കെ.ജി.എഫിന് അഞ്ച് ഭാഗങ്ങള്‍, അഞ്ചാം ഭാഗത്തിനു ശേഷം നായകന്‍ മാറും; വെളിപ്പെടുത്തലുമായി നിര്‍മാതാവ്

കെ.ജി.എഫ് ഫ്രാഞ്ചൈസിയില്‍ അഞ്ചു ഭാഗങ്ങള്‍ക്ക് ശേഷം നായകന്‍ മാറാന്‍ സാധ്യതയുണ്ട്

Update: 2023-01-10 08:22 GMT
Editor : Jaisy Thomas | By : Web Desk

കെജിഎഫ് ചാപ്റ്റര്‍ 2വില്‍ റോക്കി ഭായിയായി യഷ്

Advertising

ബെംഗളൂരു: കഴിഞ്ഞ വര്‍ഷം ഏറ്റവും വിജയം കൊയ്ത ചിത്രങ്ങളിലൊന്നായിരുന്നു കന്നഡ ചിത്രമായ കെ.ജി.എഫ് ചാപ്റ്റര്‍ 2. യഷ് നായകനായി എത്തിയ ചിത്രം പാന്‍ ഇന്ത്യന്‍ റിലീസായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. മൂന്നാം ഭാഗത്തിനുള്ള എല്ലാം സൂചനയും നല്‍കിയായിരുന്നു രണ്ടാം ഭാഗം അവസാനിച്ചത്. ഇപ്പോഴിതാ ചിത്രത്തിന് അഞ്ചു ഭാഗങ്ങളുണ്ടാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മാതാവ് വിജയ് കിരഗന്ദൂര്‍.

''കെ.ജി.എഫ് ഫ്രാഞ്ചൈസിയില്‍ അഞ്ചു ഭാഗങ്ങള്‍ക്ക് ശേഷം നായകന്‍ മാറാന്‍ സാധ്യതയുണ്ട്. റോക്കി ഭായിക്ക് പകരം മറ്റൊരാള്‍ ആയിരിക്കും നായകന്‍. ജെയിംസ് ബോണ്ട് സിരീസ് പോലെ നായകന്‍മാര്‍ മാറണം എന്നാണ് ആഗ്രഹിക്കുന്നത്'' വിജയ് മെട്രോസാഗ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിനോട് പറഞ്ഞു. കെ.ജി.എഫ് 3യുടെ ജോലികള്‍ 2025ല്‍ മാത്രമേ ആരംഭിക്കുകയുള്ളുവെന്നും നിലവില്‍ സംവിധായകൻ പ്രശാന്ത് നീൽ സലാറിന്‍റെ തിരക്കിലാണെന്നും വിജയ് പറഞ്ഞു. കന്നഡയിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ ഹോംബാലെ ഫിലിംസിന്‍റെ സ്ഥാപകനാണ് വിജയ്. ഹോംബാലെ ഈ വര്‍ഷം നിര്‍മിച്ച കാന്താരയും വന്‍ ഹിറ്റായിരുന്നു. കന്നഡ ചിത്രങ്ങളുടെ വിജയത്തിനു ശേഷം കമ്പനി തങ്ങളുടെ മാര്‍ക്കറ്റ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

"ഇന്ത്യയിലെ വിനോദ വ്യവസായത്തിൽ അടുത്ത അഞ്ച് വർഷത്തേക്ക് 3,000 കോടി രൂപ നിക്ഷേപിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു.വിനോദ വ്യവസായം കൂടുതൽ കൂടുതൽ വളരുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കഥകളുടെ ഒരു കൂടാരം തന്നെയായിരിക്കും. എല്ലാ വർഷവും ഒരു ഇവന്‍റ് സിനിമ ഉൾപ്പെടെ അഞ്ചോ ആറോ സിനിമകൾ ഉണ്ടാകും. ഇപ്പോൾ തന്നെ എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും സിനിമകൾ നിർമിക്കാനുള്ള പദ്ധതിയുണ്ട്.''വിജയ് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാറിന്‍റെ നിര്‍മാണവും ഹോംബാലെ ഫിലിംസാണ്. കന്നഡ ആക്ഷൻ ചിത്രം ബഗീര, ബഹുഭാഷാ ചിത്രം ധൂമം, കീർത്തി സുരേഷിന്റെ തമിഴ് ചിത്രം രഘുതത എന്നിവയാണ് മറ്റു സിനിമകള്‍. സന്തോഷ് ആനന്ദ്റാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂപ്പർസ്റ്റാർ രാജ്കുമാറിന്‍റെ ചെറുമകൻ യുവ രാജ്കുമാറിനെയും ഹോംബാലെ ഫിലിംസ് അവതരിപ്പിക്കും.2023 അവസാനത്തോടെ ചിത്രം പുറത്തിറങ്ങാനാണ് സാധ്യത. പൃഥ്വിരാജ് സുകുമാരന്‍റെ സോഷ്യൽ ത്രില്ലർ ടൈസൺ, രക്ഷിത് ഷെട്ടിയുടെ റിച്ചാർഡ് ആന്‍റണി, സുധ കൊങ്ങരയുടെ ചിത്രം എന്നിവയും അണിയറയിൽ ഒരുങ്ങുകയാണ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News