'പാലപ്പൂവിന്‍റെ മണമുള്ളോള്'; ആസ്വാദകരുടെ 'ഉള്ളം' നിറച്ചൊരു സംഗീത ആല്‍ബം

Update: 2021-04-29 14:29 GMT
Editor : ijas
Advertising

ആസ്വാദകരുടെ ഉള്ളം നിറച്ച് നിപിന്‍ നാരായണന്‍ സംവിധാനം നിര്‍വ്വഹിച്ച സംഗീത ആല്‍ബം. നാടന്‍ പാട്ടുകളുടെ താളത്തിലൂടെയും ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രീകരണത്തിലൂടെയും പ്രണയവും നോവും വരച്ചുകാണിക്കുന്ന ആല്‍ബം അവതരണത്തിലെ പുതുമ കൊണ്ട് ശ്രദ്ധേയമാണ്. ചലച്ചിത്ര പ്രവര്‍ത്തകരായ വിനീത് ശ്രീനിവാസന്‍, ലാല്‍ ജോസ്, അജു വര്‍ഗീസ്, ബിജിപാല്‍, സിത്താര കൃഷ്ണകുമാര്‍, റോഷന്‍ മാത്യു, നിഖില വിമല്‍, ഗണപതി, അനശ്വര രാജന്‍ എന്നിവര്‍ പുറത്തിറക്കിയ ഗാനം ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അരലക്ഷം കാഴ്ച്ചക്കാരുടെ ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു വൈറലായിരിക്കുകയാണ്.  

കണ്ണൂര്‍ പയ്യന്നൂരിലെ ഒരുകൂട്ടം ചെറുപ്പക്കാര്‍ കോവിഡ് പ്രതിസന്ധിക്കിടെ ആലോചിച്ച്, ആവിഷ്ക്കരിച്ച സംഗീത ആല്‍ബം സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് സോഷ്യല്‍ മീഡിയ കാരിക്കേച്ചറുകളിലൂടെയും വരകളിലൂടെയും ശ്രദ്ധേയനായ നിപിന്‍ നാരായണനാണ്. നഷ്ടപ്പെട്ടുപോയ പ്രണയത്തിൻ്റെ നോവും പഴങ്കഥകളിലെ നീലിയുടെ മിത്തുമൊക്കെ ഉൾച്ചേർത്ത് സൃഷ്ടിച്ച പാട്ടിൻ്റെ വരികൾ രചിച്ചത് ഹരീഷ് മോഹനനാണ്. പ്രണവ് സി.പിയാണ് പാലപ്പൂവിന്‍റെ മണമുള്ളോള് എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ സംഗീതവും ആലാപനവും നിര്‍വ്വഹിച്ചിരിക്കുന്നത്. കറുപ്പിലും വെളുപ്പിലുമുള്ള മനോഹര ദൃശ്യങ്ങൾ പകർത്തിയത് ഛായാഗ്രഹകനായ സച്ചിൻ രവിയാണ്. അക്ഷയ് പയ്യന്നൂരാണ് എഡിറ്റർ. ജിതിൻ കണ്ണൻ, അഭിരാമി രമേഷ് എന്നിവർ കഥാപാത്രങ്ങളായ മ്യൂസിക് വീഡിയോയുടെ ചിത്രീകരണം പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലുമാണ് നടന്നത്. ചുരുങ്ങിയ ബഡ്ജറ്റിൽ ചിത്രീകരിച്ച ആൽബം നിർമിച്ചിരിക്കുന്നത് ഗുൽമോഹർ പ്രൊഡക്ഷൻസ് ആണ്. 


Full View


Tags:    

Editor - ijas

contributor

Similar News