ഇനി ലൈക്ക് വേണ്ട, ഫോളോ മതി; അതെന്താ അങ്ങനെ..? ഫേസ്ബുക്ക് ഇനി ഇങ്ങനെയാണ്
പേജുകളില്‍ നിന്ന് ലൈക്ക് ബട്ടണ്‍ പിന്‍വലിക്കാന്‍ ഫേസ്ബുക്ക്
സെലിബ്രിറ്റികള്‍, വലിയ ബ്രാന്‍ഡുകള്‍ തുടങ്ങിയവരുടെ പേജുകളില്‍ നിന്ന് ലൈക്ക് ബട്ടണ്‍ പിന്‍വലിക്കാന്‍ ഫേസ്ബുക്ക്. ഫോളോവേഴ്‌സിനെ മാത്രം ആയിരിക്കും ഫേസ്ബുക്ക് പേജ് കാണിക്കുക. ആരാധകരുമായി സംവദിക്കാന്‍ ന്യൂസ് ഫീഡും ഉണ്ടായിരിക്കും.
ആളുകള്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട പേജുകളുമായി ബന്ധപ്പെടുന്നതിനുള്ള രീതി ലളിതമാക്കുന്നതിനായി ഞങ്ങള്‍ ലൈക്കുകള്‍ നീക്കം ചെയ്യുകയും ഫോളോവേഴ്‌സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുകയാണെന്ന് പുതിയ രൂപകല്‍പ്പനയെക്കുറിച്ച് ഫേസ്ബുക്ക് പ്രതികരിച്ചു. പുതിയ മാറ്റങ്ങള്‍ വൈകാതെ വ്യാപിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലേ ഔട്ട്, ന്യൂസ് ഫീഡ്, സുരക്ഷ സവിശേഷതകള്‍, എളുപ്പത്തിലുള്ള നാവിഗേഷന്‍ തുടങ്ങി പ്രധാനമായ ചില മാറ്റങ്ങളാണ് പുതിയ രൂപകല്‍പ്പനയില്‍ ഉള്‍പെടുന്നത്. അതോടൊപ്പം പുതിയ സുരക്ഷ സവിശേഷതകള്‍ സ്പാമുകളുടെയും അക്കൗണ്ടില്‍ ആള്‍മാറാട്ടം നടത്തുന്നവരെയും കണ്ടെത്താന്‍ സഹായിക്കുമെന്നും ഫേസ്ബുക്ക് പറഞ്ഞു. വരുന്ന മാസങ്ങളിലും പേജുകളില്‍ മാറ്റം വരുമെന്ന സൂചനയാണ് ഫേസ്ബുക്ക് നല്‍കുന്നത്.