ദുബൈയില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍ പുതിയ നിയമം

Update: 2017-06-08 17:57 GMT
Editor : admin
ദുബൈയില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍ പുതിയ നിയമം

ദുബൈയില്‍ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാനും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാനും പുതിയ നിയമം പ്രഖ്യാപിച്ചു.

ദുബൈയില്‍ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാനും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാനും പുതിയ നിയമം പ്രഖ്യാപിച്ചു. ദുബൈ ഇക്കണോമിക് സെക്യൂരിറ്റി സെന്റര്‍ എന്ന കേന്ദ്രത്തിനായിരിക്കും ഇനി മുതല്‍ സാമ്പത്തിക ഇടപാടുകളുടെ മേല്‍നോട്ട ചുമതല. സംഭാവനകളും സഹായങ്ങളുമടക്കം മുഴുവന്‍ ഇടപാടുകളും കേന്ദ്രം നിരീക്ഷിക്കും.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് പുതിയ നിയമം പ്രഖ്യാപിച്ചത്. സാമ്പത്തികരംഗത്തെ കുറ്റകൃത്യങ്ങളും ദോഷകരമായ പ്രവണതകളും തടഞ്ഞ് ആഗോള സാമ്പത്തിക ഹബ്ബായി ദുബൈയെ നിലനിര്‍ത്തുക എന്നതാണ് നിയമം ലക്ഷ്യമിടുന്നത്. സാമ്പത്തികരംഗത്ത് തിരിച്ചടിയായേക്കാവുന്ന നീക്കങ്ങളെ മുന്‍കൂട്ടി കണ്ട് ദുബൈ വിപണിയില്‍ മുതലിറക്കുന്ന നിക്ഷേപകര്‍ക്കുള്ള അപകട സാധ്യത കുറക്കുക എന്നത് ദുബൈ ഇക്കണോമിക് സെക്യൂരിറ്റി സെന്ററിന്റെ ചുമതലയായിരിക്കും. നിക്ഷേപകര്‍ക്ക് ദുബൈയിലുള്ള ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ നിയമം ലക്ഷ്യമിടുന്നു. പ്രത്യേക സാമ്പത്തിക മേഖലയിലേതടക്കം ദുബൈയിലെ മുഴുവന്‍ സ്ഥാപനങ്ങളുടെയും സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രം നിരീക്ഷിക്കും. സംഭാവനകളും സാമ്പത്തിക സഹായങ്ങളും വരെ നിരീക്ഷണത്തിന്റെ പരിധിയില്‍ വരും. ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സിലായിരിക്കും ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കുക.

അഴിമതി, കൈക്കൂലി, സാമ്പത്തിക തട്ടിപ്പ്, പൊതുസ്ഥാപനങ്ങളുടെ കൈയേറ്റം, വ്യാജ കറന്‍സി, പണം വെളുപ്പിക്കല്‍, തീവ്രാദത്തിന് ധനസഹായം തുടങ്ങിയ കുറ്റകൃത്യങ്ങളെല്ലാം പുതിയ നിയമം അനുസരിച്ച് ദുബൈ ഇക്കണോമിക് സെക്യൂരിറ്റി സെന്ററാണ് കൈകാര്യം ചെയ്യുക.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News