ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ദുബൈ ആസ്ഥാനമായി പ്രത്യേക കേന്ദ്രം
ലോകമെമ്പാടുമുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ദുബൈ ആസ്ഥാനമായി പ്രത്യേക കേന്ദ്രം വരുന്നു.
ലോകമെമ്പാടുമുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ദുബൈ ആസ്ഥാനമായി പ്രത്യേക കേന്ദ്രം വരുന്നു. ഇത്തരത്തിലുള്ള ലോകത്തെ ആദ്യ കേന്ദ്രമാണിത്. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് കേന്ദ്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. വിവിധ പദ്ധതികള്‍ക്കായി 500 കോടി ദിര്‍ഹത്തിന്റെ എന്‍ഡോവ്മെന്‍റും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.
യുഎഇയെ ലോക മാനവിക തലസ്ഥാനമാക്കി മാറ്റുകയെന്ന പദ്ധതിയുടെ ഭാഗമായാണ് കേന്ദ്രം പ്രഖ്യാപിച്ചത്. മുഹമ്മദ് ബിന്‍ റാശിദ് എന്‍ഡോവ്മെന്‍റ് കണ്‍സള്‍ട്ടന്‍സി എന്നായിരിക്കും കേന്ദ്രത്തിന്‍റെ പേര്. ലോകമെമ്പാടുമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കേന്ദ്രം മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. രഹസ്യമായി ദാനധര്‍മങ്ങള്‍ നിര്‍വഹിക്കുന്നവര്‍ക്ക് അത് വ്യവസ്ഥാപിതമായി ചെയ്യാനുള്ള വേദിയൊരുക്കുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
കേന്ദ്രത്തിന്റെ സേവനങ്ങള്‍ സൗജന്യമായായിരിക്കും. വിദ്യാര്‍ഥികള്‍ക്ക് ഗ്രാന്‍റുകള്‍ നല്‍കുകയും സമ്മേളനങ്ങളും ശില്‍പശാലകളും സംഘടിപ്പിക്കുകയും ചെയ്യും. യുഎഇയിലെയും അറബ് ലോകത്തെയും ദാനധര്‍മ പ്രവര്‍ത്തനങ്ങള്‍ക്കായി ദുബൈ ഔഖാഫിന് കീഴില്‍ എന്‍ഡോവ്മെന്‍റ് ഡിസ്ട്രിക്റ്റ് രൂപവത്കരിക്കും. ശൈഖ് മുഹമ്മദ് നല്‍കുന്ന ഭൂമിയില്‍ റിയല്‍ എസ്റ്റേറ്റ് പദ്ധതി നടപ്പാക്കുകയും അതില്‍ നിന്നുള്ള വരുമാനം എന്‍ഡോവ്മെന്‍റുകള്‍ക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യും. വിജ്ഞാനാധിഷ്ഠിത പദ്ധതികള്‍, ശാസ്ത്ര- സാങ്കേതിക ഗവേഷണങ്ങള്‍, വായന തുടങ്ങിയവക്കായിരിക്കും 500 കോടി ദിര്‍ഹം ചെലവഴിക്കുക. കേന്ദ്രം പ്രഖ്യാപന ചടങ്ങില്‍ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, കാബിനറ്റ്- ഭാവി കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി എന്നിവരും പങ്കെടുത്തു.