ഫ്രീകിക്കിന് മുമ്പ് റഫറിയുടെ വര മാറ്റി വരച്ച ഫാബ്രിഗസ്

ഫ്രീകിക്കിനായി റഫറി വര വരച്ച് മാറിയ തക്കത്തിനാണ് ഫാബ്രിഗസ് സൂത്രമൊപ്പിച്ചത്. ഇത് എതിര്‍ടീമും ഒഫീഷ്യലുകളും കണ്ടില്ലെങ്കിലും ചില ആരാധകര്‍ കണ്ടു...

Update: 2018-11-13 07:33 GMT

ഫ്രീകിക്കുകളുടെ കൃത്യമായ സ്ഥലം രേഖപ്പെടുത്തുന്നതിനാണ് ഫുട്‌ബോളില്‍ റഫറിമാര്‍ സ്‌പ്രേകള്‍ ഉപയോഗിക്കുന്നത്. 2014 ബ്രസീല്‍ ലോകകപ്പില്‍ ഈ മാജിക് സ്‌പ്രേ ഉപയോഗിച്ച് തുടങ്ങിയപ്പോള്‍ കളിക്കാരുടെ ഫ്രീകിക്കിന് മുമ്പുള്ള തട്ടിപ്പുകള്‍ അവസാനിച്ചുവെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഫ്രീകിക്കുകള്‍ അനുകൂലമാക്കാന്‍ പുതിയ സാധ്യതകള്‍ തേടുകയാണ് സ്പാനിഷ് ഫുട്‌ബോള്‍ താരം സെസ് ഫാബ്രിഗസ്.

ചെല്‍സിയുടെ മിഡ് ഫീല്‍ഡറായ ഫാബ്രിഗസ് എവര്‍ട്ടെനെതിരായ മത്സരത്തിലാണ് കള്ളത്തരം കാണിച്ചത്. ക്യാമറകള്‍ ഫാബ്രിഗസിന്റെ ഈ നീക്കം കയ്യോടെ പിടികൂടുകയും ചെയ്തു. ഫ്രീകിക്കിനായി റഫറി വര വരച്ച് പോയ ശേഷമാണ് ഫാബ്രിഗസ് സൂത്രമൊപ്പിച്ചത്. പന്ത് കൃത്യമായി വെക്കാനെന്ന വ്യാജേന കുനിഞ്ഞ ഫാബ്രിഗസ് റഫറി വരച്ച വര തന്നെ കൈകൊണ്ട് വാരി കുറച്ചുകൂടി മുന്നിലേക്കിടുകയായിരുന്നു!. ഫാബ്രിഗസിന്റെ കള്ളത്തരം വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊളിഞ്ഞുപോയത്.

രസകരമായ കാര്യം ഫാബ്രിഗസിന്റെ ഈ വര മാറ്റി വരക്കല്‍ എവര്‍ട്ടണ്‍ കളിക്കാരോ ഒഫീഷ്യലുകളോ ശ്രദ്ധിച്ചില്ലെന്നതാണ്. ഈ കള്ളത്തരമൊക്കെ കാണിച്ചിട്ടും ഫ്രീകിക്ക് ഗോളില്‍ കലാശിക്കാതെ പോയി. മത്സരം ഗോള്‍ രഹിത സമനിലയിലാണ് കലാശിച്ചത്.

Tags:    

Similar News