സര്‍വകലാശാലകളിലെ 'ഇസ്‍ലാമോ- ലെഫ്റ്റിസ'ത്തെ സൂക്ഷിക്കണമെന്ന് ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രി

ഫ്രാന്‍സിലെ തീവ്രവലതു രാഷ്ട്രീയ നേതാക്കള്‍ പ്രതിയോഗികളെ മോശക്കാരായി ചിത്രീകരിക്കാനുപയോഗിക്കുന്ന വാക്കാണ് 'ഇസ്‍ലാമോ- ലെഫ്റ്റിസം'

Update: 2021-02-18 14:46 GMT

സര്‍വകലാശാലകളിലെ 'ഇസ്‍ലാമോ- ലെഫ്റ്റിസ'ത്തെ സൂക്ഷിക്കണമെന്ന് ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രി ഫ്രെഡ്റികേ വിദാല്‍. ഫ്രാന്‍സിലെ തീവ്രവലതു രാഷ്ട്രീയ നേതാക്കള്‍ പ്രതിയോഗികളെ മോശക്കാരായി ചിത്രീകരിക്കാനുപയോഗിക്കുന്ന വാക്കാണ് 'ഇസ്‍ലാമോ- ലെഫ്റ്റിസം'. ഇടതുപക്ഷം 'ഇസ്‍ലാമിക തീവ്രവാദ'ത്തെ അവഗണിക്കുകയാണെന്നും വംശീയത, സ്വത്വം എന്നവയില്‍ അനാവശ്യ ജാഗ്രത കാണിക്കുകയാണെന്നുമാണ് തീവ്രവലതു നേതാക്കളുടെ ആരോപണം. "ഇസ്‍ലാമോ- ലെഫ്റ്റിസം' നമ്മുടെ സമൂഹത്തെയാകെ ബാധിച്ച അപകടമാണ്, സര്‍വകലാശാലകളും അതില്‍ നിന്ന് മോചിതമല്ല" ഫ്രെഡ്റികേ വിദാല്‍ പറഞ്ഞു. ഗവേഷകര്‍ സമൂഹത്തെ വിഘടിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കൊളോണിയലിസം, വംശം എന്നീ കണ്ണടകള്‍ മാത്രമുപയോഗിച്ചാണ് ഗവേഷകര്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും വിദാല്‍ വിമര്‍ശിച്ചു. വിദാലിന്റെ പ്രസ്താവനക്കെതിരെ ഫ്രാന്‍സിലെ വിദ്യാര്‍ഥികളും അധ്യാപകരും രംഗത്തുവന്നു.

Advertising
Advertising

'ഇസ്‍ലാമിക വിഘടനവാദ' പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പ്രസ്താവനയുടെ വിവാദങ്ങള്‍ അടങ്ങും മുമ്പാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന. ഇസ്‍ലാമിക വിഘടനവാദത്തെ ചെറുക്കാനുള്ള വ്യവസ്ഥകളടങ്ങിയ ബിൽ അടുത്ത വർഷം ആദ്യം പാർലമെന്റിലേക്ക് അയക്കുമെന്ന് മാക്രോൺ പറഞ്ഞു. ആഗോളതലത്തില്‍ 'പ്രതിസന്ധിയിലായിരിക്കുന്ന' മതമാണ് ഇസ്‍ലാം എന്ന് മാക്രോൺ വിശേഷിപ്പിച്ചിരുന്നു. രാജ്യത്തെയും പള്ളികളെയും ഔദ്യോഗികമായി വേർതിരിച്ച് നിർത്തുന്ന 1905ലെ നിയമം ശക്തിപ്പെടുത്താൻ ബില്ല് അവതരിപ്പിക്കുമെന്നും മാക്രോൺ വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്ലീം പള്ളികൾക്ക് ലഭിക്കുന്ന വിദേശ ഫണ്ടിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും മാക്രോണ്‍ പറഞ്ഞിരുന്നു.

അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രണ്ട് വർഷം മാത്രം ശേഷിക്കെ തീവ്ര വലതുപക്ഷ, പരമ്പരാഗത, യാഥാസ്ഥിതിക വോട്ടുകള്‍ ലക്ഷ്യം വെച്ചാണ് മാക്രോണിന്റേയും ഫ്രെഡ്റികേ വിദാലിന്റെയും പ്രസ്താവനകളെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

നേരത്തെ ഫ്രഞ്ച് പ്രസിഡന്റിന്റെ ഇമ്മാനുവൽ മാക്രോണിന്‍റെ പ്രസ്താവനകള്‍ക്കെതിരെ രൂക്ഷവിമർശനവുമായി തുര്‍ക്കി പ്രസിഡന്‍റ് രജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ രംഗത്ത് വന്നിരുന്നു. ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ മനോനില പരിശോധിക്കേണ്ടതുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

Tags:    

Similar News