'ചാന്തുപൊട്ട് റിലീസ് ചെയ്ത ഉടനെ ട്രാന്‍സ്ജെന്‍ഡര്‍ കമ്യൂണിറ്റി സ്വീകരണം തരാന്‍ വിളിച്ചു'; ലാല്‍ ജോസ്

"ദിലീപ് അവതരിപ്പിച്ച രാധ ഗംഭീര പുരുഷനാണ്, അയാളെങ്ങനെ ട്രാന്‍സ്ജെന്‍ഡറാകും"

Update: 2022-08-16 11:00 GMT
Editor : ijas
Advertising

2005ലാണ് ദിലീപ് പ്രധാന വേഷത്തില്‍ അഭിനയിച്ച് ലാല്‍ ജോസ് സംവിധാനം ചെയ്ത ചാന്തുപൊട്ട് പുറത്തിറങ്ങുന്നത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തിനെതിരെ വലിയ വിമര്‍ശനവും ഉയര്‍ന്നു. സിനിമ ട്രാന്‍സ് കമ്യൂണിറ്റിക്കെതിരായിരുന്നുവെന്നതായിരുന്നു നേരിട്ട വലിയ വിമര്‍ശനം. സിനിമ കാരണം അപമാനിതരായ അനുഭവങ്ങളും നിരവധി പേര്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. എന്നാല്‍ ചിത്രത്തിനെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരണം അറിയിച്ചിരിക്കുകയാണ് സംവിധായകനായ ലാല്‍ ജോസ് ഇപ്പോള്‍.

ചാന്തുപൊട്ടിലെ ദിലീപ് അവതരിപ്പിച്ച രാധ എന്ന രാധാകൃഷ്ണന്‍ ട്രാന്‍സ്ജെന്‍ഡറല്ലെന്നും സിനിമയില്‍ അയാള്‍ ഒരു സ്ത്രീയുമായി സെക്സില്‍ ഏര്‍പ്പെടുകയും അതില്‍ ഒരു കുഞ്ഞ് ജനിക്കുകയും ചെയ്യുന്നുണ്ടെന്നും ലാല്‍ ജോസ് പറഞ്ഞു. ചെറുപ്പം മുതല്‍ പെണ്‍കുട്ടിയെപ്പോലെ വളര്‍ത്തിയതിന്‍റെ ഒരു കോണ്‍ഫ്ലിക്ട് രാധാകൃഷ്ണന്‍റെ ഉള്ളിലുണ്ടെന്നും പുരുഷന്മാരോട് അല്‍പ്പം അകല്‍ച്ചയുള്ള ഒരാളാണെന്നേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ദിലീപ് അവതരിപ്പിച്ച രാധ ഗംഭീര പുരുഷനാണ്. അയാളെങ്ങനെ ട്രാന്‍സ്ജെന്‍ഡറാകുമെന്നും ലാല്‍ ജോസ് ചോദിച്ചു. ചാന്തുപൊട്ട് റിലീസ് ചെയ്ത സമയത്ത് എറണാകുളത്തുള്ള ട്രാന്‍സ്ജെന്‍ഡര്‍ കമ്യൂണിറ്റി സ്വീകരണം തരാന്‍ വിളിച്ചിരുന്നതായും ലാല്‍ പറഞ്ഞു.

ഇത്രയും കാലം എന്തൊക്കെ വൃത്തികെട്ട പേരാണ് ഞങ്ങളെ വിളിച്ചിരുന്നത്, ഇപ്പോൾ ചാന്തുപൊട്ടെന്നു വിളിക്കുന്നത് നല്ല പേരല്ലേ എന്നാണ് അന്ന് അവർ പറഞ്ഞതെന്നും ലാല്‍ ജോസ് മറുപടി നല്‍കി. കണ്ണൂരിൽനിന്നുള്ള ഒരാളാണ് ആദ്യമായി ഇതുകൊണ്ടുള്ള ബുദ്ധിമുട്ടിനെപ്പറ്റി പറഞ്ഞതെന്നും ലാല്‍ പറഞ്ഞു. അടി കിട്ടിയാൽ നന്നാവും എന്നുപറഞ്ഞ് ആൾക്കാർ അയാളെ അടിക്കുകയാണെന്നും മറ്റൊരു വ്യക്തി സ്കൂളിൽ പഠിക്കുന്ന കാലത്ത് 'ചാന്തുപൊട്ട്' ഇറങ്ങിയ സമയം അവരെ എല്ലാവരും ചാന്തുപൊട്ടേ എന്നു വിളിച്ചു കളിയാക്കുമായിരുന്നെന്നും അന്നു വലിയ സങ്കടം തോന്നിയെന്നും അവരോടു മാപ്പു പറഞ്ഞതായും അദ്ദേഹം പറഞ്ഞു. ചിത്രത്തില്‍ മനപ്പൂർവം ചെയ്യുന്നതല്ലെന്നും രാധാകൃഷ്ണൻ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചാണ് പറഞ്ഞതെന്നും ലാല്‍ ജോസ് വ്യക്തമാക്കി. 

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News