പ്രവാസി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി ശാന്തിയുടെ മരണം
സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ അബൂദബിയിലെ വേദികളില്‍ ചുവട് വെച്ച് വളര്‍ന്ന കലാകാരിയായിരുന്നു ശാന്തി
സംഗീതസംവിധായകന്‍ ബിജിബാലിന്റെ ഭാര്യ ശാന്തിയുടെ മരണം അബൂദബിയിലെ പ്രവാസി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി. സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ അബൂദബിയിലെ വേദികളില്‍ ചുവട് വെച്ച് വളര്‍ന്ന കലാകാരിയായിരുന്നു ശാന്തി.
അബുദബി കേരളാ സോഷ്യല്‍ സെന്ററ്‍ ബാലവേദി, ശക്തി ബാലസംഘം എന്നിവയിലൂടെയാണ് ശാന്തി മോഹന്‍ദാസ് എന്ന കലാകാരി വളര്‍ന്നത്. അബൂദബി ഓയില്‍ കമ്പനി ജീവനക്കാരനായ അച്ഛന്‍ മോഹന്‍ദാസിനൊപ്പം അബൂദബിയിലുണ്ടായിരുന്ന ശാന്തി വിവിധ സംഘടനകളുടെ കലോല്‍സവങ്ങളില്‍ കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ നാടകങ്ങളിലും സജീവമായിരുന്നു.
ബിജിബാല്‍ സംഗീത സംവിധാനം നിര്‍വഹിച്ച സകലദേവ നുതെ എന്ന ആല്‍ബത്തിലും കയ്യൂരുള്ളൊരു സമരസഖാവിന് എന്ന ആല്‍ബത്തിലും ശാന്തി വേഷമിട്ടിട്ടുണ്ട്. ഓണക്കാലത്ത് മനസിലെത്തുന്ന ഈ പാട്ട് പാടിയ ദയ ഇവരുടെ മകളാണ്. ദേവദത്താണ് മൂത്തമകന്‍.