എല്‍പിജി സംയുക്തമായി​ കയറ്റുമതി ചെയ്യുന്നതിനുള്ള കരാറിൽ ഒമാനും ഇറാനും ഒപ്പിട്ടു

Update: 2018-04-21 12:42 GMT
Editor : Jaisy
എല്‍പിജി സംയുക്തമായി​ കയറ്റുമതി ചെയ്യുന്നതിനുള്ള കരാറിൽ ഒമാനും ഇറാനും ഒപ്പിട്ടു

അടുത്തിടെ നടന്ന ഒപെക്ക്​ യോഗത്തിന്​ അനുബന്ധമായി ഒമാൻ എണ്ണമന്ത്രി മുഹമ്മദ്​ ബിൻ ഹമദ്​ അൽ റുംഹിയുമായി ഇതുസംബന്ധിച്ച കരാർ ഒപ്പിട്ടതായി ഇറാൻ എണ്ണമന്ത്രി ബിജാൻ സൻഗാനേഹ്​ പറഞ്ഞു

ദ്രവീകൃത പ്രകൃതി വാതകം സംയുക്തമായി അന്താരാഷ്ട്ര വിപണികളിലേക്ക്​ കയറ്റുമതി ചെയ്യുന്നതിനുള്ള കരാറിൽ ഒമാനും ഇറാനും ഒപ്പിട്ടു. അടുത്തിടെ നടന്ന ഒപെക്ക്​ യോഗത്തിന്​ അനുബന്ധമായി ഒമാൻ എണ്ണമന്ത്രി മുഹമ്മദ്​ ബിൻ ഹമദ്​ അൽ റുംഹിയുമായി ഇതുസംബന്ധിച്ച കരാർ ഒപ്പിട്ടതായി ഇറാൻ എണ്ണമന്ത്രി ബിജാൻ സൻഗാനേഹ്​ പറഞ്ഞു.

ഇറാനിയൻ വാർത്താ ഏജൻസിയായ ഫാർസ്​ ആണ്​ ഇക്കാര്യം റിപ്പോർട്ട്​ ചെയ്​തത്​. സമുദ്രാന്തര പൈപ്പ്​ലൈനുകൾ സ്ഥാപിച്ചാകും വാതകം ഇറാനിൽ നിന്ന്​ ഒമാനിൽ എത്തിക്കുക. തെക്കൻ ഇറാനിൽ നിന്ന് കിഴക്കൻ ഒമാനിലെ റാസ്​ അൽ ജിഫാനിലാണ് പൈപ്പ്​ലൈൻ എത്തുക. സംസ്കരിച്ച വാതകം പിന്നീട്​ അന്താരാഷ്ട്ര വിപണിയിലേക്ക്​ കയറ്റിയയക്കുകയും ചെയ്യും. ഒമാനും ഇറാനുമിടയിൽ സമുദ്രത്തിലൂടെയുള്ള പൈപ്പ്​ലൈൻ സ്ഥാപിക്കുന്നതിനായി അന്താരാഷ്​ട്ര കമ്പനികളായ ടോട്ടലും ഷെല്ലും ഉൾപ്പെടെ രംഗത്ത്​ വന്നിരുന്നു. മൊത്തം 400 കിലോമീറ്ററാകും പൈപ്പ്​ലൈൻ. ഇതിൽ 200 കിലോമീറ്റർ കടലിലൂ​ടെയാണ്​. വാതക പൈപ്പ്​ലൈൻ പദ്ധതിയിൽ പിന്നീട്​ ഇന്ത്യയെയും ഉൾപ്പെടുത്തിയിരുന്നു. ഇറാനിൽ പാകിസ്താന്‍ വഴി സ്ഥാപിക്കാൻ ആലോചിച്ചിരുന്നത്​ സുരക്ഷാ കാരണങ്ങളാൽ ഉപേക്ഷിച്ചതോടെയാണ്​ സുഹൃദ്​ രാഷ്ട്രമായ ഒമാൻ വഴി പദ്ധതി തിരിച്ചുവിടുന്നത്​ ആലോചനയിൽ വന്നത്​. ഒമാനിൽ നിന്ന് ഗുജറാത്ത് വരെ 1,400 കിലോമീറ്റർ പൈപ്പ് ലൈനാണ് സ്ഥാപിക്കുക. 3450 മീറ്റർ ആഴത്തിലാണു പൈപ്പുകൾ സ്ഥാപിക്കുന്നത്. പൈപ്പുകൾ സ്ഥാപിക്കാൻ മാത്രം രണ്ടു വർഷം വേണ്ടിവരുമെന്നാണു കണക്കുകൂട്ടുന്നത്. പദ്ധതി സംബന്ധിച്ച കാര്യങ്ങൾ വേഗത്തിലാക്കാൻ കഴിഞ്ഞ യു.എൻ ജനറൽ അസംബ്ലിക്കിടെ കൂടിക്കാഴ്ച നടത്തിയ ഇന്ത്യ-ഒമാൻ-ഇറാൻ വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച തീരുമാനിച്ചിരുന്നു.ഒമാൻ വഴിയാകുന്നതോടെ പാകിസ്താനെ പൈപ്പ് ലൈനിന്റെ പാതയിൽ നിന്ന് ഒഴിവാക്കാൻ കഴിയും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News