വിമാനത്താവള നവീകരണത്തിന് കുവൈത്ത് 131 കോടി ദിനാറിന്റെ കരാര്‍ നല്‍കി
ലിമാക് കണ്‍സ്ട്രക്ഷനും കറാഫി ഇന്‍റര്‍നാഷണലും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യത്തിനാണ് ടെര്‍മിനല്‍ നിര്‍മിക്കാനുള്ള കരാര്‍
അന്താരാഷ്ട്ര വിമാനത്താവള നവീകരണത്തിനായി കുവൈത്ത് 131 കോടി ദിനാറിന്റെ കരാര്‍ നല്‍കി. തുര്‍ക്കിയിലെ ലിമാക് കണ്‍സ്ട്രക്ഷനും കുവൈത്തിലെ കറാഫി ഇന്‍റര്‍നാഷണലും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യത്തിനാണ് പുതിയ ടെര്‍മിനല്‍ നിര്‍മിക്കാനുള്ള കരാര്‍. കുവൈത്ത് പൊതുമരാമത്ത് മന്ത്രി അലി അല്‍ഉമൈറാണ് കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ കരാറില്‍ ഒപ്പ് വെച്ചത്.
ആറു വര്‍ഷമാണ് പുതിയ ടെര്‍മിനല്‍ നിര്‍മിക്കുന്നതിനായി ലിമാക് കറാഫി കണ്‍സോര്‍ഷ്യത്തിനു അനുവദിച്ചിട്ടുള്ള സമയം. നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രതിവര്‍ഷം രണ്ടര വര്‍ഷം യാത്രക്കാരെ സ്വീകരിക്കാനാവുമെന്ന് ഒപ്പുവെക്കല്‍ ചടങ്ങിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി അലി അല്‍ഉമൈര്‍ പറഞ്ഞു. നിലവില്‍ പ്രതിവര്‍ഷം 50 ലക്ഷം യാത്രക്കാരാണ് വിമാനത്താവളം വഴി യാത്ര നടത്തിക്കൊണ്ടിരിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ധനക്കനുസരിച്ചുള്ള സൗകര്യങ്ങള്‍ ഇല്ലാത്തത് എയര്‍ പോര്‍ട്ട് പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. യാത്രാ-ചരക്ക് നീക്കങ്ങള്‍ക്കും സുരക്ഷാക്രമീകരണങ്ങള്‍ക്കും വന്‍ തടസ്സമാണ് ഇപ്പോഴുള്ളത്. കരാര്‍ ഒപ്പിട്ടതോടെ രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന ഏറ്റവും വലിയ വികസന പദ്ധതിയായി വിമാനത്താവള നിര്‍മാണം മാറുമെന്ന് അദ്ദേഹം വ്യക്തമാക്കി.
1.2 കിലോ മീറ്റര്‍ വീതം ദൈര്‍ഘ്യമുള്ള ചിറകുകളുടെ രൂപത്തില്‍ മൂന്നു ടെര്‍മിനലുകളാണ് നവീകരണത്തിന്റെ ഭാഗമായി നിര്‍മിക്കുന്നത്. ബ്രിട്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫോസ്റ്റര്‍ ആന്‍റ് പാര്‍ട്ണേഴ്സ് ആണ് പുതിയ റ്റെര്‍മിനലിന്റെ രൂപരേഖ തയ്യാറാക്കിയത്. 4,500 കാറുകള്‍ക്ക് നിര്‍ത്തിയിടാന്‍ കഴിയുന്ന ബഹുനില പാര്‍ക്കിങ് സമുച്ചയം, ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കായുള്ള ബജറ്റ് ഹോട്ടല്‍, വിശാലമായ എറൈവല്‍-ഡിപാര്‍ച്ചര്‍ ഹാളുകള്‍, അനുബന്ധ സൗകര്യങ്ങള്‍ എന്നിവയുമുണ്ടാവും. 51 പുതിയ എയര്‍ക്രാഫ്റ്റ് ഗേറ്റുകളാണ് നിർദിഷ്ട ടെര്‍മിനലില്‍ ഉണ്ടാവുക. ഇതില്‍ 21 എണ്ണം എയര്‍ബസ് 380 ഇനത്തില്‍ പെട്ട വലിയ വിമാനങ്ങള്‍ക്ക് കൂടി ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലുള്ളതായിരിക്കും. രാജ്യപുരോഗതിയിലെ പ്രധാന നാഴികക്കല്ലായാണ് വിമാനത്താവള നവീകരണത്തെ സര്‍ക്കാര്‍ കണക്കാക്കുന്നത്.