ദേവരകൊണ്ടയുടെ വാക്ക്: അഞ്ച് ദിവസം മണാലിയിൽ അടിച്ചുപൊളിച്ച് ആരാധകർ

അത്യാഢംബര വില്ലയായ സ്റ്റേ വിസ്റ്റയിലാണ് ആരാധകർക്കായി താമസം ഒരുക്കിയത്, ഇവിടെ ഒരു രാത്രിക്ക് 50,000 രൂപയാണ് ഒരാൾക്ക് വാടക

Update: 2023-02-20 15:44 GMT
Editor : banuisahak | By : Web Desk

ആരാധകരോട് പറഞ്ഞ വാക്കുപാലിച്ച് തെലുങ്ക് സൂപ്പർതാരം വിജയ് ദേവരകൊണ്ട. ക്രിസ്മസ് സമ്മാനമായി തന്റെ ആരാധകരിൽ നൂറുപേർക്ക് ഒരു ഹോളിഡേ ട്രിപ്പ് ആയിരുന്നു ദേവരകൊണ്ടയുടെ വാക്ക്. ഇപ്പോഴിതാ വിമാനത്തിൽ വെച്ച് വിജയ് ദേവരകൊണ്ടയുടെ ആരാധകരുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ബ്രൂട്ട് ഇന്ത്യ. 

'വീ ആർ ദേവരകൊണ്ട ഫാൻസ്‌' എന്ന് ആവേശത്തോടെ പറയുന്ന ആരാധകരെ വീഡിയോയിൽ കാണാം. അഞ്ച് ദിവസം മണാലിയിലേക്കാണ് ദേവരകൊണ്ട തന്റെ ഫാൻസിനെ അയച്ചത്. അത്യാഢംബര വില്ലയായ സ്റ്റേ വിസ്റ്റയിലാണ് അദ്ദേഹം തന്റെ ആരാധകർക്കായി താമസം ഒരുക്കിയത്. ഇവിടെ ഒരു രാത്രിക്ക് 50000 രൂപയാണ് ഒരാൾക്ക് വാടക. കൂടാതെ, ഒരു കൂട്ടം ആരാധകർക്ക് 10000 രൂപ വീതം സമ്മാനമായി നൽകിയെന്നും ബ്രൂട്ട് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 

Advertising
Advertising

കഴിഞ്ഞ ഡിസംബറിലാണ് എല്ലാ വർഷത്തെയും പോലെ ആരാധകർക്കായി വേറിട്ട സമ്മാനവുമായി ദേവരകൊണ്ട എത്തിയത്. ആരാധകരിൽ നൂറുപേരെ ഒരു ഹോളിഡേ ട്രിപ്പിന് അയക്കാനാണ് പദ്ധതിയെന്നും എല്ലാ ചെലവും താൻ ഏറ്റെടുക്കുമെന്നും ദേവരകൊണ്ട ട്വിറ്ററിലൂടെ അറിയിച്ചു. കൂടാതെ, എവിടേക്ക് പോകണമെന്നത് സംബന്ധിച്ച് ഒരു വോട്ടെടുപ്പും താരം നടത്തി. ഭൂരിഭാഗം ആളുകളും മലനിരകളാണ് തിരഞ്ഞെടുത്തത്. അതിനാൽ മണാലിയിലേക്ക് ട്രിപ്പ് ഒരുക്കുകയായിരുന്നു താരം. 

ദേവരസാന്ത എന്ന പേരിലാണ് താരം എല്ലാ വർഷവും ആരാധകർക്കായി ക്രിസ്മസ് സമ്മാനങ്ങൾ നൽകുന്നത്.  അഞ്ച് വർഷം മുൻപാണ് ഈ പരിപാടി ദേവരകൊണ്ട ആരംഭിച്ചത്. ഇത്തവണ താരത്തിന്റെ ട്വീറ്റ് കണ്ട് ആരാധകർ ആവേശത്തിലായെങ്കിലും പലരും അതൊരു തമാശയായിട്ടാണ് കരുതിയത്. ഈ വിചാരങ്ങളെ തിരുത്തുന്നതായിരുന്നു ആരാധകർക്കായി ദേവരകൊണ്ടയുടെ ഹോളിഡേ ട്രിപ്പ്.

ലൈഗർ ആണ് വിജയ് ദേവരകൊണ്ടയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ദേവരകൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. 100 കോടി രൂപയായിരുന്നു സിനിമയുടെ ബജറ്റ്. അമേരിക്കൻ ബോക്‌സിങ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തിലുണ്ടായിരുന്നു. എന്നാല്‍ സിനിമ ബോക്സ്ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല.സാമന്ത റൂത്ത് പ്രഭുവിനൊപ്പം റൊമാന്റിക് ചിത്രമായ 'ഖുശി'യാണ് ദേവരകൊണ്ടയുടെ പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രം 2023-ൽ റിലീസ് ചെയ്യുമെന്നാണ് വിവരം. ജേഴ്‌സി ഫെയിം ഗൗതം തിണ്ണനൂരിയുമായി ഒരു പുതിയ ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നാണ് വിവരം. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News