എഞ്ചിനീയര്‍മാരുടെ റിക്രൂട്ട്മെന്റ്; നിയമം 2018 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും

Update: 2018-04-03 10:32 GMT
Editor : Jaisy
എഞ്ചിനീയര്‍മാരുടെ റിക്രൂട്ട്മെന്റ്; നിയമം 2018 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും
Advertising

തൊഴില്‍ രംഗത്തെ നൈപുണ്യം ഉറപ്പുവരുത്തുന്നതിനും സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനും വേണ്ടിയാണ് ഇത്

എഞ്ചിനീയര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ ചുരുങ്ങിയത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണമെന്ന നിയമം 2018 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്സ് അറിയിച്ചു. തൊഴില്‍ രംഗത്തെ നൈപുണ്യം ഉറപ്പുവരുത്തുന്നതിനും സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനും വേണ്ടിയാണ് ഇത്. നിയമത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഇളവ് അനുവദിക്കില്ലെന്നു അധികൃതര്‍ വ്യക്തമാക്കി.

തൊഴില്‍ മന്ത്രാലയവും എഞ്ചിനിയേഴ്സ് കൗണ്‍സിലും ചേര്‍ന്ന് കഴിഞ്ഞ ആഗസ്റ്റിലാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. ഇതാണ് ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. പുതുതായി റിക്രൂട്ട് ചെയ്ത് സൗദിയിലത്തെിയ എഞ്ചിനീയര്‍മാരുടെ അവസ്ഥ ഉറപ്പുവരുത്താനാണ് മൂന്ന് മാസത്തെ സാവകാശം അനുവദിച്ചത്. വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്ന എഞ്ചിനീയര്‍മാര്‍ സൗദിയിലത്തെിയ ശേഷം എഴുത്തുപരീക്ഷയും അഭിമുഖവും പാസാവണം. തൊഴില്‍ രംഗത്തെ പരിചയം ഉറപ്പുവരുത്തുന്നതിനുള്ള അഭിമുഖവും പരീക്ഷയും സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്സാണ് നടത്തുക. കൂടാതെ ഉദ്യോഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകളും തൊഴില്‍ പരിചയ രേഖകളും അതത് രാജ്യത്തെ

സ്ഥാപനവുമായി ബന്ധപ്പെട്ട് കൗണ്‍സില്‍ നേരിട്ട് സാക്ഷ്യപ്പെടുത്തുകയും ചെയ്യും. ഉദ്യോഗാര്‍ഥി സമര്‍പ്പിച്ച ഏതെങ്കിലും രേഖ വ്യാജമാണെന്ന് തെളിഞ്ഞാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നേരത്തെ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയമാണ് നിര്‍ബന്ധമായിരുന്നത്. ഇതാണ് ഇപ്പോള്‍ അഞ്ച് വര്‍ഷമായി ഉയര്‍ത്തിയത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News