യുഎഇയില്‍ തൊഴിലാളികളുടെ ശമ്പള സംരക്ഷണ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

Update: 2017-12-14 20:44 GMT
യുഎഇയില്‍ തൊഴിലാളികളുടെ ശമ്പള സംരക്ഷണ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

16 ദിവസം ശമ്പളം വൈകിയാല്‍ കമ്പനികള്‍ക്കെതിരെ നടപടി ആരംഭിക്കുന്നതാണ് ഈ നിയമം.

Full View

യുഎഇയില്‍ തൊഴിലാളികളുടെ ശമ്പളം ഉറപ്പുവരുത്തുന്ന ശമ്പള സംരക്ഷണ നിയമം ഇന്ന് മുതല്‍ നിലവില്‍ വരും. 16 ദിവസം ശമ്പളം വൈകിയാല്‍ കമ്പനികള്‍ക്കെതിരെ നടപടി ആരംഭിക്കുന്നതാണ് ഈ നിയമം. തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് ഏറെ പരിഗണന നല്‍കുന്ന നിയമം രാജ്യത്തെ തൊഴില്‍മേഖലയെ ശക്തമാക്കുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

കഴിഞ്ഞ ജൂലൈ 26 നാണ് തൊഴില്‍മന്ത്രി സഖര്‍ ഗോബാഷാണ് ശമ്പള സംരക്ഷണ നിയമം പ്രഖ്യാപിച്ചത്. നൂറോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കാണ് ഒക്ടോബര്‍ മൂന്ന് മുതല്‍ നിയമം ബാധകമാകുന്നത്. ഈ നിയമപ്രകാരം കമ്പനി മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത ശമ്പളവിതരണ ദിവസം പിന്നിട്ട് പത്തുദിവസത്തിനകം നിര്‍ബന്ധമായും വേതനം വിതരണം ചെയ്തിരിക്കണം. അല്ലാത്തപക്ഷം, ശമ്പളം വൈകി പതിനാറാം ദിവസം മുതല്‍ കമ്പനിക്ക് നിയമനവിലക്ക് ഏര്‍പ്പെടുത്തും. ശമ്പളം ഒരുമാസത്തിനകം കൊടുത്തുതീര്‍ത്താല്‍ വിലക്ക് നീക്കും. ശമ്പളം ഒരുമാസത്തില്‍ കൂടുതല്‍ വൈകിയാല്‍ മന്ത്രാലയം കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ നീതിന്യായ വകുപ്പിന് ശിപാര്‍ശ ചെയ്യും. കമ്പനി ഉടമയുടെ മറ്റു സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടയും. പുതിയ സ്ഥാപനങ്ങള്‍ ഉടമക്ക് രജിസ്റ്റര്‍ ചെയ്യാനാവില്ല.

Advertising
Advertising

എന്നിട്ടും ശമ്പള നിഷേധം തുടര്‍ന്നാല്‍ ബാങ്ക് ഗാരണ്ടി ഉപയോഗിച്ച് ശമ്പള വിതരണത്തിന് നടപടി സ്വീകരിക്കും. കമ്പനിയെ മൂന്നാം തരമായി തരംതാഴ്ത്തും. തൊഴിലാളികള്‍ക്ക് മറ്റു സ്ഥാപനങ്ങളിലേക്ക് മാറാന്‍ അവസരം നല്‍കും. പത്ത് ദിവസത്തില്‍ ശമ്പളം വൈകിപ്പിച്ചാല്‍ ഒരു തൊഴിലാളിക്ക് 5000 ദിര്‍ഹം എന്ന തോതില്‍ പിഴയടക്കേണ്ടി വരും. 60 ദിവസത്തിലേറെ വൈകിയാല്‍ 50,000 ദിര്‍ഹമാണ് പിഴ. നൂറില്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് നേരത്തേ നിലവിലുള്ള നിയമമാണ് ബാധകം. ഇത്തരം സ്ഥാപനങ്ങള്‍ 60 ദിവസം ശമ്പളം വൈകിയാല്‍ നടപടി നേരിടേണ്ടി വരും.

Tags:    

Similar News