ബഹ്റൈനിൽ സ്കൂള്‍ ബസിന് തീ പിടിച്ച സംഭവം; അന്വേഷണം പുരോഗമിക്കുന്നു

Update: 2018-03-17 18:01 GMT
Editor : Trainee
ബഹ്റൈനിൽ സ്കൂള്‍ ബസിന് തീ പിടിച്ച സംഭവം; അന്വേഷണം പുരോഗമിക്കുന്നു

ബഹ്റൈനിലെ ഇസാ ടൗണിലുള്ള ഇന്ത്യൻ സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുവിടാനെത്തിയ ബസിനാണ് സ്കൂളിലെത്തുന്നതിന് തൊട്ട് മുമ്പ് തീപിടിച്ചത്

Full View

ബഹ്റൈനിൽ വിദ്യാർഥികളെ സ്കൂളിലേക്ക് കൊണ്ട് പോകുന്ന ബസിന് തീ പിടിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ഷോർട്ട് സർക്യൂട്ട് കാരണമുണ്ടായ അപകടത്തിൽ ബസ് ഡ്രൈവറുടെ സമയോചിത ഇടപെടൽ കാരണം വൻ ദുരന്തമാണ് ഒഴിവായത്. ഇന്ന് രാവിലെ ബഹ് റൈനിലെ ഇസാ ടൗണിലുള്ള ഇന്ത്യൻ സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുവിടാനെത്തിയ ബസിനാണ് സ്കൂളിലെത്തുന്നതിന് തൊട്ട് മുമ്പ് തീപിടിച്ചത്. എഞ്ചിന്റെ ഭാഗത്ത് നിന്ന് തീയുടെ പുക ശ്രദ്ധയിൽപെട്ട ഉടനെ ബസ് ഡ്രൈവർ മുഴുവൻ കുട്ടികളോടും സ്കൂൾ ഗെയ്റ്റിനു സമീപം ഇറങ്ങാൻ ആവശ്യപ്പെട്ടു. സ്കൂൾ സ്റ്റാഫംഗങ്ങളുടെയും അധ്യാപകരുടെയും സഹായത്തോടെ മുഴുവൻ കുട്ടികളെയും ബസിൽ നിന്ന് ഇറക്കിക്കഴിഞ്ഞതിന് ശേഷമാണ് ബസിൽ തീപിടുത്തമുണ്ടായത്.

സിവിൽ ഡിഫൻസ് പോലീസ് സംഘങ്ങൾ എത്തി തീയണച്ചെങ്കിലും ബസ് ഏതാണ്ട് മുഴുവനായും തന്നെ കത്തി നശിച്ചു. വിദ്യാഭ്യാസ മന്ത്രാലയം അധികൃതർ സംഭവ സ്ഥലം സന്ദർശിച്ചിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതായും ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ വേണ്ട സുരക്ഷാ മുൻ കരുതലുകൾ സ്വീകരിക്കുമെന്നും സ്കൂൾ മാനേജ്മെന്റ് അറിയിച്ചു. സമയോചിത ഇടപെടൽ നടത്തി കുട്ടികളെ ദുരന്തത്തിൽ നിന്ന് രക്ഷിച്ച ബസ് ഡ്രൈവറെയും സ്‌കൂൾ ജീവനക്കാരെയും സ്കൂൾ മാനേജ്മെന്റ് അഭിനന്ദിച്ചു.

Writer - Trainee

contributor

Editor - Trainee

contributor

Similar News