'ഇതുവരെ പ്രതികരണം നടത്താതിരുന്നത് നൂറു കണക്കിന് ആളുകളുടെ പരിശ്രമം മാനിച്ച്'; 'പടവെട്ട്' സംവിധായകനെതിരെ ഡബ്ല്യൂ.സി.സി

ലിജു കൃഷ്ണക്കെതിരായ അതിജീവിതയുടെ പീഡനാനുഭവം പങ്കുവെച്ചു കൊണ്ടാണ് ഡബ്ല്യൂ.സി.സി ആരോപണങ്ങളില്‍ വ്യക്തത വരുത്തിയത്

Update: 2022-11-10 13:35 GMT
Editor : ijas | By : Web Desk
Advertising

'പടവെട്ട്' സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിനിമാ രംഗത്തെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂ.സി.സി. 'പടവെട്ട്' സിനിമയുടെ പ്രദര്‍ശനത്തിന് മുന്നോടിയായാണ് ലിജു കൃഷ്ണ വാര്‍ത്താ സമ്മേളനം വിളിച്ച് ഡബ്ല്യൂ.സി.സി അംഗമായ ഗീതു മോഹന്‍ദാസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. എന്നാല്‍ ലിജു കൃഷ്ണക്കെതിരെ ഇതുവരെ പ്രതികരിക്കാതിരുന്നത് സിനിമയിലെ നൂറു കണക്കിന് ആളുകളുടെ പരിശ്രമത്തെ ബഹുമാനിച്ചാണെന്ന് ഡബ്ല്യൂ.സി.സി വ്യക്തമാക്കി. ലിജു കൃഷ്ണക്കെതിരായ അതിജീവിതയുടെ പീഡനാനുഭവം പങ്കുവെച്ചു കൊണ്ടാണ് ഡബ്ല്യൂ.സി.സി ആരോപണങ്ങളില്‍ വ്യക്തത വരുത്തിയത്.

ഗീതു മോഹന്‍ദാസിനെതിരായ ആരോപണങ്ങള്‍ വാസ്തവിരുദ്ധമാണെന്നും ഇരയിൽ നിന്നും അതിജീവിതയിലേക്കുള്ള ദുഷ്കരമായ യാത്രയിൽ തങ്ങളെ സമീപിച്ച സ്ത്രീകൾക്കൊപ്പം എല്ലായ്പ്പോഴും നില കൊള്ളുമെന്നും ഡബ്ല്യൂ.സി.സി അറിയിച്ചു. നിയമപ്രകാരം ആഭ്യന്തര പരാതി പരിഹാര സമിതി(ഐ.സി) സിനിമാ രംഗത്ത് നിർബന്ധമാക്കിയ വേളയിൽ ഇരകളെ പിന്തുണയ്‌ക്കുകയും, അധികാരികളുടെ മുന്നിൽ കുറ്റാരോപിതരെ തുറന്നുകാട്ടാൻ ശ്രമിക്കുകയുമാണ് ഡബ്ല്യൂ.സി.സി ചെയ്യുന്നതെന്നും അതിൽ ലിജു കൃഷ്ണ ഉൾപ്പെടെയുള്ളവരുണ്ടെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. പ്രതിരോധവും പോരാട്ടവും എത്ര കഠിനമാണെങ്കിലും തുടർന്നുകൊണ്ടേയിരിക്കുമെന്നും ഡബ്ല്യൂ.സി.സി വ്യക്തമാക്കി.

'പടവെട്ടിന്‍റെ' കഥ കേട്ട ശേഷം മറ്റുള്ള സിനിമ പ്രവർത്തകരോട് ഗീതു സിനിമയെ കുറിച്ച് മോശമായി പറഞ്ഞുവെന്നായിരുന്നു ലിജു കൃഷ്ണയുടെ ആരോപണം. കഥ കേട്ടപ്പോൾ ചില മാറ്റങ്ങൾ ആവശ്യപ്പെട്ടെന്നും ഇത് അംഗീകരിക്കാത്തതില്‍ വൈരാഗ്യം ഉണ്ടായെന്നും ലിജു പറയുന്നു. ഡബ്ല്യൂ.സി.സിയുടെ അധികാരം ഗീതു ദുരുപയോഗം ചെയ്തെന്നും സംവിധായകന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രതിസന്ധിയിൽ നിന്ന സമയത്താണ് സരിഗമ പ്രൊഡക്ഷൻസ് സിനിമ ഏറ്റെടുത്തത്. സിനിമ പുറത്തിറങ്ങുമ്പോൾ ഇതുവരെ ഉണ്ടായ പ്രതിസന്ധി മാധ്യമങ്ങളോട് പുറത്തു പറയാൻ തീരുമാനിച്ചു . സ്വകാര്യ ഹോട്ടലിൽ വെച്ച് നടന്ന ബർത്ത് ഡേ പാർട്ടിയിൽ വെച്ച് ഗീതുവിനെ കണ്ടു. ഗീതുവുമായി അര മണിക്കൂറോളം സംസാരിച്ചു. മദ്യ ലഹരിയിൽ ഗീതു ഇതുവരെ ഉണ്ടായ പ്രശ്നങ്ങൾ പുറത്തു പറയരുതെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ മാധ്യമങ്ങളോട് പറയുമെന്ന് ഞാൻ ഗീതുവിനോട് വ്യക്തമാക്കി. നായകൻ നിവിൻ പോളിയും നിർമാതാക്കളിൽ ഒരാളായ സണ്ണി വെയിനും തനിക്കൊപ്പം നിന്നുവെന്നും ഗീതുവിനും ഒപ്പമുള്ളവർക്കും എന്തും ചെയ്യാനുള്ള ശേഷിയുണ്ടെന്നും ലിജു കൂട്ടിച്ചേര്‍ത്തു. ഗീതു മോഹൻദാസിനെതിരെ എല്ലാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ടെന്നും സംവിധായകന്‍ ലിജു കൃഷ്ണ അറിയിച്ചു.

ഡബ്ല്യൂ.സി.സിയുടെ ഫേസ്ബുക്ക് കുറിപ്പ്:

വിമൺ ഇൻ സിനിമ കളക്റ്റീവ് നേരിട്ടോ, കളക്റ്റീവിലെ അംഗങ്ങളോ, കുറ്റാരോപിതനും പടവെട്ട് എന്ന സിനിമയുടെ സംവിധായകനുമായ ലിജു കൃഷ്ണ നടത്തിയ പത്രസമ്മേളനത്തിനോട് ഇതുവരെ ഒരു തരത്തിലുമുളള പ്രതികരണങ്ങളും നടത്തിയിരുന്നില്ല. കാരണം സിനിമ തീയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചതേയുള്ളു എന്നത് കൊണ്ടും, അതിൽ കൂട്ടായി പ്രവർത്തിച്ച നൂറു കണക്കിന് ആളുകളുടെ പരിശ്രമത്തെ ഞങ്ങൾ ബഹുമാനിക്കുന്നതു കൊണ്ടുമാണ്.

സിനിമയുടെ എഴുത്തിൽ സഹായിച്ചിരുന്ന സ്ത്രീയെ ബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തതിന് 2022 മാർച്ച് 9 ന് ലിജു കൃഷ്ണ അറസ്റ്റിലായി. ഇതിനെത്തുടർന്ന് ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ, അവരുടെ സംഘടനയിൽ നിന്ന് അദ്ദേഹത്തിന്‍റെ താൽകാലിക അംഗത്വം ഔദ്യോഗികമായി റദ്ദാക്കി. പക്ഷേ പടവെട്ട് സിനിമയുടെ നിർമാതാക്കളും മറ്റ്‌ അംഗങ്ങളും സൗകര്യപ്പെടുത്തി നൽകിയ വേദികളിൽ ബലാത്സംഗക്കേസിൽ കുറ്റാരോപിതനായ പ്രതിയായ ലിജു കൃഷ്ണയും, ഓഡിഷനുമായി ബന്ധപ്പെട്ട് മറ്റൊരു മീ ടൂ ആരോപണ വിധേയനായ അതേ സിനിമയിലെ ബിപിൻ പോൾ എന്ന പ്രൊഡക്ഷൻ എക്സിക്യൂട്ടീവും അതിജീവിതക്കൊപ്പം നിലകൊണ്ട ഡബ്ല്യുസിസിക്കെതിരേയും, ഞങ്ങളുടെ ഒരു അംഗത്തിനെതിരെയും വാസ്തവിരുദ്ധമായ കാര്യങ്ങൾ പലതവണ ആരോപിക്കുകയുണ്ടായി. ഇരയിൽ നിന്നും അതിജീവിതയിലേക്കുള്ള ദുഷ്കരമായ യാത്രയിൽ ഞങ്ങളെ സമീപിച്ച സ്ത്രീകൾക്കൊപ്പം ഡബ്ല്യൂ.സി.സി എല്ലായ്പ്പോഴും നില കൊള്ളും. നിയമപ്രകാരം ഐ.സി(IC) സിനിമാ രംഗത്ത് നിർബന്ധമാക്കിയ ഈ വേളയിൽ ഇരകളെ പിന്തുണയ്‌ക്കുകയും, അധികാരികളുടെ മുന്നിൽ കുറ്റാരോപിതരെ തുറന്നുകാട്ടാൻ ശ്രമിക്കുകയുമാണ് ഞങ്ങൾ ചെയ്യുന്നത്. അതിൽ ലിജു കൃഷ്ണ ഉൾപ്പെടെയുള്ളവർ ഉണ്ട്. ഈ പ്രതിരോധവും പോരാട്ടവും എത്ര കഠിനമാണെങ്കിലും ഞങ്ങൾ തുടർന്നുകൊണ്ടേയിരിക്കും. ലിജു കൃഷ്ണയ്‌ക്കെതിരെ ബലാൽസംഗത്തിനും ആക്രമണത്തിനും പൊലീസ് ചുമത്തിയ കേസുകൾ എല്ലാവരേയും ഓർമ്മിപ്പിക്കുന്നതിനായി, അതിജീവിതയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ഞങ്ങൾ വീണ്ടും ഇവിടെ പങ്കുവെക്കുന്നു.

Full View
Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News