ്ടസിനിമകളുടെ പട്ടികയിൽ ചിത്രം ഇടംപിടിച്ചിട്ടുണ്ടെന്നുമാണ് താരം പ്രതികരിച്ചത്. ജൂനിയർ എൻ.ടി.ആർ ഒരു അതുല്യപ്രതിഭയാണെന്നും ട്രാൻസ്ഫോമേഴ്സ് ഹിന്ദിയിൽ ഒരുക്കിയാൽ തന്‍റെ വേഷം ചെയ്യാൻ ഏറ്റവും അനുയോജ്യൻ അദ്ദേഹമാണെന്നും ടോബി കൂട്ടിച്ചേർത്തു. ട്രാൻസ്ഫോമേഴ്സ് സീരിസിലെ ഏറ്റവും പുതിയ ചിത്രമായ 'ട്രാൻസ്ഫോമേഴ്സ് : റൈസ് ഓഫ് ദ് ബീസ്റ്റ്സിലാണ് ടോബി അഭിനയിക്കുന്നത്.

Advertising
Advertising

ഹിറ്റ് ചിത്രമായ ആർ.ആർ.ആറിന് തുടർച്ച ഉണ്ടാകുമെന്ന് കഴിഞ്ഞ വർഷമാണ് ചിത്രത്തിന്‍റെ സംവിധായകനായ രാജമൗലി പ്രഖ്യാപിച്ചത്. രാജമൗലിയുടെ പിതാവ് വിജയേന്ദ്ര പ്രസാദ് തന്നെയാണ് രണ്ടാം ഭാഗത്തിനും തിരക്കഥയൊരുക്കുന്നത്.

ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രമായിരുന്നു ആർ.ആർ.ആർ (രുധിരം, രൗദ്രം, രണം). 450 കോടിയിൽ ഒരുങ്ങിയ ചിത്രം റിലീസിന് മുന്നേ തന്നെ 325 കോടി രൂപ സ്വന്തമാക്കി ഞെട്ടിച്ചിരുന്നു. രാം ചരണും എൻ.ടി.ആറുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തിൽ നിർണായക വേഷങ്ങളിൽ എത്തുകയും ചെയ്തു.

1920കളിലെ സ്വാതന്ത്രൃ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത സമര നേതാക്കളാണ് ഇവർ. ജൂനിയർ എൻ.ടി.ആർ കൊമരം ഭീം ആയും രാം ചരൺ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തിൽ എത്തിയത്. ചിത്രത്തിൽ സീത എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിച്ചത്. ചരിത്രവും ഫിക്ഷനും കൂട്ടിചേർത്താണ് ചിത്രം ഒരുക്കിയത്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News