ചെമ്പടയുടെ അപരാജിത കുതിപ്പിന് സിറ്റിയുടെ കടിഞ്ഞാണ്‍
എങ്ങനെയും ജയിച്ചേ അടങ്ങൂ എന്നുറപ്പിച്ചിറങ്ങിയ ഗാര്‍ഡിയോളയുടെ കുട്ടികള്‍ എട്ട് മിനിറ്റിനുള്ളില്‍ ലെറോയ് സാനയിലൂടെ മത്സരം സ്വന്തമാക്കുകയായിരുന്നു
ഒന്നിനെതിരെ രണ്ട് ഗോളിന് മാഞ്ചസ്റ്റര്‍ സിറ്റിയാണ് ലിവര്‍പൂളിനെ തോല്‍പ്പിച്ചത്. സീസണിലെ ലിവര്‍പൂളിന്റെ അപരാജിത കുതിപ്പിനാണ് സിറ്റി കടിഞ്ഞാണിട്ടത്. എത്തിഹാദ് സ്റ്റേഡിയത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഒരു തിരിച്ചുവരവിനും ഗ്വാഡിയോളക്കും സംഘത്തിനും സാധിച്ചു.
19ആം മിനിറ്റില്‍ ഗോളെന്നുറച്ച ശ്രമം സിറ്റി പ്രതിരോധം തട്ടിയകറ്റിയത് ശ്രദ്ധേയമായി. തുടരെ ഇരുപാദങ്ങളിലേക്കും പന്ത് കയറി ഇറങ്ങിയെങ്കിലും ഗോളാകാന്‍ സമയമെടുത്തു. എന്നാല്‍ ആദ്യപാദം അവസാനിക്കുന്നതിന് മുമ്പ് 40ആം മിനിറ്റില്‍ സെര്‍ജ്യോ അഗ്യൂറോയിലൂടെ ആതിഥേയര്‍ ആദ്യം വലകുലുക്കി. എന്നാല്‍ രണ്ടാം പകുതിയില്‍ റോബര്‍ട്ടോ ഫിര്‍മിനോയിലൂടെ ചെമ്പട ഗോള്‍ മടക്കി. എന്നാല്‍ സ്വന്തം കാണികള്‍ക്കുമുന്നില്‍ എങ്ങനെയും ജയിച്ചേ അടങ്ങൂ എന്നുറപ്പിച്ചിറങ്ങിയ ഗാര്‍ഡിയോളയുടെ കുട്ടികള്‍ എട്ട് മിനിറ്റിനുള്ളില്‍ ലെറോയ് സാനയിലൂടെ മത്സരം സ്വന്തമാക്കുകയായിരുന്നു.
തോറ്റെങ്കിലും 54 പോയിന്റുമായി ലിവര്‍പൂളാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. 50 പോയിന്റുള്ള സിറ്റി രണ്ടാമതാണ്.
സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിനെ വിയ്യാറയല്‍ സമനിലയില്‍ തളച്ചു. രണ്ട് ഗോള്‍ വീതമാണ് ഇരുടീമും നേടിയത്. കരീം ബെന്‍സേമയും റാഫേല് വരാനയും റയലിനായി ലക്ഷ്യം കണ്ടപ്പോള്‍ സാന്റി കസോരിയയാണ് വിയ്യാറയലിനായി രണ്ട് ഗോളുകളും നേടിയത്.