മക്കയില്‍ ഐഎസ് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു

Update: 2018-02-07 14:15 GMT
Editor : admin
മക്കയില്‍ ഐഎസ് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു
Advertising

മക്ക തായിഫ് റോഡിലാണ് സംഭവം

മക്ക പ്രവിശ്യയില്‍ നാല് ഐ എസ് തീവ്രവാദികളെ സൌദി സുരക്ഷാ സേന വധിച്ചു. പത്ത് മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് സുരക്ഷാ സേനയും മക്ക പോലീസും ചേര്‍ന്ന് തീവ്രവാദികളെ വധിച്ചത്. അതേ സയമം ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേര്‍ ജിദ്ദയില്‍ പിടിയിലായി.

മക്ക താഇഫ് റോഡില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്നും ഇരുപത്തി അഞ്ച് കിലോമീറ്റര്‍ അകലെ വാദി നുഅ്മാന്‍ എന്ന സ്ഥലത്ത് താമസിച്ചിരുന്ന ഭീകരരെയാണ് സുരക്ഷാ സേനയും പൊലീസും ചേര്‍ന്ന് വധിച്ചത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിശ്രമ കേന്ദ്രത്തില്‍ കഴിയുകയായിരുന്ന ഭീകരരെ കണ്ടെത്തിയത്. പത്ത് മണിക്കൂറോളം ഭീകരുമായി സൈന്യം ഏറ്റുമുട്ടി. കനത്ത വെടിവെപ്പാണ് ഇവിടെയുണ്ടായത്. രണ്ട് പേര്‍ സുരക്ഷാ സേനയും വെട‌ിയേറ്റും മറ്റ് രണ്ട് പേര്‍ ബെല്‍റ്റ് ബോംബ് പൊട്ടിയുമാണ് മരിച്ചത്. ഏറ്റുമുട്ടലില്‍ സുരക്ഷാ സേന അംഗങ്ങള്‍ക്കോ പ്രദേശവാസികള്‍ക്കോ പരിക്കേറ്റില്ലെന്നും അധികൃതര്‍ അറിയിച്ചു. കൊല്ലപ്പെ‌ട്ട ഭീകരരുടെ പേരു വിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അതേ സമയം സുരക്ഷാ സേന ജിദ്ദയില്‍ നടത്തിയ പരിശോധനയില്‍ ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെ പിടികൂടി. ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ളവര്‍ക്കെതിരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പരിശോധനയാണ് നടക്കുന്നത്. കഴിഞ്ഞ വാരം ബീഷയില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭീകര പ്രവര്‍ത്തനങ്ങളുമായി ഏതെങ്കിലും രീതിയില്‍ ബന്ധമുള്ള എല്ലാവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനുള്ള ശക്തമായ നടപടികള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News