ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍; സമനിലയില്‍ കുരുങ്ങി പ്രമുഖടീമുകള്‍
കൂടുതല്‍ ഷോട്ടുകള്‍ തീര്‍ത്തും പന്ത് കൂടുതല്‍ സമയം നിയന്ത്രണത്തിലാക്കിയും ലിയോണിന്റെ തട്ടകത്തില്‍ ബാഴ്‌സ കളം നിറഞ്ഞെങ്കിലും എതിര്‍ വല കുലുക്കാനായില്ല.
ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പ്രീ ക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ പ്രമുഖ ടീമുകള്‍ക്ക് സമനില. ബാഴ്‌സ ഒളിംപിക് ലിയോണ്‍ മത്സരവും ലിവര്‍പൂള്‍ ബയേണ്‍ മ്യൂണിക് മത്സരവും ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു.
ഒളിംപിക് ലിയോണിനെതിരെ ബാഴ്‌സലോണക്ക് തന്നെയായിരുന്നു ആധിപത്യം. മെസി- സുവാരസ്- ഉസ്മാന്‍ ഡെംബലെ എന്നിവര്‍ മുന്നേറ്റത്തില്‍ ഇറങ്ങിയപ്പോള്‍ ഫിലിപ്പ് കുട്ടീഞ്ഞോ ആദ്യ ഇലവനില്‍ ഉണ്ടായിരുന്നില്ല. കൂടുതല്‍ ഷോട്ടുകള്‍ തീര്‍ത്തും പന്ത് കൂടുതല്‍ സമയം നിയന്ത്രണത്തിലാക്കിയും ലിയോണിന്റെ തട്ടകത്തില്‍ ബാഴ്‌സ കളം നിറഞ്ഞെങ്കിലും എതിര്‍ വല കുലുക്കാനായില്ല.
ഇരു ടീമില്‍ നിന്നും രണ്ട് താരങ്ങള്‍ വീതം മഞ്ഞക്കാര്‍ഡും കണ്ടു. മത്സരം ഗോളുകളില്ലാതെ പിരിഞ്ഞതോടെ ബാഴ്‌സയുടെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന രണ്ടാം പാദ മത്സരം ഇരുടീമിനും നിര്‍ണായകമായി. ആന്‍ഫീല്‍ഡിലും സ്ഥിതി സമാനമായിരുന്നു. ഗോളവസരങ്ങള്‍ ലിവര്‍പൂളും ബയേണും സൃഷ്ടിച്ചെങ്കിലും ഒന്നും വലയിലെത്തിയില്ല.
സലാഹ്- ഫിര്‍മിനോ- സാഡിയോ മാനെ ത്രിമൂര്‍ത്തികള്‍ ലിവര്‍പൂളിനായി ഇറങ്ങിയപ്പോള്‍ ഫ്രാങ്ക് റിബറിയെ പോലുള്ള ചില താരങ്ങള്‍ ബയേണ്‍ നിരയില്‍ കളത്തിലെത്തിയില്ല. ബയേണ്‍ തട്ടകത്തിലാണ് രണ്ടാം പാദ മത്സരം.