കുവൈത്തിൽ ഇന്ന് രാത്രി മുതൽ തറാവീഹ് നമസ്‌കാരം ആരംഭിക്കും

ഇശാ നമസ്‌കാരത്തിന് ശേഷം 20 മിനിറ്റിൽ കൂടരുത്

Update: 2026-03-07 17:06 GMT

കുവൈത്ത് സിറ്റി: നിലവിലെ സുരക്ഷാ സാഹചര്യം പരിഗണിച്ച് കുവൈത്തിലുടനീളമുള്ള എല്ലാ മസ്ജിദുകളിലും തറാവീഹ്, ഖിയാം നമസ്‌കാരങ്ങൾ സമയപരിധിയോടെ നടത്തുമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു. ഇന്ന് രാത്രി മുതൽ തറാവീഹ് നമസ്‌കാരം ആരംഭിക്കും. ഇശാ നമസ്‌കാരത്തിന് ശേഷം 20 മിനിറ്റിൽ കൂടരുതെന്നാണ് നിർദേശം. ഖിയാം നമസ്‌കാരം അർധരാത്രി 12 മണിക്ക് ആരംഭിച്ച് 12:30 ന് അവസാനിക്കും. വിശ്വാസികളുടെ സുരക്ഷയും പൊതുതാൽപ്പര്യവും പരിഗണിച്ചാണ് ഈ തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർത്ഥിച്ചു.

Advertising
Advertising

മേഖലയിലെ സാഹചര്യം പരിഗണിച്ച് കുവൈത്തിൽ തറാവീഹ് നമസ്‌കാരം താത്കാലികമായി റദ്ദാക്കിയിരുന്നു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് നടപടിയെന്നാണ് ഔഖാഫ് മന്ത്രാലയം അറിയിച്ചിരുന്നത്.

കുവൈത്തിനെ പരിഹസിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തു; മൂന്നുപേർ അറസ്റ്റിൽ


കുവൈത്തിനെ പരിഹസിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടർന്ന് മൂന്ന് പേർ അറസ്റ്റിൽ. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിലവിലെ സാഹചര്യങ്ങളിൽ എല്ലാവരും ദേശീയ ഉത്തരവാദിത്തം പാലിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.

ക്രൂഡ് ഓയിൽ ഉൽപാദനത്തിൽ ചെറിയ കുറവ് വരുത്തി

ക്രൂഡ് ഓയിൽ ഉൽപാദനത്തിലും ശുദ്ധീകരണ പ്രവർത്തനങ്ങളിലും ചെറിയ തോതിൽ കുറവ് വരുത്തിയതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ അറിയിച്ചു. ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ മുൻകരുതൽ നടപടി. സാഹചര്യം അനുകൂലമായാൽ ഉടൻ തന്നെ ഉൽപാദന നില സാധാരണ നിലയിലേക്ക് കൊണ്ടുവരുമെന്നും കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ അറിയിച്ചു.

ഉടൻ വിമാന സർവീസ് ആരംഭിക്കാൻ ജസീറ എയർവേയ്സ്

കുവൈത്തിൽ നിന്ന് ഉടൻ വിമാന സർവീസുകൾ ആരംഭിക്കാനുള്ള സാധ്യതകൾ പരിശോധിച്ച് ജസീറ എയർവേയ്സ്. ഡയറക്ടറേറ്റ് ജനറൽ ഫോർ സിവിൽ ഏവിയേഷനും മറ്റ് ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായും ഈ വിഷയത്തിൽ ചർച്ച നടത്തിയതായി എയർലൈൻ അറിയിച്ചു. വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി നിരവധി യാത്രക്കാരും എംബസികളും വ്യാപാര പങ്കാളികളും സമീപിച്ചതായും ജസീറ എയർവേയ്സ് വ്യക്തമാക്കി.

ജിസിസി മേഖലയിലെ കുടുംബങ്ങളെയും സമൂഹങ്ങളെയും വീണ്ടും ബന്ധിപ്പിക്കാനുള്ള പ്രതിബദ്ധതയും കുവൈത്തിനെ പ്രധാന പ്രാദേശിക, അന്തർദേശീയ വിപണികളുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളും എയർലൈൻ ആവർത്തിച്ചു.

യാത്രക്കാരുടെ സുരക്ഷയും സുഗമമായ പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളുടെ പിന്തുണയ്ക്കും ജസീറ എയർവേയ്സ് നന്ദി അറിയിച്ചു. വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ തുടരുകയാണെന്നും എയർലൈൻ അറിയിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News